ആദിവാസിക്ക് ഭൂമി നിഷേധിച്ച അട്ടപ്പാടിയില്‍ കൈയ്യേറ്റക്കാരുടെ നിര; ഊരുകളിലെ ദുരൂഹമരണങ്ങള്‍ക്ക് കാരണം ഭൂമികൈയ്യേറ്റം
Land Rights
ആദിവാസിക്ക് ഭൂമി നിഷേധിച്ച അട്ടപ്പാടിയില്‍ കൈയ്യേറ്റക്കാരുടെ നിര; ഊരുകളിലെ ദുരൂഹമരണങ്ങള്‍ക്ക് കാരണം ഭൂമികൈയ്യേറ്റം
ഗോപിക
Monday, 26th February 2018, 4:31 pm

ആദിവാസി പുനരധിവാസവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്ന അവസരത്തില്‍ തങ്ങളുടെ ഭൂമികള്‍ കൈയ്യേറുന്നതിനെതിരെ അട്ടപ്പാടിയില്‍ ആദിവാസികള്‍ അധികൃതര്‍ക്ക് നിരവധി പരാതികള്‍ നല്‍കിയെങ്കിലും അവയൊന്നും തന്നെ ഇതേവരെ പരിഹരിക്കപ്പട്ടില്ലെന്നാണ് അട്ടപ്പാടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാമൂഹിക സംഘടനകള്‍ പുറത്തുവിടുന്ന വിവരങ്ങള്‍. ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട് ഇവര്‍ നല്‍കിയ അറുപതോളം പരാതികളില്‍ ഇന്നുവരെയും പരിഹാരമായിട്ടില്ലെന്നും പരാതികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടാതെ പൂഴ്ത്തിവയ്ക്കുന്നതായും അട്ടപ്പാടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുരുവ് എന്ന എന്‍.ജി.ഒ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുകയാണ്.

എന്നാല്‍ ഭൂമി കൈയ്യേറ്റം അട്ടപ്പാടിയില്‍ ശക്തമാകുന്നുവെന്നും 2003 വരെ ഈ മേഖലയില്‍ നടന്ന ആദിവാസി ദുരൂഹമരണങ്ങള്‍ ഇതിന്റെ ഫലമാണെന്നുമാണ് അട്ടപ്പാടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാമൂഹിക സംഘടനകള്‍ പറയുന്നത്. എന്നാല്‍ അത്തരത്തിലുള്ള നിര്‍ബന്ധിത കൈയ്യേറ്റങ്ങളൊന്നും തന്നെ അട്ടപ്പാടിയില്‍ നടക്കുന്നില്ലെന്നും ആദിവാസി ഭൂമികള്‍ പാട്ടത്തിനെടുത്ത് പുറത്തുള്ളവര്‍ കൃഷിയും മറ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുകയുമാണ് ചെയ്യുന്നതെന്ന് അട്ടപ്പാടിയിലെ സാമൂഹിക പ്രവര്‍ത്തകനായ ഫാദര്‍ ബിജു പറഞ്ഞത്.

 

 

 

അതേസമയം അട്ടപ്പാടി അഗളിക്ക് സമീപമുള്ള ആദിവാസി ഊരായ മേലേകണ്ടിയൂരില്‍ കാളി സ്വന്തം ഭൂമി നഷ്ടപ്പെട്ട അവസ്ഥയിലാണിപ്പോള്‍. 1995 ല്‍ ഉണ്ടായിരുന്ന 10 സെന്റ് ഭൂമി കല്ലിടിച്ച് മാറ്റുന്നതിന് സാമുവല്‍ എന്നയാള്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ പിന്നീട് ഈ സ്ഥലം ഇയാളുടെ മരുമകന്‍ കൈവശപ്പെടുത്തുകയും കാളി ഭൂമിയില്ലാത്ത അവസ്ഥയിലാകുകയും ചെയ്തു. ഇതുസംബന്ധിച്ച് ട്രൈബല്‍ ഓഫിസില്‍ പരാതി നല്‍കിയെങ്കിലും കൈയ്യേറ്റത്തിനുമേല്‍ യാതൊരുവിധ നടപടികളും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.

പരാതികളില്‍ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് കാളി, കൈയ്യേറ്റക്കാരില്‍ നിന്ന് ഭൂമി തിരിച്ച് ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് എ.ഡി.ജി.പി സന്ധ്യക്ക് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുകയാണ്.

എന്നാല്‍ ഭൂമാഫിയകളല്ല ഇത്തരം കയ്യേറ്റങ്ങള്‍ക്കു പിന്നിലെന്നാണ് തമ്പ് എന്ന എന്‍.ജി.ഒ പ്രവര്‍ത്തകനായ രാജേന്ദ്രന്റെ അഭിപ്രായം. “അട്ടപ്പാടി പ്രദേശങ്ങളില്‍ 1940 കള്‍ക്കുശേഷമാണ് വന്‍തോതിലുള്ള കുടിയേറ്റമുണ്ടായത്. അന്നത്തെ പല പഠനറിപ്പോര്‍ട്ടുകളിലും ഈ കുടിയേറ്റത്തെപ്പറ്റി പറയുന്നുണ്ട്. ഇതോടെ 1975ല്‍ സര്‍ക്കാര്‍ ഇത്തരത്തില്‍ കുടിയേറ്റം നടന്ന പ്രദേശങ്ങളെ ഐ.റ്റി.ഡി.സി പദ്ധതിയുടെ ഭാഗമാക്കി മാറ്റുകയും ചെയ്തു.”

പദ്ധതികളുടെ ഭാഗമായുണ്ടായ ഉപപദ്ധതികള്‍ പ്രകാരം ഈ പ്രദേശങ്ങളില്‍ വികസന സാധ്യതകള്‍ സൃഷ്ടിക്കപ്പെടുകയും മികച്ച റോഡുകളും മറ്റ് സൗകര്യങ്ങളും എത്തുകയും ചെയ്തു. ഇത് മറ്റ് ആദിവാസി ഊരുകളെയാണ് ബാധിച്ചത്. ആദിവാസി ഊരുകളായിരുന്ന പലപ്രദേശങ്ങളും പൊതുസമൂഹമെന്ന ലേബലില്‍ ഒരു പുതിയ സാമൂഹിക വിഭാഗം ഉയര്‍ന്നുവരാന്‍ ഈ വികസന പദ്ധതികള്‍ കാരണമായി. അതോടുകൂടി പാരമ്പര്യമായി ആദിവാസികളായിരുന്ന വിഭാഗത്തിന്റെ ഭൂമികള്‍ അന്യാധീനപ്പെടാന്‍ തുടങ്ങി.

 

 

പരമ്പരാഗതമായി ചെയ്തിരുന്ന തൊഴിലുകളും ജീവിതരീതികളും പിന്തുടരാന്‍ അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിന് കഴിയാതെ വന്നു. എല്ലാത്തരത്തിലുമുള്ള നഷ്ടപ്പെടലുകളും അനുഭവിച്ച ഇവരുടെ ഭൂമികള്‍ തട്ടിയെടുത്തത് ഭൂമാഫിയകളാണെന്ന അഭിപ്രായമില്ലെന്നും രാജേന്ദ്രന്‍ പറഞ്ഞു. പൊതുസമൂഹത്തിന്റെ കുടിയേറ്റവും തുടര്‍ന്നുണ്ടായ വികസന പദ്ധതികളുമാണ് ഈ വിഭാഗത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായത്.

ഇത്തരത്തിലുള്ള നിരന്തര ചൂഷണത്തിനെതിരെ ഇവരുടെ ഭാഗത്തുനിന്ന് നിരവധി പരാതികളാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നാണ് രാജേന്ദ്രന്‍ പറയുന്നത്. സര്‍ക്കാര്‍ തലങ്ങളില്‍ പരാതികള്‍ നല്‍കിയെങ്കിലും വ്യക്തമായ പുരോഗതികളൊന്നും തന്നെ ഉണ്ടായിട്ടില്ല. 2005 ന് ശേഷം ഈ മേഖലയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്ന ആദിവാസികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ആള്‍ക്കൂട്ടം ആക്രമണം നടത്തി മധുവിനെപ്പോലുള്ള ആദിവാസി യുവാക്കളെ കൊല്ലുന്ന സംഭവം ഇതിനു മുന്നേ ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

പരാതികള്‍ നിരവധി ലഭിച്ചെങ്കിലും ഇതില്‍ മാറ്റങ്ങള്‍ വരുത്തി ആദിവാസി ഭൂമിയും അവരുടെ ജിവിതരീതിയും ഉറപ്പാക്കാന്‍ മുന്നോട്ട് വരേണ്ടത് പൊതുസമൂഹമാണ്. കാരണം കുടിയേറ്റം ആദിവാസി ഭൂമികളിലേക്കുകൂടി വ്യാപിപ്പിച്ചപ്പോള്‍ ആദിവാസികള്‍ക്കാണ് ഭൂമിയും ജീവിതവും നഷ്ടമായത്. അവരുടെ രീതികള്‍ അംഗീകരിക്കുന്ന രീതിയിലുള്ള വ്യവസ്ഥയും നിലവിലില്ല. സര്‍ക്കാരിന്റെ ഏകദേശ കണക്കനുസരിച്ച് പതിനായിരത്തിലധികം എക്കറുകളാണ് പൊതുസമൂഹത്തിന്റെ കുടിയേറ്റം കാരണം അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് നഷ്ടമായത്.

തങ്ങളുടെ ഭൂമി ഉപേക്ഷിച്ച് പുറത്തുവരുന്ന ആദിവാസി ഭൂമികളില്‍ ഭൂരിപക്ഷമായ പൊതുസമൂഹം ആധിപത്യം സ്ഥാപിക്കുന്നതോടെ ഇവരുടെ ഭൂമികള്‍ അന്യാധീനപ്പെടുകയാണ്. ഇത്തരത്തില്‍ ഒറ്റപ്പെട്ടുപോകുന്ന ആദിവാസി ഭൂമികള്‍ ശരിയായ രീതിയില്‍ അവരിലെത്തിക്കാന്‍ സര്‍ക്കാര്‍ മാത്രമല്ല പൊതുസമൂഹവും കൂട്ടായി പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. കാരണം മൊത്തം ജനസംഖ്യയില്‍ ന്യൂനപക്ഷമാണ് ഇപ്പോള്‍ അട്ടപ്പാടിയിലെ ആദിവാസി വിഭാഗം. ഇവരെ ഉയര്‍ത്തിക്കൊണ്ടുവരേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനെന്നപോലെ ഭൂരിപക്ഷമായ ജനസമൂഹത്തിനും ഉണ്ട്. അത്തരത്തിലുള്ള കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ മധുവിനെ പോലുള്ളവരെ കൊലചെയ്യുന്ന രീതിയിലുള്ള സംഭവങ്ങള്‍ ഒഴിവാക്കാന്‍ കഴിയുവെന്നാണ് തമ്പ് സര്‍ക്കാരിതര സംഘടനാ പ്രവര്‍ത്തകനായ രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടത്.

ഗോപിക
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.