കാസര്‍ഗോഡ്: “ആശിക്കും ഭൂമി ആദിവാസിക്ക് സ്വന്തം” പദ്ധതി നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ച് ദളിത് മഹാസഭ, ദളിത് സര്‍വീസ് സൊസൈറ്റി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ദളിത് സംഘടനകള്‍ സമരത്തിലേക്ക്. ഈ പദ്ധതിക്ക് പകരമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ പദ്ധതിയായ “ലാന്‍ഡ് ബാങ്കില്‍” നിലവില്‍ അപേക്ഷിച്ചവര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന ആവശ്യമുയര്‍ത്തിയാണ് സമരം.
മൂന്നരവര്‍ഷം മുന്‍പ് “ആശിക്കും ഭൂമി ആദിവാസിക്ക് സ്വന്തം” പദ്ധതിക്കപേക്ഷിച്ച 360 കുടുംബങ്ങള്‍ ഭൂമി ലഭിക്കുമെന്ന പ്രതീക്ഷയില്‍ കാത്തുനില്‍ക്കുകയായിരുന്നു. എന്നാല്‍, ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പദ്ധതി റദ്ദ് ചെയ്തിരിക്കുന്നതായി കാണിച്ച് നോട്ടീസ് ലഭിച്ചതോടെയാണ് പദ്ധതി നിര്‍ത്തലാക്കിയ വിവരം ഗുണഭോക്താക്കള്‍ അറിഞ്ഞത്. നോട്ടീസില്‍ അപേക്ഷ പിന്‍വലിക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
യു.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങിവച്ച “ആശിക്കും ഭൂമി ആദിവാസിക്ക് സ്വന്തം” പദ്ധതി എല്‍.ഡി.എഫ് സര്‍ക്കാര്‍ നിര്‍ത്തലാക്കി, പകരം “ലാന്‍ഡ് ബാങ്ക്” പദ്ധതി ആരംഭിക്കുകയായിരുന്നു. പുതിയ പദ്ധതി പ്രകാരം, ജില്ലാ കളക്ടര്‍ ടെന്‍ഡര്‍ വിളിച്ചാണ് ഭൂമി വാങ്ങിക്കുന്നത്. ശേഷം, അപേക്ഷ സമര്‍പ്പിച്ച ആദിവാസികള്‍ക്ക് ഈ ഭൂമി പതിച്ചു നല്‍കുന്നു.
എന്നാല്‍, മൂന്നരവര്‍ഷം മുന്‍പ് “ആശിക്കും ഭൂമി ആദിവാസിക്ക് സ്വന്തം” പദ്ധതിക്കപേക്ഷിച്ച് കാത്തിരുന്ന ആദിവാസി കുടുംബങ്ങള്‍ക്കോ ഭൂവുടമകള്‍ക്കോ പഴയ പദ്ധതി റദ്ദ് ചെയ്തതായോ പുതിയ പദ്ധതിയെ കുറിച്ചോ അധികൃതര്‍ വിവരങ്ങള്‍ നല്‍കിയിരുന്നില്ല.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പുതിയ ടെന്‍ഡര്‍-അവസരം ഉപയോഗപ്പെടുത്തിയിരിക്കുകയാണെന്ന് ദളിത് സെര്‍വീസ് സൊസൈറ്റി ജില്ലാ ചെയര്‍മാന്‍ ഒ.കെ.പ്രഭാകരന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. “അവര്‍ അവര്‍ക്കിഷ്ടപ്പെട്ട ആളുകളെ ടെന്‍ഡറില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെയാണ് ആദിവാസികളും ഭൂമി നല്‍കാന്‍ തയ്യാറായി നിന്നവരും ചതിക്കപ്പെട്ടത്”, അദ്ദേഹം പറഞ്ഞു.
“ലാന്‍ഡ് ബാങ്ക്” പദ്ധതി പ്രകാരം ഭൂമി തെരഞ്ഞെടുക്കാന്‍ ആദിവാസികള്‍ക്ക് സാധിക്കുകയില്ല. “പരിചിതമല്ലാത്ത ആവാസ വ്യവസ്ഥയിലേക്ക് മാറേണ്ടി വരുന്നത് ആദിവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ആദിവാസിക്ക് ആശിക്കുന്ന ഭൂമി ലഭിക്കുകയില്ല എന്നത് തന്നെയാണ് പുതിയ പദ്ധതിയുടെ പ്രധാന പ്രശ്‌നം”, ദളിത് മഹാസഭ പ്രസിഡന്റ് പി.കെ. രാമന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
“ആശിക്കും ഭൂമി ആദിവാസിക്ക് സ്വന്തം” പദ്ധതിക്കായി ഭൂമി നല്‍കാന്‍ തയ്യാറായവരുടെ ഭൂമിയുടെ രേഖ, ആധാരം, അടിയാധാരം, കുടികിടപ്പ് രേഖ മുതലായവ കഴിഞ്ഞ മൂന്നര വര്‍ഷത്തോളം പട്ടികവര്‍ഗ വികസന ഓഫീസിലായിരുന്നു. “ഭൂമി നല്‍കുന്നുണ്ടോ എന്ന് ചോദിച്ച് പട്ടികവര്‍ഗ വികസന ഓഫീസാണ് ഞങ്ങളെ ബന്ധപ്പെട്ടത്. പലതവണ മീറ്റിങ്ങുകളും സൈറ്റ് ഇന്‍സ്‌പെക്ഷനും നടക്കുകയുണ്ടായി. പദ്ധതിക്കായി ഭൂമി നല്‍കാന്‍ തീരുമാനമായതോടെ ഭൂമി വാങ്ങാന്‍ തയ്യാറായിരുന്ന പലരേയും മടക്കിയയച്ചു. മാത്രമല്ല, പട്ടികവര്‍ഗ വികസന ഓഫീസറുമായുള്ള ചര്‍ച്ചയില്‍ വില ധാരണയായതോടെ രേഖകള്‍ കൈമാറുകയും ആദിവാസിക്കുടുംബത്തിന് കൃഷിക്കായുള്ള ഒരുക്കങ്ങള്‍ക്കായി ഭൂമി വിട്ട്‌നല്‍കുകയും ചെയ്തു”, ഭൂവുടമകളിലൊരാളായ വിപിന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
“ഭൂമി ലഭിക്കാനിരുന്ന കുടുംബം സ്ഥലത്തെ കാട്‌വെട്ടി വൃത്തിയാക്കി കൃഷിക്കും മറ്റുമുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചിരുന്നു, അവര്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്”, വിപിന്‍ കൂട്ടിച്ചേര്‍ത്തു. “ഭൂമിയുടെ വില നിര്‍ണയം കഴിഞ്ഞതോടെ അപേക്ഷിച്ചവരില്‍ ചിലര്‍ ഭൂമി ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഒന്നര വര്‍ഷത്തോളം ഭൂമിയില്‍ കൃഷിചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നു”, ഒ.കെ. പ്രഭാകരന്‍ പറഞ്ഞു.
ഭൂമി നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 5ന് പി.കെ. രാമന്റെ നേതൃത്വത്തില്‍ ആദിവാസികള്‍ കളക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു. പദ്ധതി നിറുത്തലാക്കിയ വിവരം അറിഞ്ഞതോടെ സംഭവം കളക്ടറുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു എന്ന് പി.കെ. രാമന്‍ പറഞ്ഞു. നടപടികളൊന്നുമില്ലാതെ വന്നപ്പോഴാണ് സമരം നടത്താന്‍ തീരുമാനിച്ചത്.
സമരത്തിന്റെ ആദ്യ ഘട്ടമെന്നോണം ദളിത് സംഘടനകള്‍ മെയ് 21ാം തീയതി പട്ടികവര്‍ഗ വികസന ഓഫീസ് ഉപരോധിച്ചു. അറുപതോളം കുടുംബങ്ങളാണ് ഉപരോധത്തില്‍ പങ്കെടുത്തത്. എന്നാല്‍ പട്ടികവര്‍ഗ വികസന ഓഫീസര്‍ അന്ന് ലീവെടുത്തതിനാല്‍ ഒഴിഞ്ഞ കസേരയ്ക്കു മുന്‍പിലാണ് ഇവര്‍ ഉപരോധം സംഘടിപ്പിച്ചത്. അന്നുതന്നെ കളക്ടറും ലീവെടുത്തു.
വൈകീട്ട് നാലുവരെ തുടര്‍ന്ന സമരത്തില്‍ പങ്കെടുത്തവരെ പോലീസെത്തി അറസ്റ്റ് ചെയ്തു നീക്കിയാണ് സമരം അവസാനിപ്പിച്ചത്. തുടര്‍ന്ന് എ.ഡി.എമ്മുമായി നടന്ന ചര്‍ച്ചയില്‍ ഒരാഴ്ച്ചക്കകം കളക്ടറുമായി ചര്‍ച്ച നടത്താന്‍ അവസരമൊരുക്കാമെന്ന ധാരണയിലാണ് സമരക്കാര്‍ പിരിഞ്ഞത്.
“വിഷയവുമായി ബന്ധപ്പെട്ട് എല്ലാ രാഷ്ട്രീയക്കാരേയും കണ്ട് സംസാരിച്ചതാണ്. എന്നാല്‍ ആരും ഇടപെടാന്‍ തയ്യാറായില്ല”, ഒ.കെ. പ്രഭാകരന്‍ പറഞ്ഞു. ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ കൂടുതല്‍ കടുത്ത സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും സമര നേതാക്കള്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
“ലാന്‍ഡ് ബാങ്ക്” പദ്ധതിയാണ് നടപ്പിലാക്കുന്നതെങ്കിലും ആദ്യം അപേക്ഷ സമര്‍പ്പിച്ച 360 കുടുംബങ്ങളെ ആദ്യം പരിഗണിക്കണമെന്നാണ് സമരക്കാര്‍ മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യം. “ആശിക്കും ഭൂമി ആദിവാസിക്ക് സ്വന്തം” പദ്ധതിക്കായി ഭൂമി വിട്ടു നല്‍കാന്‍ തയ്യാറായ ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു.
2013 സപ്തംബര്‍ മൂന്നിനാണ് യു.ഡി.എഫ് സര്‍ക്കാര്‍ “ആശിക്കും ഭൂമി ആദിവാസികള്‍ക്ക് സ്വന്തം” പദ്ധതി രൂപീകരിച്ചത്. പത്തു സെന്റിലധികം ഭൂമിയില്ലാത്ത കുടുംബങ്ങളേയാണ് “ആശിക്കും ഭൂമി ആദിവാസികള്‍ക്ക് സ്വന്തം” എന്ന പദ്ധതി ലക്ഷമിട്ടിരുന്നത്. ഈ പദ്ധതി പ്രകാരം ആദിവാസികള്‍ താല്‍പര്യപ്പെടുന്ന ഭൂമിതന്നെയാണ് അവര്‍ക്ക് ലഭിക്കുക. അര്‍ഹരായ ഗുണഭോക്താക്കള്‍ സ്വയം കണ്ടെത്തുന്ന 25 സെന്റ് മുതല്‍ ഒരു ഏക്കര്‍ വരെയുള്ളതും പരമാവധി 10 ലക്ഷം രൂപ വിലവരുന്നതുമായ ഭൂമി വാസത്തിനും കൃഷിക്കും യോജിച്ചതാണോ എന്നു പരിശോധിച്ച് വാങ്ങി നല്‍കുക എന്നതാണ് ഈ പദ്ധതി. പട്ടികവര്‍ഗ വികസന വകുപ്പ് ഓഫീസാണ് ഗുണഭോക്താക്കള്‍ക്കും ഭൂവുടമകള്‍ക്കും ഇടനിലക്കാരായി നില്‍ക്കേണ്ടത്.
സംസ്ഥാനത്ത് 14,200 ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ 2010 ഫെബ്രുവരി 22ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. എണ്ണൂറോളം അപേക്ഷകരാണ് കാസര്‍ഗോഡ് ജില്ലയില്‍ നിന്നും ഉണ്ടായിരുന്നത്. അതില്‍ പലര്‍ക്കും ഭൂമി ലഭിക്കുകയും ചെയ്തു. എന്നാല്‍ ഫണ്ടിന്റെ അഭാവത്താല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ “ആശിക്കും ഭൂമി ആദിവാസികള്‍ക്ക് സ്വന്തം” പദ്ധതി അവതാളത്തിലാവുകയായിരുന്നു. കൂടാതെ, പദ്ധതി പ്രകാരം സര്‍ക്കാര്‍ ഭൂമി വാങ്ങിക്കൊടുത്ത പലരും ഭൂരഹിതരല്ലെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്.