[] തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ ആദിവാസികള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ആരംഭിച്ച അനിശ്ചിതകാല നില്‍പ് സത്യഗ്രഹം തുടരുന്നു. നില്‍ക്കല്‍ സമരത്തിനുശേഷം സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല മനുഷ്യ ചങ്ങല തീര്‍ക്കുമെന്നും സംസ്ഥാനത്ത് ആദിവാസി പ്രക്ഷോഭം ശക്തമാകുമെന്നും ഗോത്ര മഹാസഭ ഭാരവാഹി ഗീതാനന്ദന്‍ അറിയിച്ചു.
2002ല്‍ ആന്റണി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കുക, ആദിവാസി പുനരധിവാസം മിഷന്‍ മാതൃകയില്‍ നടപ്പാക്കുക, ആറളം ഫാമിലെ സ്വകാര്യമുതലാളിമാരുടെ പൈനാപ്പ്ള്‍ കൃഷി അവസാനിപ്പിക്കുക, മുത്തങ്ങയില്‍ കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുക, വേടന്‍ ഗോത്രത്തിന് പട്ടികവര്‍ഗ പദവി നല്‍കുക, വനാവകാശനിയമം നടപ്പാക്കുക, മാവോവാദി വേട്ടയുടെ പേരിലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം നടത്തുന്നത്.
മുത്തങ്ങ സമരത്തിനുശേഷം നല്‍കിയ വാഗ്ദാനങ്ങള്‍ ഇതുവരെ നടപ്പാക്കാത്ത സര്‍ക്കാര്‍ നിലവിലുള്ള പല പദ്ധതികളും അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. കണ്ണൂരിലെ 1500 ഏക്കറോളം ഭൂമി കരാര്‍ കൃഷിയുടെ പേരിലും കൈയേറ്റം വഴിയും പൈനാപ്പിള്‍ മുതലാളിമാര്‍ കൈയടക്കിയിരിക്കുകയാണെന്നും ഈ ഭൂമി പിടിച്ചെടുത്ത് ആദിവാസികള്‍ക്ക് നല്‍കണമെന്നും ഗീതാനന്ദന്‍ പറഞ്ഞു.
ഭരണഘടനാപരമായ സംരക്ഷണം പോലും ആദിവാസികള്‍ക്ക് ലഭിക്കുന്നില്ലെന്നും ജീവിക്കാനുള്ള അവകാശം സ്ഥാപിച്ചുകിട്ടാനാണ് സമരത്തിനിറങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.കെ. ജാനു, ടി.ജെ. മാമ്മന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.