കല്‍പ്പറ്റ: വയലില്‍ കളിച്ചുകൊണ്ടിരുന്ന ആദിവാസി വിദ്യാര്‍ഥികളെ ക്രൂരമര്‍ദനത്തിനിരയാക്കിയ കേസിലെ പ്രതി അറസ്റ്റില്‍. കുട്ടികളെ മര്‍ദിച്ച അയല്‍വാസി രാധാകൃഷ്ണനെ മാനന്തവാടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിരോധന നിയമപ്രകാരം പ്രതിക്കെതിരെ കേണിച്ചിറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
സംഭവത്തില്‍ കുട്ടികള്‍ക്കേറ്റത് ക്രൂരമായ മര്‍ദനമാണെന്നും, വയനാട് ശിശു സംരക്ഷണ ഓഫീസറോട് റിപ്പോര്‍ട്ട് തേടുമെന്നും സംസ്ഥാന ബാലാവകാശ കമ്മീഷണര്‍ പറഞ്ഞു.
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വൈകീട്ട് നാലോടെ കോളനിക്ക് സമീപമുള്ള വയലില്‍ കുട്ടികള്‍ കളിക്കുന്നതിനിടെയാണ് സംഭവം. കളിക്കുന്നതിനിടെ വയലിലെ വരമ്പ് ചവിട്ടി നശിപ്പിച്ചെന്നാരോപിച്ച് സ്ഥലമുടമ രാധാകൃഷ്ണന്‍ കുട്ടികളെ വടിയെടുത്ത് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ ചക്കിട്ടപൊയില്‍ പണിയ കോളനിയിലെ 6-7 വയസുള്ള മൂന്ന് വിദ്യാഥികള്‍ക്കാണ് പരിക്കേറ്റത്. അടിയേറ്റ മൂന്ന് കുട്ടികളുടെയും കാലിലും വയറിന്റെ ഭാഗത്തും ഉള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്.
വലിയ ശീമക്കൊന്നയുടെ വടിയെടുത്ത് കുട്ടികളുടെ കാലിലും പുറത്തും തല്ലുകയായിരുന്നു. ജന്മനാ വാല്‍വിന് തകരാറുള്ളതും ശസ്ത്രക്രിയ കഴിഞ്ഞതുമായ ആറ് വയസുകാരനാണ് കൂടുതല്‍ പരിക്ക്. ഓടാന്‍ കഴിയാത്ത അവസ്ഥയിലായിരുന്ന ആറ് വയസുകാരന്റെ കാലിന് ഉള്‍പ്പെടെ മുറിവേറ്റിട്ടുണ്ട്.
കരച്ചില്‍ കേട്ടെത്തിയ രക്ഷിതാക്കള്‍ കുട്ടികളെ പനമരം ഗവ. ആശുപത്രിയിലെത്തിച്ച് ചികിത്സ തേടിയശേഷം വീട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് കോളനിയിലുള്ളവര്‍ കേണിച്ചിറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവം വിവാദമായതോടെയാണ് പ്രതി ഒളിവില്‍ പോയത്.