പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികളെ തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥന്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. അട്ടപ്പാടി ഊരടം ഊരില്‍ താമസിക്കുന്ന കുറുമ്പ വിഭാഗത്തില്‍പ്പെട്ട രാമനും ഭാര്യ മലരിനുമാണ് പൊലീസിന്റെ മര്‍ദനമേറ്റത്.
തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥനോടൊപ്പം വനം വകുപ്പ് വാച്ചര്‍മാരും തങ്ങളെ മര്‍ദിച്ചതായി ദമ്പതികള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം നടത്തി കേസെടുക്കുമെന്ന് പുതൂര്‍ പൊലീസ് അറിയിച്ചു.
ഇന്നലെ വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന ഊരടം കോളനിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥനും വനം വകുപ്പ് ഉദ്യേഗസ്ഥനുമെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കഞ്ചാവ് തോട്ടം അന്വേഷിച്ച് സ്ഥലത്തെത്തിയ ഇവര്‍ ദമ്പതികളോട് വിവരം ആരായുകയും അറിയില്ലെന്ന് പറഞ്ഞതോടെ പൊതിരെ തല്ലിയെന്നുമാണ് ആരോപണം.
മര്‍ദനത്തിനിടെ മുള്ള് കമ്പി കൊണ്ട് കൈകള്‍ കൂട്ടിക്കെട്ടിയെന്നും നിലത്തിട്ട് തല്ലിയെന്നും പരാതിയുണ്ട്. സംഭവ സമയത്ത് പ്രദേശത്ത് മറ്റാരും തന്നെ ഉണ്ടായിരുന്നില്ല.
ബഹളം കേട്ട് പ്രദേശവാസികള്‍ എത്തിയതോടെ അക്രമികള്‍ സ്ഥലം വിടുകയായിരുന്നു. നാട്ടുകാരാണ് രാമനെയും ഭാര്യയെയും കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലെത്തിച്ചത്.
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പുതൂര്‍ പൊലീസ് മര്‍ദിച്ചത് തമിഴ്‌നാട്ടിലെ പൊലീസ് ഉദ്യോഗസ്ഥനും വനം വകുപ്പ് വാച്ചറും തന്നെയാണെന്ന് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട് പൊലീസുമായി ബന്ധപ്പെട്ട് എത്രയും വേഗം പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും പുതൂര്‍ പൊലീസ് അറിയിച്ചു.
Content Highlight: Adivasi couple deadly beaten by Tamilnadu police