| Tuesday, 7th November 2023, 2:11 pm

ഷോക്കേസ് ചെയ്യാനുള്ളവരല്ല ആദിവാസികള്‍; മാപ്പ് പറയേണ്ടത് ഫോക്‌ലോര്‍ അക്കാദമിയെന്നും കെ. രാധാകൃഷ്ണന്‍; പിഴവ് തിരുത്തുമെന്ന് അക്കാദമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: കേരളീയം പരിപാടിയിലെ ലിവിങ് മ്യൂസിയം വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി കെ. രാധാകൃഷ്ണന്‍. ഷോക്കേസ് ചെയ്യാനുള്ളവരല്ല ആദിവാസികള്‍ എന്നും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ ഫോക്‌ലോര്‍ അക്കാദമി പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.

വിഷയത്തില്‍ തനിക്ക് അറിവില്ലെന്നും സാംസ്‌കാരിക വകുപ്പും അതിന് കീഴിലുള്ള ഫോക് ലോര്‍ അക്കാദമിയും ചേര്‍ന്നാണ് പരിപാടി നടത്തിയതെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ ശക്തമായ വിയോജിപ്പും വിഷമവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തെറ്റ് ചൂണ്ടിക്കാട്ടിയാല്‍ തിരുത്താന്‍ തയ്യാറാണെന്ന് കേരള ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ ഉണ്ണിക്കൃഷണന്‍ ഒ.എസ് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളീയത്തില്‍ ഒരുക്കിയിരിക്കുന്ന സാംസ്‌കാരിക പരിപാടിയില്‍ ഇടുക്കിയിലെ ആദിവാസി യുവതീയുവാക്കളെ ആറ് ദിവസമായി പ്രദര്‍ശിപ്പിക്കുന്നതിനെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നിരുന്നു.

ആദിവാസികളെ പറ്റിയും അവരുടെ ജീവിതത്തെപ്പറ്റിയും പുതിയ കാലഘട്ടത്തിന് അറിവ് പകരുകയാണെന്ന് ചൂണ്ടിക്കാട്ടി സാംസ്‌കാരിക വകുപ്പും സര്‍ക്കാരും ചേര്‍ന്ന് കനകക്കുന്നില്‍ പ്രദര്‍ശിപ്പിക്കുകയാണെന്ന് കാട്ടിയായിരുന്നു വിമര്‍ശനം.

Content Highlights: Adivasis are not to show off; Folklore Academy should apologize, saya K Radhakrishnan

We use cookies to give you the best possible experience. Learn more