2017-ല്‍ ബീഫ് കഴിക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് പോസ്റ്റിട്ടു; തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ആദിവാസി പ്രൊഫസര്‍ അറസ്റ്റില്‍
ന്യൂദല്‍ഹി: ബീഫ് കഴിക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ആദിവാസി പ്രൊഫസറെ രണ്ടുവര്‍ഷത്തിനുശേഷം അറസ്റ്റ് ചെയ്തു. 2017-ലാണ് ബീഫ് കഴിക്കാന്‍ ആദിവാസിവിഭാഗത്തിന് അവകാശമുണ്ടെന്ന് ജാര്‍ഖണ്ഡിലെ സാക്ചിയിലുള്ള വിമണ്‍സ് കോളേജ് പ്രൊഫസര്‍ ജീത്രായി ഹന്‍സ്ഡ പോസ്റ്റിട്ടത്. എന്നാല്‍ ഇന്നലെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
തെരഞ്ഞെടുപ്പുകാലമായതിനാലും ജീത്രായി ആദിവാസിവിഭാഗത്തില്‍ നിന്നുള്ള വ്യക്തിയായതിനാലുമാണ് ഇന്നലെവരെ അറസ്റ്റ് നീട്ടിയതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഹഫ്‌പോസ്റ്റ് ഇന്ത്യയോടു പറഞ്ഞു. കഴിഞ്ഞവര്‍ഷത്തേതുപോലെതന്നെ ജാര്‍ഖണ്ഡിലെ 14 ലോക്‌സഭാ സീറ്റുകളില്‍ 12 എണ്ണം ബി.ജെ.പി ഇക്കുറിയും നേടി. സംസ്ഥാനത്തും ബി.ജെ.പി ഭരണമാണ്.
ജീത്രായി ആദിവാസി നേതാവും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമാണ്. പശുക്കളെ ബലി നല്‍കാനും ബീഫ് കഴിക്കാനും പാരമ്പര്യമായി ഇന്ത്യയിലെ ആദിവാസികള്‍ക്ക് അവകാശമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. അതവരുടെ ജനാധിപത്യപരവും സാംസ്‌കാരികവുമായ അവകാശമാണെന്നും അദ്ദേഹം എഴുതിയിരുന്നു. ബീഫ് മാത്രമല്ല, ദേശീയപക്ഷിയായ മയിലിനെ വരെ ആദിവാസികള്‍ കഴിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ആചാരങ്ങള്‍ പിന്തുടരുന്നതിലുള്ള അതൃപ്തിയും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.
മതവികാരം വൃണപ്പെടുത്തി, ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത വളര്‍ത്തി എന്നീ കുറ്റങ്ങളാണ് അദ്ദേഹത്തിന്റെ പേരില്‍ ചുമത്തിയിരിക്കുന്നത്. ജീത്രായിക്കെതിരേ കോല്‍ഹാന്‍ സര്‍വകലാശാലയില്‍ എ.ബി.വി.പി പരാതിയും നല്‍കിയിട്ടുണ്ട്. ഈ പരാതിയിന്മേല്‍ അദ്ദേഹത്തെ പുറത്താക്കാന്‍ സര്‍വകലാശാല തീരുമാനമെടുക്കരുത് എന്നാവശ്യപ്പെട്ട് ആദിവാസി കൂട്ടായ്മയായ മാജി പര്‍ഗണ മഹല്‍ നേതാവ് ദസ്മത് ഹന്‍സ്ഡ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്കു കത്തെഴുതി. വര്‍ഗീയ സംഘടനയാണ് എ.ബി.വി.പിയെന്ന് കത്തില്‍ ആരോപിക്കുന്നുണ്ട്.
‘ജീത്രായി ഫേസ്ബുക്കില്‍ എഴുതിയ കാര്യങ്ങളില്‍ ഒരു തെറ്റുമില്ല. ആദിവാസി വിഭാഗങ്ങളുടെ മത-സാംസ്‌കാരിക പാരമ്പര്യം സംബന്ധിച്ച് അദ്ദേഹമെഴുതിയത് സത്യത്തെ പ്രതിനിധാനം ചെയ്യുന്നു. ഒരു വിഭാഗത്തിന്റെ പാരമ്പര്യങ്ങളെ പ്രതിനിധാനം ചെയ്യുന്നത് ഒരിക്കലും സര്‍വകലാശാലയുടെ അന്തസ്സ് കെടുത്തുകയോ രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള ശത്രുത പ്രോത്സാഹിപ്പിക്കുകയോ ഇല്ല.’- വൈസ് ചാന്‍സലര്‍ക്കെഴുതിയ കത്തില്‍ പറയുന്നു.