കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യക്കേസില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പൊലീസ് കസ്റ്റഡിയില്‍.
കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യക്കേസില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പൊലീസ് കസ്റ്റഡിയില്‍.
കാര്‍ യാത്രയ്ക്കിടെ കണ്ണപുരത്ത് നിന്നാണ് ദിവ്യയെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നതെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ ദിവ്യയെ പൊലീസ് ചോദ്യം ചെയ്ത് കൊണ്ടിരിക്കുകയാണ്. എന്നാല്‍ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
ഇന്ന് രാവിലെ കണ്ണൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ച ശക്തമായ വാദങ്ങളാണ് ദിവ്യയുടെ ജാമ്യാപേക്ഷ തള്ളാന്‍ കാരണമായതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
തലശ്ശേരി സെഷന്‍സ് കോടതി ജഡ്ജി കെ.ടി നിസാര്‍ അഹമ്മദാണ് ജാമ്യാപേക്ഷയില്‍ വിധി പ്രഖ്യാപിച്ചത്. ജാമ്യം തള്ളി എന്നായിരുന്നു കോടതി പ്രസ്താവിച്ചത്. പ്രഥമദൃഷ്ട്യാ ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.
നവീന്‍ ബാബുവിന്റെ കുടുംബത്തിന് വേണ്ടി അഭിഭാഷകന്‍ ജോണ്‍.എസ്. റാഫേലും ദിവ്യയ്ക്ക് വേണ്ടി കെ.വിശ്വനും പ്രോസിക്യൂഷന് വേണ്ടി കെ. അജിത് കുമാറുമാണ് കോടതിയില്‍ ഹാജരായത്.
എ.ഡി.എമ്മിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണകുറ്റം ചുമത്താന്‍ തക്ക പ്രവര്‍ത്തിയില്‍ താന്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും ഏത് ഉപാധികളും സ്വീകരിക്കാന്‍ തയ്യാറാണെന്നും, മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നുമായിരുന്നു ദിവ്യയുടെ പ്രധാനവാദം.
എന്നാല്‍ ഈ വാദങ്ങള്‍ കോടതി തള്ളുകയായിരുന്നു. നവീന്‍ ബാബുവിനെ അപമാനിക്കാന്‍ ദിവ്യ ശ്രമിച്ചതായി കോടതിയുടെ ഉത്തരവില്‍ പറയുന്നു. കൂടാതെ ജാമ്യത്തിനുള്ള വാദം തെളിയിക്കാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞില്ല എന്നതും ജാമ്യപേക്ഷ നിരസിക്കാന്‍ കാരണമായിട്ടുണ്ട്. ദിവ്യയോട് അടിയന്തിരമായി കീഴടങ്ങണമെന്ന് സി.പി.ഐ.എം ആവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
Content Highlight: ADM’s suicide; P.P. Divya arrested