| Wednesday, 8th June 2022, 9:07 am

എനിക്ക് നിന്റെ ചിരി ഇഷ്ടമാണ്, പക്ഷേ അത് സന്ദീപിന്റേത് പോലെയല്ല എന്നാണ് ആന്റി പറഞ്ഞത്: അദിവി ശേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രാജ്യസ്‌നേഹവും ധീരതയും പറയുന്ന അദിവി ശേഷ് നായകനായ ചിത്രം മേജര്‍ ജൂണ്‍ മൂന്നിനാണ് തിയേറ്ററുകളില്‍ എത്തിയത്. വലിയ പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ആദ്യ ദിനം മുതല്‍ ലഭിച്ചത്. കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സിനിമയെ കയ്യടിയോടെയാണ് സ്വീകരിച്ചത്.

മുംബൈ ഭീകരാക്രമണത്തിനിടയില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം ആസ്പദമാക്കിയ മേജര്‍ എന്ന ചിത്രം ശശി കിരണ്‍ ടിക്കയാണ് സംവിധാനം ചെയ്തത്.

സ്‌ക്രീനില്‍ സന്ദീപ് ഉണ്ണികൃഷ്ണനായപ്പോഴുണ്ടായ മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് അദിവി ശേഷ്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലായിരുന്നു സന്ദീപിനെ പറ്റി അദിവി ശേഷ് സംസാരിച്ചത്.

‘മേജര്‍ സിനിമ പൂര്‍ത്തിയാക്കിയപ്പോള്‍ മേജര്‍ സന്ദീപിന്റെ സ്പിരിറ്റ് ഉള്‍ക്കൊള്ളാനായോ എന്നാണ് ഞാന്‍ ചിന്തിച്ചത്. മുമ്പോട്ട് വരരുത്, അവരെ ഞാന്‍ കൈകാര്യം ചെയ്‌തോളാം, അതായിരുന്നു സന്ദീപ് അവസാനമായി പറഞ്ഞത്. അദ്ദേഹം എങ്ങനെയാണ് ജീവിതത്തെ നോക്കികണ്ടത് എന്ന് കാണിച്ചു തരുന്ന വാക്കുകളായിരുന്നു അത്. തന്നെക്കാളും മറ്റുള്ളവരുടെ ജീവിതത്തിന് അദ്ദേഹം പ്രാധാന്യം കൊടുത്തു. ഇത്രയും പ്രിവിലേജ്ടായി ഇരിക്കുമ്പോഴും മനുഷ്യരോടും മൃഗങ്ങളോടും അദ്ദേഹം ദയ കാണിച്ചു.

എനിക്കുള്ള ആദ്യത്തെ വെല്ലുവിളി ഫിസിക്കലി സന്ദീപിനെ പോലെ ആവുക എന്നതായിരുന്നു. ഞാന്‍ ഇടംകയ്യനാണ്. അദ്ദേഹം വലംകൈ കൊണ്ടാണ് ഷൂട്ട് ചെയ്യുക. സന്ദീപിനെ പോലെയാവാന്‍ അദ്ദേഹത്തിന്റെ മാനറിസങ്ങള്‍ പഠിക്കണമായിരുന്നു.

സന്ദീപിന്റെ മാതാപിതാക്കളെ കണ്ടിരുന്നു. എനിക്ക് നിന്റെ ചിരി ഇഷ്ടമാണ്, പക്ഷേ അത് സന്ദീപിന്റേത് പോലെയല്ല എന്നാണ് ആന്റി പറഞ്ഞത്. നീ സ്വയം നിയന്ത്രിച്ചാണ് ചിരിക്കുന്നത്, സന്ദീപിന്റെ ചിരിയും ഭാവങ്ങളും വികാരങ്ങളുമെല്ലാം വളരെ തെളിഞ്ഞതായിരുന്നുവെന്ന് അവര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ഫോട്ടോയിലും അങ്ങനെയാണ് കാണുന്നത്.

അതിന് ശേഷം ഇമോഷണലി അദ്ദേഹത്തെ പോലെ ചിന്തിക്കാന്‍ ശ്രമിച്ചു. സന്ദീപ് എടുത്ത തീരുമാനങ്ങളെ പറ്റി ചിന്തിക്കാന്‍ തുടങ്ങി. ട്രെയ്‌നിങ്ങ് ഓഫീസേഴ്‌സ് ഒരു മിഷനുകള്‍ക്കും പോവില്ലെന്ന ഒരു അലിഖിത നിയമം ആര്‍മിയിലുണ്ട്. എന്നാല്‍ അദ്ദേഹം പോയി. അദ്ദേഹം മുന്നില്‍ നിന്ന് നയിച്ചു. സന്ദീപായി അഭിനയിച്ചതിന് ശേഷം ഞാന്‍ കൂടുതല്‍ അനുകമ്പയുള്ളവനായി, കൂടുതല്‍ ദയാലുവായി, സ്വാര്‍ത്ഥത കുറച്ചു. അദ്ദേഹം അഗ്രസീവുമാണ് സോഫ്റ്റുമാണ്. ധൈര്യശാലിയുമാണ് ദയാലുവുമാണ്.

സിനിമയില്‍ കണ്ടതിനുമപ്പുറമായിരുന്നു എന്റെ യാത്ര. അങ്കിളും ആന്റിയുമായി നല്ല ഒരു ബന്ധമുണ്ടാക്കാനായി. യഥാര്‍ത്ഥ ജീവിതത്തില്‍ സന്ദീപാകാന്‍ പറ്റുമോയെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്നാല്‍ അങ്കിളിനും ആന്റിക്കും നല്ലൊരു മകനാവാന്‍ സാധിക്കുമായിരുന്നു. ഞാന്‍ എങ്ങനെ സന്ദീപായി മാറി എന്നതിനെ പറ്റിയല്ല, സന്ദീപ് എന്നെ എങ്ങനെ മാറ്റി എന്നതിനെ പറ്റിയാണ് ഈ വീഡിയോ,’ അദിവി ശേഷ് പറഞ്ഞു.

Content Highlight: Adivi Shesh talks about the changes that took place when he  became Sandeep Unnikrishnan on screen

We use cookies to give you the best possible experience. Learn more