തിരുവനന്തപുരം: 43 ദിവസമായി തിരുവനന്തപുരം പെരിങ്ങമലയില്‍ 3000 ആദിവാസികളടക്കം പ്രദേശവാസികള്‍ സമരത്തിലാണ്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ വൈദ്യുതി മന്ത്രി എം.എം മണിയാണ് കേരളത്തില്‍ ആറിടങ്ങളില്‍ തുടങ്ങുന്ന ഖരമാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന മാലിന്യ പ്ലാന്റുകളെ കുറിച്ച് പ്രഖ്യാപിച്ചത്. അതില്‍ ഒന്ന് പാലോട് പെരിങ്ങമലയിലെ ആദിവാസി സെറ്റില്‍മെന്റിലാണ്. ഇതിനെതിരെയാണ് ഇവിടുത്തെ ആദിവാസികള്‍ അടക്കമുള്ള പ്രദേശവാസികള്‍ സമരം ചെയ്യുന്നത്.
സര്‍ക്കാര്‍ അഗ്രി ഫാമിലെ 15 ഏക്കര്‍ ഭൂമി ഖരമാലിന്യത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിക്കായി മാറ്റിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു എന്ന പ്രഖ്യാപനമാണ് മന്ത്രി നിയമസഭയില്‍ നടത്തിയത്. പെരിങ്ങമലയെ കൂടാതെ കുരീപ്പുഴ, ലാലൂര്‍, കഞ്ചിക്കോട്, പാണക്കാട്, ചേലോറ എന്നിവിടങ്ങളിലാണ് പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. പെരിങ്ങമ്മല പഞ്ചായത്തിലെ ഏഴാം ബ്ലോക്കിലാണ് ഖരമാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പ്ലാന്റ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.
പശ്ചിമഘട്ടത്തിലെ അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശവും അഗസ്ത്യമല ബയോസ്ഫിയര്‍ റിസര്‍വിന്റെ വളരെ പ്രധാന ഭാഗവുമാണ് പദ്ധതി പ്രദേശം. നേരത്തെ ഇവിടെ ഐ.എം.എയുടെ ആശുപത്രി മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മിക്കാന്‍ വേണ്ടി സര്‍ക്കാര്‍ ശ്രമങ്ങള്‍ നടന്നിരുന്നു. പരിസ്ഥിതിക്കും ജനങ്ങള്‍ക്കും വന്‍ ദുരന്തം വിതക്കുമെന്ന വിദഗ്ദ അഭിപ്രായത്തെ തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ശേഷമാണ് ഖലമാലിന്യത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയുമായി സര്‍ക്കാര്‍ വീണ്ടും രംഗത്തുവന്നിരിക്കുന്നത്.
ഖരമാലിന്യങ്ങള്‍ സംസ്‌കരിച്ച് സിന്തറ്റിക് ഗ്യാസ് ആയി പരിവര്‍ത്തനപ്പെടുത്തി, ആ ഗ്യാസ് ഉപയോഗിച്ച് വെള്ളം തിളപ്പിച്ച് നീരാവിയിലൂടെ ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിക്കാനും അങ്ങനെ വൈദ്യുതി ഉത്പാദിപ്പിക്കാനും ഉദ്ദേശിക്കുന്നതാണ് പദ്ധതി. ഒരു ടണ്‍ മാലിന്യത്തില്‍ നിന്ന് 430 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ പുറംതള്ളുന്ന നഗര മാലിന്യങ്ങള്‍ ആദിവാസി ജനവാസ മേഖലയായ പെരിങ്ങമലയില്‍ എത്തിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. എന്നാല്‍ സര്‍ക്കാര്‍ പദ്ധതിക്കായി മുതല്‍ മുടക്കില്ല. സ്വകാര്യ കമ്പനിയോ, ഏജന്‍സിയോ ആയിരിക്കും പ്ലാന്റ് സ്ഥാപിക്കുക. വൈദ്യുതി വിറ്റ് കിട്ടുന്ന പണം കൊണ്ട് ഇതിന് ചെലവാകുന്ന തുക കരാറുകാര്‍ക്ക് തിരിച്ചുപിടിക്കാം.
സമുദ്ര നിരപ്പില്‍ നിന്നും 1868 മീറ്റര്‍ ഉയരത്തിലാണ് അതിലോല പരിസ്ഥിതി പ്രദേശമായ പെരിങ്ങമല സ്ഥിതി ചെയ്യുന്നത്. 3500 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള കാടാണിത്. പൂര്‍ണമായും കാടിനേയും കാട്ടു വിഭവങ്ങളേയും ആശ്രയിച്ചു ജീവിക്കുന്ന കാണിക്കാര്‍ വിഭാഗത്തിലുള്ള ആദിവാസികളുടെ ആവാസമേഖലകൂടിയാണിത്. പദ്ധതി പ്രദേശത്തു നിന്നും 25 മീറ്റര്‍ മാത്രമാണ് ആദിവാസി കോളനിയിലേയ്ക്കുള്ള ദൂരം. “ആദിവാസികളെ കൊന്നൊടുക്കലാണ് സര്‍ക്കാര്‍ ചെയ്യുന്നത്. എന്നാല്‍ അവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കേണ്ടല്ലോ. ഞങ്ങളെകൊണ്ട് സര്‍ക്കാരിനു എന്ത് ഉപദ്രവമാണ് ഉള്ളത്. ഞങ്ങള്‍ പൈസ ഇല്ലാത്തവരാണ്. അതുകൊണ്ട് എന്തും ചെയ്യാലോ”. സരോജിനി പറയുന്നു.
“എവിടെ ആദിവാസികള്‍ ഉണ്ടോ അവിടെയെല്ലാം സര്‍ക്കാര്‍ മാലിന്യം കൊണ്ടിടുന്നു. ഇവിടെ സര്‍ക്കാര്‍ മാലിന്യം കൊണ്ടിടുകയാണെങ്കില്‍ അത് ഞങ്ങളുടെ ജഡത്തില്‍ ചവിട്ടി മാത്രമായിരിക്കും”. ജീവിക്കണം എന്ന അവകാശ ബോധത്തെ അടിവരയിടുന്ന വാക്കുകളാണിവ. പൈസ തരാം എന്ന് പറഞ്ഞാലോ, വൈദ്യുതി തരാം എന്ന് പറഞ്ഞാലോ സ്ഥലവും വീടും തരാം എന്ന് പറഞ്ഞാലോ, ജീവിതകാലത്തേയ്ക്ക് വേണ്ട നിത്യോപയോഗ സാധനം തരാം എന്നു പറഞ്ഞാലോ ഞങ്ങള്‍ പ്ലാന്റ് വരാന്‍ സമ്മതിക്കില്ല. ഞങ്ങള്‍ ആര്‍ക്കും ഇനി വോട്ട് ചെയ്യില്ല. ഒരു പ്രശ്‌നം വന്നപ്പോള്‍ ആരും തിരിഞ്ഞു നോക്കിയില്ല. ഇത് എന്തു നിയമമാണ്. എന്തു നടപടിയാണ്. ഇത് ഞങ്ങളുടെ ഭൂമിയാണ്. ഞങ്ങളുടെ വനമാണ്. ഞങ്ങള്‍ വിട്ടു കൊടുക്കില്ല”. പ്രസന്ന പറയുന്നു.
“ചിറ്റാര്‍ ആറിന്റെ അടുത്താണ് പ്ലാന്റ് വരുന്നത്. മാലിന്യം ആറിലേയ്ക്ക് ഒഴുകിപ്പോകും. ഞങ്ങള്‍ ആദിവാസികള്‍ കാട്ടിലെ കിഴങ്ങും തിന്ന് ഈ ആറ്റിലെ വെള്ളവും കുടിച്ച് ജീവിക്കുന്നവരാണ്. ഇങ്ങനെ പോയാല്‍ ഞങ്ങള്‍ക്ക് വെള്ളം കുടിക്കാന്‍ പറ്റോ?” വാമനപുരം നദിയുടെ കൈവഴിയാണ് ചിറ്റാര്‍. ചിറ്റാര്‍ നദിയിലെ ഇറച്ചിപ്പാറ വെള്ളച്ചാട്ടത്തിലേക്കും നിരവധി നീരൊഴുക്കുകളിലേക്കും പദ്ധതി പ്രദേശത്ത് നിന്ന് ഏതാനും മീറ്റര്‍ അകലം മാത്രമാണുള്ളത്. പാലോട് മുതല്‍ അഞ്ചുതെങ്ങ് കായലില്‍ ചേരുന്നത് വരെ 38 കുടിവെള്ള പദ്ധതികള്‍ ചിറ്റാര്‍ പുഴയിലുണ്ട്. ഏകദേശം 88 കിലോമീറ്റര്‍ ദൂരത്തിലാണ് നദി ഒഴുകുന്നത്. പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, സെന്‍ട്രല്‍ അഗ്രി ഫാം, സ്റ്റേറ്റ് ബനാന ഫാം, കുണ്ടാളംകുഴി കുടിവെള്ള പദ്ധതി തുടങ്ങിയവ ഈ നദിയിലെ ജലത്തെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
ജുറാസിക് കാലഘട്ടത്തിലുള്ള അത്യപൂര്‍വ്വമായ കണ്ടല്‍ക്കാടുകള്‍ ഇപ്പോഴും നിലനില്‍ക്കുന്ന അപൂര്‍വ്വം പ്രദേശമാണ് പെരിങ്ങമല. അതുകൊണ്ടുതന്നെ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട സ്ഥലമാണ് ഈ മലകള്‍. ആനകളുടെ പ്രജനന കേന്ദ്രം കൂടിയാണ് ഇവിടം. പുലി, കാട്ടുപോത്ത്, മ്ലാവ്, കേഴമാന്‍, മുള്ളന്‍പന്നി, കാട്ടുപന്നി, കരടി തുടങ്ങിയ മൃഗങ്ങളും വേഴാമ്പലടക്കമുള്ള പക്ഷികളും വിവിധയിനം തുമ്പികളും ഉഭയജീവികളും അധിവസിക്കുന്ന അതീവ ജൈവവൈവിധ്യ പ്രാധാന്യമുള്ള പ്രദേശമാണിത്. കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ജൈവവൈവിധ്യമുള്ള പഞ്ചായത്തുകളില്‍ ഒന്നാണ് പെരിങ്ങമല പഞ്ചായത്ത്. ഒരുപറക്കരിക്കകം, പന്നിയോട്ട് കടവ്, മുല്ലച്ചല്‍ എന്നീ പട്ടിക വര്‍ഗ്ഗ കോളനികളും, പേത്തലക്കരിക്കകം, വെങ്കട്ട, അടിപ്പറമ്പ് എന്നീ പട്ടികജാതി കോളനികളും ഈ പ്രദേശത്തുണ്ട്. ആദിവാസി ജനതയുടെ ആരാധനാകേന്ദ്രവും ഈ പദ്ധതി പ്രദേശത്തില്‍ ഉള്‍പ്പെടുന്നു.
രാജഭരണകാലത്ത് ആദിവാസികള്‍ക്ക് കൃഷി ചെയ്യാന്‍ കൊടുത്ത ഭൂമിയാണ് 1960ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് അഗ്രിഫാം ആക്കുന്നത്. അന്നേ പരോക്ഷമായി ആദിവാസികള്‍ അവരുടെ ഭൂമിയില്‍ നിന്നും കുടിയിറക്കപ്പെട്ടു. വീണ്ടും പൂര്‍ണമായി കുടിയിറക്കാനുള്ള പദ്ധതിയുമായാണ് സര്‍ക്കാര്‍ വന്നിരിക്കുന്നത്. ഖരമാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പാദനം എന്നത് പല ലോകരാജ്യങ്ങളിലും പരാജയപ്പെട്ട ഒരു മാര്‍ഗമാണ്. ഏതെല്ലാംതരം മാലിന്യങ്ങളാണ് പെരിങ്ങമലയില്‍ എത്തിക്കുന്നതെന്നോ അതിന് എന്തെല്ലാം സംവിധാനങ്ങളാണ് ഒരുക്കുക എന്നതോ സംബന്ധിച്ച് വ്യക്തതയില്ല. ഇക്കാലമത്രയും കേരളത്തില്‍ കണ്ടിട്ടുള്ള മാലിന്യ സംസ്‌കരണ പ്ലാന്റുകളൊന്നും യഥാവിധം പ്രവര്‍ത്തിക്കുന്നത് അനുഭവങ്ങളില്‍ ഉണ്ടായിട്ടില്ല. വിളപ്പില്‍ശാല ആയാലും ലാലൂര്‍ ആയാലും ഞെളിയന്‍പറമ്പ് ആയാലും പൂര്‍ണ പരാജയങ്ങളായ മാലിന്യ സംസ്‌ക്കരണ പ്ലാന്റുകളാണ്. ഇതില്‍ ലാലൂരും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതി വരുന്നുണ്ട്.
കേരളത്തില്‍ സൃഷ്ടിക്കപ്പെടുന്ന ഖരമാലിന്യം സംസ്‌ക്കരിക്കാന്‍ പൂര്‍ണതോതില്‍ ഫലപ്രദമായ പദ്ധതികളൊന്നും നടപ്പാക്കാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. വിദേശ രാജ്യ സന്ദര്‍ശനവും പഠനവും അടിക്കടി നടക്കുന്നുണ്ടെങ്കില്‍ പോലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെല്ലാം ഇക്കാര്യത്തില്‍ പരാജയപ്പെടുകയാണുണ്ടായത്. വിളപ്പില്‍ശാല മാലിന്യ പ്ലാന്റ് ജനകീയ സമരത്തെ തുടര്‍ന്ന് അടച്ചുപൂട്ടേണ്ടി വന്നപ്പോള്‍ തിരുവനന്തപുരം നഗരസഭ മറ്റൊരു മാലിന്യ സംസ്‌ക്കരണ പദ്ധതി കൊണ്ടുവരാന്‍ ഉത്സാഹം കാണിച്ചിരുന്നില്ല. പൈപ്പ് കമ്പോസ്റ്റ് പദ്ധതി തന്നെ ഇഴഞ്ഞാണ് നീങ്ങുന്നത്. വിളപ്പില്‍ ശാലയില്‍ മാലിന്യം സംസ്‌ക്കരിച്ചു വളമാക്കാന്‍ കരാരെടുത്തിരുന്ന പോബ്‌സണ്‍ ഗ്രൂപ്പ് കമ്പനി ഇടക്കുവെച്ച് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഇതേ അവസ്ഥ പെരിങ്ങമലയിലും സംഭവിക്കുമെന്ന് നാട്ടുകാര്‍ ഭയപ്പെടുന്നുണ്ട്.
കേന്ദ്രനിയമപ്രകാരം മാലിന്യം സംസ്‌കരണത്തിന് തിരഞ്ഞെടുക്കേണ്ടത് വരണ്ട പ്രദേശങ്ങളായിരിക്കണം. എന്നാല്‍ പെരിങ്ങമല അതിവൃഷ്ടി പ്രദേശമാണ്. വര്‍ഷം 300 മുതല്‍ 400 സെന്റിമീറ്റര്‍ വരെ മഴ ലഭിക്കുന്ന പ്രദേശമാണിത്. ഒരു വര്‍ഷം 150 ദിവസത്തിലേറെ മഴ പെയ്യുന്ന സ്ഥലം. അതീവ സംരക്ഷണം ആവശ്യമുള്ള 1500 സസ്യജാലങ്ങള്‍ ഇവിടുണ്ട്. ഗാഡ്ഗില്‍, കസ്തൂരി രംഗന്‍, ഉമ്മന്‍ വി ഉമ്മന്‍ കമ്മറ്റികള്‍ ഒരേപോലെ സാക്ഷ്യപ്പെടുത്തിയ അതീവ പരിസ്ഥിതി ലോല പ്രദേശമായ ഇവിടെ യാതൊരു അപചയങ്ങളും വരുത്താന്‍ പാടില്ല. അത് കാടിനേയും മനുഷ്യനേയും പ്രകൃതിയേയും ഒരുപോലെ ബാധിക്കും. കൂടാതെ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്തിനടുത്ത് ജലസ്രോതസ്സുകള്‍ പാടില്ലെന്നും നിയമമുണ്ട്. എന്നാല്‍ മൂന്ന് താലൂക്കുകള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന ചിറ്റാര്‍ പദ്ധതി പ്രദേശത്ത് ഉണ്ടെന്ന കാര്യം സര്‍ക്കാര്‍ സൗകര്യപൂര്‍വ്വം മറന്നതാവാം.
പത്ത് കിലോമീറ്ററിനുള്ളിലാണ് ചെന്തുരുത്തി വൈല്‍ഡ് സാങ്ച്വറി. കേന്ദ്രനിയമം അനുസരിച്ച് വൈല്‍ഡ്‌ലൈഫ് സാങ്ച്വറിയുടെ പത്ത് കിലോമീറ്ററില്‍ താഴെയുള്ള പ്രദേശങ്ങള്‍ പരിവര്‍ത്തനപ്പെടുത്താനാവില്ല. അങ്ങനെ വന്നാല്‍ പ്ലാന്റ് സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണ്. ഇരവികുളത്തുള്ളതിനേക്കാള്‍ കൂടുതല്‍ വരയാടുകള്‍ കാണപ്പെടുന്ന പ്രദേശമാണിത്. അപ്പൊള്‍ തന്നെ മനസ്സിലാക്കാം എത്രമാത്രം പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലമാണിതെന്ന്. കൃഷി അല്ലാതെ മറ്റൊന്നും ഈ ഭൂമിയില്‍ പാടില്ലെന്ന കേന്ദ്ര നിയമം നിലനില്ക്കുന്നുണ്ട്. ഇവിടെ പ്ലാന്റ് സ്ഥാപിക്കനമെങ്കില്‍ ആദ്യം ഈ സ്ഥലം സര്‍ക്കാര്‍ തിരിച്ചെടുക്കണം. എന്നിട്ട് കേന്ദ്ര അനുമതിയും വാങ്ങിക്കണം. എന്നാല്‍ കൃഷി മാത്രമേ ഈ ഭൂമിയില്‍ ചെയ്യാന്‍ പാടൊള്ളൂ താനും. അങ്ങനെ വന്നാല്‍ വൈദ്യുതി ഉല്‍പ്പാദന പ്ലാന്റ് സ്ഥാപിക്കാന്‍ പറ്റില്ല. എന്നിട്ടും സര്‍ക്കാര്‍ എന്തിനാണ് നിര്‍ബന്ധം പിടിക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്ന് സമര സമിതി അംഗവും വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫരുമായ സാലി പാലോട് പറയുന്നു.
ജീവിക്കാനുള്ള സമരം ചെയ്യുന്ന ആദിവാസികളെ വികസന വിരുദ്ധര്‍ എന്നാണ് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞത്. ഇത്രെയും അപകടം നിറഞ്ഞ, ജനങ്ങളെയും പ്രകൃതിയെയും നശിപ്പിക്കുന്ന വികസനം ആര്‍ക്കു വേണ്ടിയാണെന്നാണ് പെരിങ്ങമലക്കാര്‍ ചോദിക്കുന്നത്. നിരവധി പഠനങ്ങള്‍ നടത്തിയും വിദഗ്ദാഭിപ്രായങ്ങള്‍ തേടിയുമാണ് പെരിങ്ങമലയില്‍ വൈദ്യുത പ്ലാന്റ് സ്ഥാപിക്കാന്‍ തീരുമാനമെടുത്തതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍ വിദഗ്ദര്‍ പോയിട്ട് ഒരു ഉദ്യോഗസ്ഥന്‍ പോലും തങ്ങളുടെ അടുത്തേയ്ക്ക് വന്നിട്ടില്ലെന്ന് അഗസ്ത്യമല ബയോസ്ഫിയര്‍ കണ്‍സര്‍വേഷന്‍ ഫോറം ചെയര്‍മാന്‍ എം. ഷിറാസ്ഖാന്‍ പറയുന്നു. അങ്ങനെ ആരെങ്കിലും വന്നിരുന്നെങ്കില്‍ സര്‍ക്കാര്‍ പദ്ധതി വന്‍ ദുരന്തമാണെന്ന് അവര്‍ പറഞ്ഞേനെ.
പദ്ധതി എത്രത്തോളം ലാഭകരമാകുമെന്ന് സര്‍ക്കാരിനു തന്നെ വ്യക്തതയില്ല. സ്വകാര്യ ഏജന്‍സികള്‍ക്ക് പ്ലാന്റ് ഏതുരീതിയിലും ഉപയോഗിക്കുമെന്ന ആശങ്കയും ജനങ്ങള്‍ക്കുണ്ട്. പശ്ചിമഘട്ടത്തിലെ ഭൂമി ചൂഷണവും, ഖനനങ്ങളും, പ്രകൃതി ദുരന്തങ്ങളും അതുവഴി മനുഷ്യ ജീവന്‍ നഷ്ടപ്പെടുന്നതിലേയ്ക്കും ഇടയാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. ഇത്രകണ്ട് പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടും എന്തുവന്നാലും സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നാണ് മന്ത്രി എം.എം മണി പറഞ്ഞിരിക്കുന്നത്. അങ്ങനെയെങ്കില്‍ തങ്ങളുടെ കുറച്ചു ചോദ്യങ്ങള്‍ക്ക് മന്ത്രി ഉത്തരം തരണമെന്നാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്.
ഖരമാലിന്യങ്ങള്‍ സംസ്‌കരിച്ച് സിന്തറ്റിക് ഗ്യാസ് ആയി പരിവര്‍ത്തനപ്പെടുത്തി, ആ ഗ്യാസ് ഉപയോഗിച്ച് വെള്ളം തിളപ്പിച്ച് നീരാവിയിലൂടെ ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിക്കാനും അങ്ങനെ വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്താല്‍ ഇതിന്റെ ഫലമായി ഉണ്ടാകുന്ന മാലിന്യ എന്ത് ചെയ്യും? വ്യക്തമായി തരംതിരിക്കാതെ കൊണ്ട് വരുന്ന മാലിന്യങ്ങളിലെ പ്ലാസ്റ്റിക്കുകള്‍ എന്ത് ചെയ്യും? സംസ്‌കരിക്കാനെത്തുന്ന മാലിന്യത്തില്‍ നിന്നും ഉണ്ടാകുന്ന മലിനജലം (വര്‍ഷത്തില്‍ ഭൂരിഭാഗം ദിവസവും മഴ പെയ്യുന്ന പശ്ചിമഘട്ടത്തിന്റെ അടിവാരം ആണിവിടം) എവിടെ ഒഴുക്കിവിടും? ആനകള്‍ ഉള്‍പടെയുള്ള വന്യജീവികളുടെ ആവാസ മേഖലയായ ഈ പ്രദേശത്ത് താപ വ്യതിയാനത്തിന് ഇടവരുത്തുകയും അന്തരീക്ഷ ഊഷ്മാവിന് വ്യത്യാസം ഉളവാകുകയും ചെയ്യുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ എങ്ങനെ പരിഹരിക്കും? പര്‍വത ചരിവുകളില്‍ നിന്ന് വരുന്ന കുമിലസ് മേഘങ്ങളിലും മൂടല്‍മഞ്ഞിലും പ്ലാന്റ് പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പുകയും പൊടിപടലങ്ങളും ചേര്‍ന്ന് രൂപപെടുന്ന സ്മോഗ് ഗുരുതരമായ പ്രത്യാഘാതത്തിന് കാരണമാവില്ലെ?
ഇങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടതുണ്ടെന്ന് സമരക്കാര്‍ പറയുന്നു. നിലവില്‍ വിവിധ സംഘടനകള്‍ കൂട്ടമായി രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലാണ് സമരം ചെയ്യുന്നത്. കക്ഷി രാഷ്ട്രീയമില്ലാതെ എല്ലാവരും ഒറ്റക്കെട്ടാണ് സമരമുഖത്തുള്ളത്. ഉറവിട മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്ക് മുന്‍കയ്യെടുക്കേണ്ട സര്‍ക്കാര്‍ തന്നെ നഗരമാലിന്യങ്ങള്‍ അവശേഷിക്കുന്ന വനഭൂമിയുടെ ഹൃദയത്തില്‍ കൊണ്ട് നിക്ഷേപിക്കാന്‍ ഒരുങ്ങുമ്പോള്‍ എന്ത് വില കൊടുത്തും തടയുമെന്ന് ഇവിടുത്തെ ജനങ്ങള്‍ പറയുന്നു.
ചിത്രങ്ങള്‍ക്ക് കടപ്പാട്: സാലി പാലോട്