| Tuesday, 21st April 2015, 1:16 pm

ആദിവാസി ഗോത്ര മഹാസഭ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നില്‍പ്പ് സമരത്തിന് ശേഷവും ആദിവാസികളോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കെതിരെയും അവരനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങളില്‍ പരിഹാരം കാണണം എന്നാവശ്യപ്പെട്ട് ആദിവാസി ഗോത്ര മഹാസഭ വീണ്ടും സമരത്തിനിറങ്ങുന്നു. ഏപ്രില്‍ 30 മുതല്‍ മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ തങ്ങളുടെ ആവശ്യങ്ങളുന്നയിച്ച് അനിശ്ചിതകാല സത്യാഗ്രഹം നടത്താനൊരുങ്ങുകയാണ് ആദിവാസി ഗോത്ര മഹാസഭ.

ആദിവാസി ഊരുകളില്‍ നിന്നും വിഭവക്കൊള്ളക്കാരെയും ലൈംഗീക ചൂഷകരെയും പുറത്താക്കുക, ആദിവാസി സ്ത്രീകളെ മാനഭംഗത്തിനിരയാക്കിയ പ്രതികള്‍ക്കെതിരെ കേസെടുക്കുക, കണ്ണൂര്‍ ആറളം ഫാമിലെ അനധികൃത കച്ചവടക്കാരനേയും കയ്യേറ്റക്കാരെയും ഒഴിപ്പിക്കുക, മുസ്‌ലീം കുടുംബങ്ങള്‍ക്ക് പ്രത്യേക പാക്കേജ് നടപ്പിലാക്കുക, ആദിവാസി ഫണ്ട് ഇടനിലക്കാര്‍ക്ക് കൈമാറുന്ന ഐ.ടി.സി.പി എന്ന ചൂഷക സംവിധാനം പിരിച്ചുവിടുക, പൗരാവകാശ നിയമമായ എസ്.സി/എസ്.ടി.പി.എ ആക്റ്റ് അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കുക, നില്‍പ് സമര തീരുമാനങ്ങള്‍ മാനിക്കുക, ആറളം ഫാമിലെ ചെങ്കല്‍ ഖനനം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

ആദിവാസികളെ വംശീയമായി തകര്‍ക്കുന്നതിന്റെ തന്ത്രമാണ് മദ്യം നല്‍കലും മാനഭംഗവുമെന്നും പോലീസ് പ്രതികളെ സംരക്ഷിക്കുന്നതിനാല്‍ അട്ടപ്പാടിയില്‍ മാത്രം 150ലേറെ കൊലപാതക കേസുകള്‍ തെളിയപ്പെടാതെ കിടക്കുന്നുണ്ടെന്ന് സഭ പറയുന്നു. ആദിവാസകളുടെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം ട്രൈബല്‍ വകുപ്പും, ഐടി.ഡിപിയുമാണെന്നും സഭ ആരോപിക്കുന്നു.

162 ദിവസത്തെ നില്‍പ് സമര തീരുമാനങ്ങളെ സര്‍ക്കാര്‍ മാനിക്കുന്നില്ലെന്നും ആറളം ഫാമില്‍ പൈനാപ്പിള്‍ കൃഷി നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ അവിടെ ചെങ്കല്‍ ഖനനം തുടങ്ങുകയാണ്. പട്ടിക വിഭാഗക്കാരുടേയും ആദിവാസികളുടേയും സംരക്ഷണത്തിനായി പൗരാവകാശ നിയമങ്ങളും മറ്റ് ക്രിമിനല്‍ നിയമങ്ങളും പോലീസ്- ജുഡിഷ്യറി സംവിധാനം ബോധപൂര്‍വ്വം അവഗണിക്കുകയാണെന്നും അതുകൊണ്ട് ജനാധിപത്യസമരത്തിന്റെ ഭാഗമായി ആദിവാസി ഊര് വിമോചന ക്യാമ്പയിന്‍ ജനങ്ങള്‍ ഏറ്റെടുക്കണമെന്നും ആദിവാസി ഗോത്ര മഹാസഭ പറഞ്ഞു.

We use cookies to give you the best possible experience. Learn more