| Thursday, 17th September 2020, 2:22 pm

യു.പിയില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കുള്ള തടങ്കല്‍ കേന്ദ്രമാക്കി അംബേദ്കര്‍ എസ്.സി/എസ്.ടി ഹോസ്റ്റല്‍; പ്രതിഷേധവുമായി ബി.എസ്.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഘാസിയാബാദ്: ഉത്തര്‍പ്രദേശിലെ ‘അനധികൃത വിദേശ കുടിയേറ്റക്കാര്‍’ ക്കായുള്ള ആദ്യത്തെ തടവ് കേന്ദ്രം ഘാസിയാബാദില്‍ തയ്യാറാക്കാനൊരുങ്ങി ആദിത്യനാഥ് സര്‍ക്കാര്‍. യു.പിയിലെ അംബേദ്കര്‍ എസ്.സി/ എസ്.ടി ഹോസ്റ്റലാണ് തടങ്കല്‍ കേന്ദ്രമാക്കി മാറ്റുന്നത്.

1987ലെ പാസ്‌പോര്‍ട്ട് നിയമ പ്രകാരം കുറ്റക്കാരെന്ന് കണ്ടെത്തിയവരെയാണ് തടവിലാക്കുന്നത്. ഇന്ത്യയില്‍ അത്തരത്തിലുള്ള 12ാമത്തെ തടവ് കേന്ദ്രമായിരിക്കും ഘാസിയാബാദിലേത്.

നേരത്തെ തടവ് കാലാവധി പൂര്‍ത്തിയാക്കിയവരെയും അവരുടെ സ്വന്തം രാജ്യത്തേക്ക് പറഞ്ഞയക്കുന്നത് വരെ അതേ തടവ് കേന്ദ്രത്തില്‍ തന്നെ പാര്‍പ്പിക്കും.

എന്നാല്‍ യു. പിസര്‍ക്കാരിന്റെ ഈ നടപടിയില്‍ പ്രതിഷേധവുമായി ബി.എസ്.പി നേതാവ് മായാവതി രംഗത്തെത്തി. ഡോ. അംബേദ്കര്‍ എസ്.സി/എസ്ടി ഹോസ്റ്റല്‍ തടങ്കല്‍ കേന്ദ്രമാക്കി മാറ്റുന്നത് തീര്‍ത്തും നിരാശാജനകവും അപലപനീയവുമാണെന്ന് മായാവതി പറഞ്ഞു.

‘ബി.എസ്.പി സര്‍ക്കാരിന്റെ കാലത്ത് പണിത ഡോ.അംബേദ്കര്‍ എസ്.സി/എസ്ടി ഹോസ്റ്റല്‍ ബഹുനില കെട്ടിടം ‘നിയമവിരുദ്ധ കുടിയേറ്റക്കാരെ’ പാര്‍പ്പിക്കാനായി തീരുമാനിച്ച നടപടി അങ്ങേയറ്റം നിരാശാജനകവും അപലപനീയവുമാണ്. സര്‍ക്കാരിന്റെ ദളിത് വിരുദ്ധതയുടെ തെളിവാണ് ഈ കാണുന്നത്. ഈ ഉത്തരവ് പിന്‍വലിക്കേണ്ടതാണ്,’ മായാവതി ട്വീറ്റ് ചെയ്തു.

ഒക്ടോബറിലാണ് തടങ്കല്‍ കേന്ദ്രം പ്രവര്‍ത്തിച്ച് തുടങ്ങുകയെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തുടനീളം 11 തടങ്കല്‍ കേന്ദ്രങ്ങളാണ് ഇതുവരെ നിര്‍മിച്ചിട്ടുള്ളത്. അതില്‍ ആറെണ്ണവും അസമിലാണ്. രാജസ്ഥാനിലെ ആള്‍വാര്‍, ദല്‍ഹി, ഗോവ, പഞ്ചാബിലെ അമൃത്സര്‍, കര്‍ണാടക എന്നിവിടങ്ങളിലും തടങ്കല്‍ കേന്ദ്രങ്ങളുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Adityanath Government set up first Detention centre in Ghaziabad

We use cookies to give you the best possible experience. Learn more