രണ്ടുമാസം മുമ്പ് സ്വന്തം മണ്ഡലത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നിരവധി കുട്ടികള്‍ മരണപ്പെട്ടത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത് കേരള സര്‍ക്കാര്‍ യു.പിയിലെ ആശുപത്രികള്‍ കണ്ടുപഠിക്കണമെന്നാണ്. ഗോരഖ്പൂര്‍ സംഭവം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളിലാണ് യോഗി ആദിത്യനാഥില്‍ നിന്നും ഈ പ്രസ്താവനയുണ്ടായിരിക്കുന്നത് എന്നതാണ് രസകരം. അതും യോഗി പഠിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത് യു.പിയിലേതുമായി താരതമ്യം ചെയ്യുമ്പോള്‍ എത്രയോ മികച്ച ആരോഗ്യ മേഖലയുള്ള കേരളത്തോടും.
“എങ്ങനെ ആശുപത്രികള്‍ നടത്തണം, കേരള സര്‍ക്കാര്‍ ഉത്തര്‍പ്രദേശില്‍ നിന്നും പഠിക്കണം.” എന്നായിരുന്നു യോഗിയുടെ പരാമര്‍ശം. കേരളത്തിലെ ആശുപത്രികള്‍ കണ്ടുപഠിക്കാന്‍ യോഗി ക്ഷണിച്ചുള്ള സി.പി.ഐ.എമ്മിന്റെ പ്രസ്താവനയ്ക്കു മറുപടിയായായിരുന്നു യോഗി ഇങ്ങനെ പറഞ്ഞത്.
എന്തായാലും ബി.ജെ.പിയും സി.പി.ഐ.എമ്മും തമ്മില്‍ വലിയ വാക്കുതര്‍ക്കങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ് ഈ വിഷയം. എന്നാല്‍ ഒരു സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയിലെ മേന്മ പരിശോധിക്കുന്നത് അവകാശവാദങ്ങള്‍ എത്രയെന്ന് നോക്കിയല്ല മറിച്ച് കണക്കുകള്‍ പരിശോധിച്ചാണ്. ആരോഗ്യരംഗത്തെ മികവ് പരിശോധിക്കാന്‍ മാനദണ്ഡമാക്കുന്ന ശിശുമരണനിരക്ക്, ശരാശരി ആയുര്‍ദൈര്‍ഘ്യം, മാതൃമരണനിരക്ക് എന്നിവ പരിശോധിക്കുമ്പോള്‍ മികച്ചത് കേരളമാണോ അതോ യു.പിയോ എന്ന് നോക്കാം.
പ്രസവത്തെ തുടര്‍ന്ന് സ്ത്രീകള്‍ മരണപ്പെടുന്ന വിഷയത്തില്‍ കേരളവുമായി താരമത്യം ചെയ്യുമ്പോള്‍ അഞ്ചുമടങ്ങ് മോശമാണ് യു.പി. കേരളത്തില്‍ ഒരുലക്ഷം പ്രസവങ്ങള്‍ നടക്കുമ്പോള്‍ അതില്‍ 61 പേരാണ് മരണപ്പെടുന്നതെങ്കില്‍ യു.പിയില്‍ ഇത് 282 ആണ്.
ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തിലും കേരളം വളരെയേറെ മുന്നിലാണ്. കേരളത്തില്‍ ജനിച്ച ഒരാള്‍ യു.പിയില്‍ ജനിച്ചവരേക്കാള്‍ ശരാശരി പത്തുവര്‍ഷമെങ്കിലും അധികം ജീവിക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്.
ശിശുമരണനിരക്കും കേരളത്തില്‍ വളരെ കുറവാണ്. 1000 കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ വെറും പത്തുകുട്ടികളാണ് കേരളത്തില്‍ മരണപ്പെടുന്നതെങ്കില്‍ യു.പിയില്‍ അത് 43ആണ്. ഇക്കാര്യത്തില്‍ മറ്റു തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെക്കാളൊക്കെ മോശമാണ് യു.പിയെന്നാണ് കണക്കുകള്‍ പറയുന്നത്.
സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവനത്തിന്റെ കാര്യത്തിലും കേരളം തന്നെയാണ് മുമ്പില്‍. കേരളത്തില്‍ ഒരു സര്‍ക്കാര്‍ അലോപ്പതി ഡോക്ടര്‍ ശരാശരി 6810 ആളുകളെയാണ് സേവിക്കുന്നതെങ്കില്‍ യു.പിയില്‍ ഇതിന്റെ മൂന്നുമടങ്ങ് ആളുകളേയാണ് അവര്‍ സേവിക്കേണ്ടത്. കണക്കുകള്‍ ഇതാണെന്നിരിക്കെയാണ് യോഗി ആദിത്യനാഥ് കേരളത്തോട് യു.പിയെ കണ്ട് പഠിക്കണമെന്ന് പറഞ്ഞ് സ്വയം പരിഹാസ്യനായിരിക്കുന്നത്.
“കഴിഞ്ഞവര്‍ഷം കേരളത്തില്‍ ഡങ്കി കാരണം 300ലേറെ മരണങ്ങളുണ്ടായി. ഉത്തര്‍പ്രദേശ് വലിയൊരു സംസ്ഥാനമാണ്. എന്നിട്ടും ഡെങ്കികാരണം വളരെക്കുറിച്ചു മരണങ്ങളേയുണ്ടായിട്ടുള്ളൂ.” എന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് യോഗി കേരളത്തോട് യു.പിയെ കണ്ട് പഠിക്കാന്‍ ആവശ്യപ്പെട്ടത്. “നിരവധിയാളുകളാണ് ഇവിടെ ചിക്കുന്‍ ഗുനിയ പിടിപെട്ട് മരിച്ചത്. യു.പിയില്‍ ഒരു ചിക്കന്‍ഗുനിയ മരണംപോലുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഡെങ്കിയെക്കുറിച്ച് യോഗി പറഞ്ഞതില്‍ ചില കാര്യങ്ങളുണ്ട്. 2016ല്‍ യു.പിയില്‍ വലിയ തോതില്‍ ഡെങ്കി ചിക്കന്‍ഗുനിയ മരണങ്ങള് ഉണ്ടായിട്ടുണ്ടെങ്കിലും 2017ല്‍ ഡെങ്കി മരണങ്ങള്‍ കേരളത്തിലേതിനേക്കാള്‍ കുറവാണ്.
എന്നാല്‍ ചിക്കന്‍ഗുനിയ കാരണം നിരവധി പേര്‍ കേരളത്തില്‍ മരണപ്പെട്ടുവെന്ന യോഗിയുടെ പരാമര്‍ശം തീര്‍ത്തും തെറ്റാണ്. നാഷണല്‍ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാമിന്‍രെ കണ്ടെത്തല്‍ അനുസരിച്ച് ചിക്കന്‍ഗുനിയ ഒരു കേസിലും മരണകാരണമാകില്ല. എന്നാല്‍ 2017ല്‍ കേരളത്തില്‍ യു.പിയില്‍ ഉണ്ടായിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ ചിക്കന്‍ഗുനിയ കേസുകള്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടുണ്ട്.
എന്തായാലുംഈ രണ്ടു രോഗങ്ങളും ആരോഗ്യമേഖലയുടെ മേന്മയെ അളയ്ക്കാന്‍ ഉപയോഗിക്കാന്‍ കഴിയില്ല. ഇവ പൊതുശുചിത്വവും കൊതുകുനിയന്ത്രണവുമൊക്കെയായാണ് ബന്ധപ്പെട്ടു കിടക്കുന്നത്.
കടപ്പാട് സ്‌ക്രോള്‍