ഷെയ്‌നിന്റെ ആ റോൾ കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നു, മലയാള സിനിമകൾ റിയലിസ്റ്റിക് ആണ്; അദിവി ശേഷ്
Entertainment news
ഷെയ്‌നിന്റെ ആ റോൾ കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നു, മലയാള സിനിമകൾ റിയലിസ്റ്റിക് ആണ്; അദിവി ശേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 3rd June 2022, 11:15 am

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ തെലുങ്ക് സിനിമ നടനാണ് അദിവി ശേഷ്. അദ്ദേഹത്തിന്റെ സിനിമകൾക്ക് മലയാളികൾക്കിടയിലും ആരാധകർ ഏറെയാണ്. മലയാള സിനിമകളെയും നടന്മാരെയും കുറിച്ച് സംസാരിച്ചിരിക്കുകയാണ് അദിവി ശേഷ് ഇപ്പോൾ. ലൂസിഫറിലെ മാസ്സ് സീനിനെ കുറിച്ചും താൻ മമ്മൂട്ടിയുടേയും പൃഥ്വിരാജിന്റെയും ഫാനാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

മേജർ എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഡൂൾന്യൂസിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ പറയുന്നത്.

‘കുമ്പളങ്ങി നൈറ്റ്‌സിലെ ഷെയ്ന്‍ നിഗം ചെയ്ത റോൾ എനിക്ക് ആരെങ്കിലും ഓഫർ ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. പക്ഷെ എനിക്ക് അങ്ങനെയുള്ള റോളുകൾ വരാറില്ല. അതിനു കാരണം എനിക്ക് ആക്ഷൻ ഇമേജ് ഉള്ളത് കൊണ്ടാണ്. അതേപോലെ ഒരു റോളാണ് ആ സിനിമയിൽ ഫഹദ് ചെയ്തതും. ഡാർക്ക് ഷേഡിലുള്ള ആ റോളും എനിക്ക് ഇഷ്ടമായായിരുന്നു. നല്ല ഭംഗിയുള്ള റോളാണത്. ഈ അടുത്ത് ഇറങ്ങിയ ഭീഷ്മപർവവും, അതിലെ മമ്മൂട്ടി സാറിന്റെ ഹിന്ദിയും എനിക്ക് ഇഷ്ടമായി. അതിനൊക്കെ അതിന്റെതായ ഒരു സ്റ്റൈൽ ഉണ്ട്. ജന ഗണ മനയും ഞാൻ അത്തരത്തിൽ ശ്രദ്ധിച്ച ഒരു സിനിമയാണ്. ഞാൻ ഒരു പൃഥ്വിരാജ് ഫാനാണ്. അദ്ദേഹം എന്റെ മേജർ എന്ന സിനിമയുടെ ടീസറും ട്രെയ്‌ലറുമൊക്കെ റിലീസ് ചെയ്തിരുന്നു.

ഞാൻ മലയാള സിനിമകൾ കണ്ടു തുടങ്ങാനുള്ള കാരണം മമ്മൂട്ടി സാറാണ്. തമിഴ് സിനിമയായ ദളപതിയിൽ അദ്ദേഹത്തിന്റെ അഭിനയം എനിക്ക് ഏറെ ഇഷ്ടമായിരുന്നു. അതിനു ശേഷമാണ് അദ്ദേഹത്തിന്റെ വ്യത്യസ്തമായ സിനിമകൾ ഞാൻ കാണാൻ തുടങ്ങിയത്. കുട്ടിയായിരുന്ന സമയത്ത് പേരൊന്നും അറിയില്ലെങ്കിലും അദ്ദേഹത്തിന്റെ സിനിമകൾ ഞാൻ വെറുതെ കണ്ടിരിക്കും. ഇപ്പോൾ ദുൽഖർ എന്റെ അടുത്ത സുഹൃത്താണ്.

മലയാളം സിനിമ ഇൻഡസ്ട്രിയിലെ ക്രാഫ്റ്റിങ്ങിൽ അല്പം കൂടെ സത്യസന്ധതയുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഇവിടുത്തെ സിനിമകൾ റിയലിസ്റ്റിക് ആണ്. ലൂസിഫർ പോലെ ഒരു മാസ്സ് സിനിമയിൽ വരെ അത് കാണാൻ സാധിക്കും. മോഹൻലാൽ സാർ ഇൻട്രൊഡക്ഷൻ സീനിൽ കാറിൽ നിന്നിറങ്ങി നടക്കുന്നതൊക്കെ മാസ്സ് സീനാണ്. എങ്കിൽ പോലും അത് റിയലിസ്റ്റിക് ആയാണ് അവതരിപ്പിച്ചത്. ശരിക്കും സംഭവിക്കാൻ സാധ്യതയുള്ള ഒരു സീനായാണ് അത് അനുഭവപ്പെടുന്നത്. ആ സീൻ കാണുമ്പോൾ മനസ്സിലാകും മലയാള സിനിമയിലെ സത്യസന്ധത,’ അദിവി ശേഷ് പറഞ്ഞു.

മുബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന മേജര്‍ സന്ദീപാണ് അദിവി ശേഷിന്റെ ഏറ്റവും പുതിയ ചിത്രം. ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമായി റിലീസായ മേജര്‍, ശശി കിരണ്‍ ടിക്കയാണ് സംവിധാനം ചെയ്തത്. ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Adivi Shesh talking about Shane Nigam and malayala cinema