ഭുവനേശ്വർ: ഒഡീഷയില്‍ ആദിവാസി യുവതിക്ക് നേരെ ക്രൂരമായ ആക്രമണം. യുവതിയെ മർദിക്കുകയും വായിൽ മനുഷ്യ വിസർജ്യം കുത്തിനിറക്കുകയും ചെയ്തതായി പരാതി. ഒഡിഷയിൽ ബലംഗീർ ജില്ലയിലാണ് ആദിവാസി യുവതിക്ക് നേരെ ക്രൂരമായ ആക്രമണം ഉണ്ടായത്.
20 കാരിയായ ആദിവാസി സ്ത്രീക്ക് നേരെയാണ് ആക്രമണമുണ്ടായത്. അഭയ് ബാഗ് എന്ന വ്യക്തിയില്‍ നിന്നുമാണ് ക്രൂരമായ ആക്രമണവും ജാതിയധിക്ഷേപവും നേരിടേണ്ടി വന്നതെന്നാണ് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. കുളത്തിൽ കുളിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ അതേ ഗ്രാമവാസിയായ അഭയ് ബാഗ് ആക്രമിക്കുകയായിരുന്നു.
പ്രതി ട്രാക്ടർ കയറ്റി യുവതിയുടെ കൃഷിയിടത്തിലെ വിളകൾ നശിപ്പിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത യുവതിയെ മർദിക്കുകയും ബലമായി മനുഷ്യവിസർജ്യം വായിൽ നിറയ്ക്കുകയും മുഖത്ത് പുരട്ടുകയുമായിരുന്നു. യുവതിയെ രക്ഷിക്കാൻ പോയ ബന്ധുവിനേയും ആക്രമിച്ചെന്നാണ് വിവരം.
യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബംഗോമുണ്ട പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരമാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
പ്രതി ഒളിവിലാണെന്നും ഇയാളെ പിടികൂടാൻ പൊലീസ് തെരച്ചിൽ ആരംഭിച്ചതായി കാന്തബഞ്ചി എസ്.ഡി.പി.ഒ ഗൗരംഗ് ചരൺ സാഹു പറഞ്ഞു. ട്രാക്‌ടര്‍ ഡ്രൈവറെ പിടികൂടാൻ രണ്ട് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചതായി ബലാംഗീർ പൊലീസ് സൂപ്രണ്ട് ഖിലാരി ഋഷികേശ് ജ്ഞാനദേവ് പറഞ്ഞു.
അതേസമയം നവംബര്‍ 16ന് സംഭവിച്ച കേസില്‍ ഇതുവരെ പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പ്രതിക്കെതിരെ പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ബി.ജെ.ഡി എം.പി നിരഞ്ജൻ ബി.സി ഭുവനേശ്വറിൽ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.
പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ട്രൈബൽ വെൽഫെയർ അസോസിയേഷൻ അംഗങ്ങൾ ആവശ്യപ്പെടുകയും ഭരണകൂടം നടപടിയെടുക്കാതിരുന്നാൽ പ്രതിഷേധിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
Content Highlight: Adivasi girl faces brutality in Odisha after having human excrement stuffed in her mouth, beaten up