കല്‍പ്പറ്റ: വയനാട്ടില്‍ ആദിവാസി യുവാവിന് നേരെ സ്ഥലമുടമയുടെ ക്രൂര മര്‍ദ്ദനം. കുരുമുളക് പറിക്കാന്‍ നൂറ് രൂപ അധികം ചോദിച്ചതിനായിരുന്നു മര്‍ദ്ദനം. വയനാട് അമ്പവയല്‍ നീര്‍ച്ചാല്‍ ആദിവാസി കോളനിയിലെ ബാബുവിനാണ് മര്‍ദ്ദനമേറ്റത്. സ്ഥിരമായി കുരുമുളക് പറിക്കാന്‍ പോകുന്ന വീട്ടില്‍ നിന്ന് കൂലിയായി നൂറ് രൂപ അധികം ചോദിച്ചതായിരുന്നു ഉടമയെ പ്രകോപിപ്പിച്ചതെന്ന് ബാബു പറയുന്നു. സംഭവത്തില്‍ സ്ഥലമുടമ മഞ്ഞപ്പാറ കരുവളംവീട്ടില്‍ അരുണിനെതിരെ പൊലീസ് കേസെടുത്തു. പട്ടികവര്‍ഗ അതിക്രമ നിരോധന നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. 600 രൂപ കൂലിക്ക് പകരം 700 രൂപ ചോദിച്ചതോടെ അരുണ്‍ മുഖത്ത് ചവിട്ടുകയായിരുന്നുവെന്ന് ബാബു പറഞ്ഞു. ആക്രമണത്തില്‍ തലയോട്ടിക്കും താടിയെല്ലിനും പരിക്കേറ്റ ബാബു കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
തനിച്ച് താമസിക്കുന്നതിനാല്‍ സംഭവം പുറത്ത് പറയാന്‍ ഭയമായിരുന്നെന്നും ബാബു പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ എത്തിയതിന് പിന്നാലെ സംഭവം കേസാക്കരുതെന്നും കള്ള് കുടിച്ച് വീണതാണെന്ന് പറയണമെന്നും ആയിരം രൂപ നല്‍കാമെന്നും ചൂണ്ടിക്കാട്ടി അരുണും പിതാവും ആശുപത്രിയിലെത്തിയിരുന്നു. പരുക്ക് ഡോക്ടറോട് പറഞ്ഞിട്ടുണ്ടെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നുമായിരുന്നു ബാബുവിന്റെ പ്രതികരണം.
ബാബുവിന് പിന്തുണയുമായി നിരവധി എസ്.സി/ എസ്.ടി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.