കോഴിക്കോട്: ഏക സിവില്‍ കോഡിനെതിരെ ആദിവാസി ഗോത്രമഹാസഭ പ്രക്ഷോഭത്തിലേക്ക്. ആദിവാസി ദിനമായ ഓഗസ്റ്റ് ഒമ്പതിന് സമര പ്രഖ്യാപനം നടത്തുമെന്ന് ഗോത്ര മഹാസഭാ കോര്‍ഡിനേഷന്‍ കമ്മിറ്റി എം. ഗീതാന്ദന്‍ അറിയിച്ചു. വ്യത്യസ്ത സംഘടനകളെ ഒരേ പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവന്നായിരിക്കും സമരം.
ഏക സിവില്‍ കോഡ് ആദിവാസികളുടെ സ്വത്തം ഇല്ലാതാക്കുമെന്നും വിഷയത്തില്‍
മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ പ്രശ്‌നം കൂടി അഭിസംബോധനം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘മത ന്യൂനപക്ഷങ്ങളെയായിരിക്കും പൊതുവായി ഏകവ്യക്തി നിയമം ബാധിക്കുക എന്നതാണ് പൊതുവായ ധാരണ. നിശ്ചയമായും അവരെ ബാധിക്കും. അതോടൊപ്പം തന്നെ ഇന്ത്യയിലെ വലിയൊരു വിഭാഗമായ ഗോത്രവര്‍ഗക്കാരെയും ദളിദ് വിഭാഗങ്ങളെയും ആദിവാസി വിഭാഗങ്ങളെയും അതുപോലുള്ള മറ്റ് വംശീയ ന്യൂനപക്ഷങ്ങളെയും ഇത് അതിഗുരുതരമായി ബാധിക്കും.
പരമ്പരാഗതമായി നിലനിന്നുവരുന്ന ആചാരനുഷ്ടാനങ്ങളാണ് ഈ വിഭാഗങ്ങളിലുള്ളത്, പ്രത്യേകിച്ച് വൈവാഹിക ജീവിതത്തിലുള്‍പ്പടെ വൈവിദ്യമാര്‍ന്ന ആചാരനുഷ്ടാനങ്ങളാണ് നിലവിലുള്ളത്.
അത് ഇന്ത്യയിലെ നൂറുകണക്കിന് ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്കും വ്യത്യസ്തമാണ്. വിഷയത്തില്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ആദിവാസി ജനവിഭാഗങ്ങളുടെ ആശങ്ക കൂടി അഭിസംബോധനം ചെയ്യണം,’ എം. ഗീതാന്ദന്‍ പറഞ്ഞു.
അതേസമയം, ഏക സിവില്‍ കോഡിനെതിരായ അഭിപ്രായരൂപീകരണത്തിന് മുന്‍കയ്യെടുക്കാന്‍ മുസ്‌ലിം ലീഗ് അഖിലേന്ത്യാ നിര്‍വാഹക സമിതി യോഗത്തില്‍ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു.
ഇതിനായി മതനിരപേക്ഷ നിലപാടുള്ളവരുടെ കൂട്ടായ്മ കോഴിക്കോട്ടും കൊച്ചിയിലും ദല്‍ഹിയിലും വിളിച്ചുചേര്‍ക്കുമെന്ന് ലീഗ് അറിയിച്ചിരുന്നു. രണ്ടാം പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയില്‍ പാര്‍ട്ടി പ്രതിനിധികള്‍ വിഷയം ഉന്നയിക്കുമെന്നും ലീഗ് നേതൃത്വം അറിയിച്ചിരുന്നു.