| Sunday, 12th May 2019, 12:04 am

കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാരെന്ന് രാഹുല്‍ ഗാന്ധിക്ക് പോലും അറിയില്ല; യോഗി ആദിത്യനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിനെ പരിഹസിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരെന്ന് പാര്‍ട്ടി പ്രസിഡന്റ് ആയ രാഹുല്‍ ഗാന്ധിക്ക് പോലും അറിയില്ലെന്നായിരുന്നു ആദിത്യനാഥ് പറഞ്ഞത്.

‘കോണ്‍ഗ്രസ് നേതാക്കളോട് അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാരെന്ന് നിങ്ങള്‍ ചോദിക്കുകയാണെങ്കില്‍ ഏതെങ്കിലും പേര് ലഭിക്കുമോയെന്ന കാര്യം നിങ്ങള്‍ മറന്നേക്കുക. അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാരെന്നത് പാര്‍ട്ടിയുടെ പ്രസിഡന്റിന് പോലും അറിയില്ല. കോണ്‍ഗ്രസ് അധികാരത്തിലേറില്ലെന്ന് ഉറപ്പുള്ളതിനാല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കേണ്ട കാര്യവുമില്ല’- ആദിത്യനാഥ് പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

ഉത്തര്‍പ്രദേശിലെ ബി.ജെ.പിയുടെ മുഖ്യ ശത്രുക്കളായ മഹാസഖ്യത്തിനും ശക്തമായ നേതൃനിരയില്ലെന്ന് ആദിത്യനാഥ് കുറ്റപ്പെടുത്തി.

നേരത്തെ സമാനമായ ആശങ്ക പ്രകടിപ്പിച്ച നരേന്ദ്ര മോദിക്ക് ത്രിണമൂല്‍ നേതാവ് മമത ബാനര്‍ജി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ”മിസ്റ്റര്‍ മോദി. നിങ്ങള്‍ പേടിക്കണ്ട. ജനങ്ങള്‍ക്കു വേണ്ടി എന്തു ചെയ്യണമെന്ന് അറിയാവുന്ന ഞങ്ങള്‍ക്ക് നേതാവിനെ തെരഞ്ഞെടുക്കാനും കഴിയും. രാജ്യത്തെ നയിക്കാന്‍ ആരെങ്കിലും ഉണ്ടായിക്കോളും”.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ താഴെയിറക്കലാണ് തങ്ങളുടെ മുഖ്യ അജണ്ടയെന്ന് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും നിലപാടിലെ ഏറ്റക്കുറിച്ചിലുകളോടെ സമ്മതിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ നേതൃത്വത്തില്‍ ബി.ജെ.പിക്കെതിരെ വിശാല മഹാസഖ്യം രൂപീകരിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെടുകയാണുണ്ടായത്.

തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസുമായി സഖ്യമുണ്ടാവില്ലെന്ന് പറഞ്ഞെങ്കിലും, എ.എ.പി, സി.പി.ഐ.എം തുടങ്ങിയ പാര്‍ട്ടികള്‍ തെരഞ്ഞടെുപ്പ് ശേഷം കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന സൂചനകള്‍ നല്‍കിയിരുന്നു.

പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ നിര്‍ണായകമായേക്കാവുന്ന തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിക്കുന്ന കോണ്‍ഗ്രസ് ഇതിനാല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതിരിക്കുകായിരുന്നു. ഡി.എം.കെയുടെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവണമെന്ന് പരസ്യമായി ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും, ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാതെ രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രിയാവാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍.

We use cookies to give you the best possible experience. Learn more