അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം. 299 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
സെഞ്ച്വറി നേടിയ കോഹ്‌ലിയുടെയും അര്‍ധസെഞ്ച്വറി നേടിയ ധോണിയുടേയും പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുക്കുകയായിരുന്നു.
തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഷോണ്‍ മാര്‍ഷിന്റെ സെഞ്ചുറി പ്രകടനമാണ് കങ്കാരുക്കളെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്. ആറാം വിക്കറ്റില്‍ ഒരുമിച്ച മാര്‍ഷ്-മാക്സ്വെല്‍ കൂട്ടുകെട്ടാണ് നിര്‍ണായകമായത്. 109 പന്തില്‍ 10 ബൗണ്ടറികളുടെ പിന്തുണയോടെ ഏഴാം സെഞ്ചുറി തികച്ച മാര്‍ഷ് 123 പന്തില്‍ 11 ഫോറും 3 സിക്സറുമടിച്ച് 131 റണ്‍സെടുത്ത് പുറത്തായി. തകര്‍ത്താടിയ മാക്സ്വെല്‍ 37 പന്തില്‍ നിന്ന് 48 റണ്‍സെടുത്തു.
ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍ നാല് വിക്കറ്റും മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കി. രോഹിത് ശര്‍മ്മ 43 ഉം ശിഖര്‍ ധവാന്‍ 32 ഉം റണ്‍സെടുത്തു പുറത്തായി. നിലയുറപ്പിക്കാന്‍ ശ്രമിച്ച 24 റണ്‍സെടുത്ത റായിഡുവിനെ മാക്‌സ്‌വെല്‍ പുറത്താക്കി. ധോണിയും കോഹ്‌ലിയും ചേര്‍ന്ന കൂട്ടുകെട്ട് മധ്യനിരയില്‍ കരുത്തായി.
ദിനേഷ് കാര്‍ത്തിക് 25 റണ്‍സുമായി ധോണിക്കൊപ്പം പുറത്താകാതെ നിന്നു. അവസാന ഓവറിലെ ആദ്യ പന്ത് സിക്‌സ് അടിച്ചാണ് ധോണി അര്‍ധസെഞ്ച്വറി നേടിയത്.