| Tuesday, 10th January 2023, 8:39 pm

തെലുങ്ക് സിനിമാ കുടുംബങ്ങളില്‍ തന്നെ പത്ത് ഹീറോസുണ്ട്, ഓഡിഷന്‍ നടക്കുന്നത് നായകന്റെ നാലാമത്തെ കൂട്ടുകാരന് വേണ്ടി: അദിവി ശേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെലുങ്ക് സിനിമയിലെ താരകുടുംബാധിപത്യത്തിനെതിരെ വിമര്‍ശനവുമായി നടനും സംവിധായകനുമായ അദിവി ശേഷ്. തെലുങ്ക് സിനിമയില്‍ നായക കഥാപാത്രത്തിനായി ഓഡിഷന്‍ നടക്കാറില്ലെന്നും ഇന്‍ഡസ്ട്രിയിലെ ഓരോ കുടുംബത്തിനും പത്ത് ഹീറോസുണ്ടെന്നും അദിവി ശേഷ് പറഞ്ഞു. നായകന്റെ നാലാമത്തെ കൂട്ടുകാരന് വേണ്ടിയായിരിക്കും അവിടെ ഓഡിഷന്‍ നടക്കുകയെന്നും ബോളിവുഡ് ഹങ്കാമക്ക് നല്‍കിയ അഭിമുഖത്തില്‍ അദിവി ശേഷ് പറഞ്ഞു.

‘ഒടുവില്‍ പുറത്തുവന്ന എന്റെ ആറ് സിനിമകളില്‍ നാലെണ്ണത്തിന്റെയും രചനയില്‍ ഞാന്‍ പങ്കാളിയാണ്. പുറത്തുനിന്ന് വരുന്ന ഒരാള്‍ക്ക് സിനിമയില്‍ അവസരങ്ങളുണ്ടാവില്ല. നിങ്ങളെ പരിഗണിക്കില്ല. അത് എന്നെ വളരെയധികം നിരാശപ്പെടുത്തിയിരുന്നു. അവിടെ ഒരുപാട് സിനിമാ കുടുംബങ്ങളുണ്ട്. ഓരോ കുടുംബത്തിലും പത്ത് ഹീറോസെങ്കിലുമുണ്ട്. ഒരു നല്ല സ്‌ക്രിപ്റ്റ് നമ്മുടെ കയ്യിലേക്ക് വരികയാണെങ്കില്‍ പോലും അന്‍പതാമത്തെ ചോയിസ് വല്ലതുമായിരിക്കും. അവിടെ നല്ല 20 തിരക്കഥകളെ കാണുകയുള്ളൂ. അതുകൊണ്ട് എഴുതിതുടങ്ങുന്നത് വളരെ എളുപ്പമായിരുന്നു.

ലീഡ് റോളുകളും പലപ്പോഴും നേരത്തെ തന്നെ ബുക്ക് ചെയ്യുപ്പെട്ടിരിക്കും. നായകന്റെ നാലാമത്തെ കൂട്ടുകാരന് വേണ്ടിയോ അതുപോലെ ഏതെങ്കിലും റോളുകള്‍ക്ക് വേണ്ടിയോ ആയിരിക്കും ഓഡിഷനിങ് നടക്കുക. എനിക്ക് ഈ പ്രോസസിന് മേല്‍ നിയന്ത്രണം വേണമായിരുന്നു. തന്നെയുമല്ല സ്വയം എഴുതുമ്പോള്‍ സിനിമ വിജയിച്ചതിന്റെയും പരാജയപ്പെട്ടതിന്റെയും കാരണം എനിക്ക് അറിയാന്‍ പറ്റും,’ അദിവി ശേഷ് പറഞ്ഞു.

ഹിറ്റ് 2 ആണ് ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത അദിവി ശേഷിന്റെ ചിത്രം. സൈലാഷ് കൊലാനു തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം വലിയ ഹിറ്റായിരുന്നു. ഡിസംബര്‍ രണ്ടിനാണ് ചിത്രം റിലീസ് ചെയ്തത്. മീനാക്ഷി ചൗധരി, ഭാനു ചന്ദര്‍, റാവോ രമേഷ്, പോസാനി കൃഷ്ണ മുരളി, തനികേല ഭരണി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

വീരമൃത്യു വരിച്ച മലയാളി സൈനികന്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാക്കിയ മേജറിലൂടെയാണ് അദിവി ശേഷ് കേരളത്തില്‍ ശ്രദ്ധ നേടുന്നത്. മെയില്‍ റിലീസിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. തെലുങ്കിന് പുറമേ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു.

Content Highlight: adivi sesh talks about nepotism in telungu film industry

We use cookies to give you the best possible experience. Learn more