ചങ്ങനാശ്ശേരി: അന്തേവാസികളായ മൂന്ന് രോഗികളുടെ തുടര്‍ച്ചയായ മരണത്തോടെ വിവാദത്തിലായ തൃക്കൊടിത്താനം പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിച്ചത് അനുമതികളൊന്നുമില്ലാതെയെന്നാണ് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ അന്വേഷണ റിപ്പോര്‍ട്ട്. മെന്റല്‍ ഹെല്‍ത്ത് കെയര്‍ അതോറിറ്റിയുടെ അനുമതിയില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചത്.
2016ല്‍ നല്‍കിയ അനുമതി കഴിഞ്ഞ വര്‍ഷം റദ്ദാക്കിയിരുന്നു. എന്നാല്‍ പഴയ അനുമതിയുടെ പകര്‍പ്പ് പ്രദര്‍ശിപ്പിച്ചാണ് ഇത്രയും നാള്‍ സ്ഥാപനം ഉടമകള്‍ നടത്തിക്കൊണ്ടു പോയിരുന്നത്. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് നടത്തിയ അന്വേഷണത്തിലാണ് കേന്ദ്രത്തിനെതിരെ ഗുരുതര പരാമര്‍ശങ്ങളുള്ളത്.
അന്വേഷണ റിപ്പോര്‍ട്ട് എ.ഡി.എം കളക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. അനുമതിയില്ലാത്തതിനെ പുറമെ സ്ഥാപനത്തിലെ മറ്റു സൗകര്യങ്ങളിലെ പ്രശ്‌നങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്ഥാപനത്തില്‍ ഇതുവരെ മരിച്ച 33 രോഗികളുടെ കാര്യത്തിലും അന്വേഷണം നടത്തണമെന്നും മരണകാരണം കണ്ടെത്തണമെന്നും എ.ഡി.എം നിര്‍ദ്ദേശിച്ചു. ഡ്രഗ്‌സ് കണ്‍ട്രോളര്‍ പരിശോധന നടത്തണമെന്നും റിപ്പോര്‍ട്ട് പറയുന്നു.
സ്ഥാപനത്തിനെതിരെ പഞ്ചായത്തും നടപടികളുമായി രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്രത്തിന്റെ ഡയറക്ടര്‍ വി.സി ജോസഫ് തിങ്കളാഴ്ച തെളിവെടുപ്പിന് ഹാജരാകണമെന്ന് പായിപ്പാട് പഞ്ചായത്ത് നോട്ടീസ് നല്‍കി.
സ്ഥാപനത്തില്‍ ഒരാഴ്ചക്കിടെ മൂന്ന് മരണമുണ്ടായതില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാരും ജനപ്രതിനിധികളും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് സംഭവം വാര്‍ത്തയായതോടെ അന്വേഷണ നടപടികളുമായി അധികൃതര്‍ രംഗത്തുവരികയായിരുന്നു.