| Monday, 26th October 2020, 8:35 pm

അമേരിക്കയിലെ റസ്റ്റോറന്റില്‍ നിന്നും ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്റെ കുടുംബത്തെ പുറത്താക്കി; വംശീയ നടപടിയില്‍ പ്രതിഷേധമുയരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: അമേരിക്കയിലെ റസ്‌റ്റോറന്റ് വംശീയമായി പെരുമാറിയെന്ന ആരോപണവുമായി ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ളയുടെ മകള്‍ അനന്യ ബിര്‍ള. കാലിഫോര്‍ണിയയിലെ ഇറ്റാലിയന്‍-അമേരിക്കന്‍ റസ്‌റ്റോറന്റായ സ്‌കോപ റസ്റ്റോറന്റിലെത്തിയ തന്നെയും കുടുംബത്തെയും അക്ഷരാര്‍ത്ഥത്തില്‍ പുറത്താക്കുകയായിരുന്നെന്നാണ് ഗായികയായ അനന്യ ട്വിറ്ററില്‍ കുറിച്ചത്. ശനിയാഴ്ചയാണ് സംഭവം നടന്നത്.

‘സ്‌കോപ റസ്റ്റോറന്റ് അക്ഷരാര്‍ത്ഥത്തില്‍ എന്നെയും കുടുംബത്തെയും അവിടെ നിന്നും പുറത്താക്കുകയായിരുന്നു. ഇത് തികച്ചും വംശീയമാണ്. എത്രമേല്‍ ദുഖകരമാണിത്. നിങ്ങളുടെ ഉപഭോക്താക്കളോട് ശരിയായ രീതിയില്‍ വേണം പെരുമാറാന്‍. ഇത് വംശീയതയാണ്. ഇത് ശരിയല്ല.’ അനന്യ ട്വിറ്ററില്‍ എഴുതി.

മൂന്ന് മണിക്കൂറാണ് ആ റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനായി കാത്തിരുന്നത്. റസ്റ്റോറന്റിലെ വെയ്റ്ററായ ജോഷ്വ സില്‍വര്‍മാന്‍ ഒട്ടും മര്യാദയില്ലാതെയാണ് എന്റെ അമ്മയോട് പെരുമാറിയത്. അതിതീവ്ര വംശീയവാദിയെപ്പോലെയാണ് ഇയാള്‍ പെരുമാറിയതെന്നും അനന്യ പറയുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ചുക്കൊണ്ട് നിരവധി തവണ അനന്യ ട്വീറ്റ് ചെയ്തു. തികച്ചും അപഹാസ്യമായ രീതിയിലാണ് റസ്റ്റോറന്റ് ജീവനക്കാര്‍ പെരുമാറിയതെന്നും ഇത് തന്നെ സ്തബ്ധയാക്കിയെന്നാണ് അനന്യയുടെ അമ്മയും സാമൂഹ്യപ്രവര്‍ത്തകയുമായ നീര്‍ജ ബിര്‍ല പ്രതികരിച്ചത്.റസ്റ്റോറന്റിലെത്തുന്നവരോട് ഇത്തരത്തില്‍ പെരുമാറാനുള്ള ഒരു അവകാശവും നിങ്ങള്‍ക്കില്ലെന്നും റസ്റ്റോറന്റിന്റെ ട്വിറ്റര്‍ അക്കൗണ്ട് മെന്‍ഷന്‍ ചെയ്തുകൊണ്ട് നീര്‍ജ ട്വിറ്ററിലെഴുതി.

സംഭവത്തില്‍ പ്രതിഷേധിച്ചുകൊണ്ട് അനന്യയുടെ സഹോദരന്‍ ആര്യമാന്‍ ബിര്‍ളയും രംഗത്തെത്തി. ‘മുന്‍പൊരിക്കലും എനിക്ക് ഇത്തരത്തിലൊരു അനുഭവമുണ്ടായിട്ടില്ല. വംശീയത നിലനില്‍ക്കുന്നുണ്ട്. അതാണ് യാഥാര്‍ത്ഥ്യം. എനിക്കിത് വിശ്വസിക്കാനാകുന്നില്ല.’

സംഭവത്തില്‍ പ്രതിഷേധിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Aditya Birla Group’s Chairman’s family ‘thrown out of American Restaurant’ says daughter Ananya Birla

We use cookies to give you the best possible experience. Learn more