‘സേനാ’ പതിയാകാന്‍ ആദിത്യ താക്കറെ
India
‘സേനാ’ പതിയാകാന്‍ ആദിത്യ താക്കറെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2010 Oct 18, 05:16 pm
Monday, 18th October 2010, 10:46 pm

അച്ഛനും മക്കളും മരുമക്കളും അടക്കിവാഴുന്ന വടക്കേഇന്ത്യയുടെ രാഷ്ട്രീയരംഗത്തേക്ക് പുതിയൊരു താരോദയം കൂടി. ആദിത്യ താക്കറേ. ശിവസേന എക്‌സിക്യൂട്ടിവ് പ്രസിഡന്റ് ഉദ്ധവ് താക്കറെയുടെ മകനും “മഹാരാഷ്ട്രയിലെ പുലി” ബാല്‍ താക്കറെയുടേ പേരമകനുമാണ് ആദിത്യ. സേനയുടെ യുവവിഭാഗമായ യുവ സേനയുടെ മേധാവിയായാണ് ആദിത്യ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ കാലെടുത്തു വച്ചിരിക്കുന്നത്.

ദസറയുടെ ഭാഗമായി നടന്ന സേനാ റാലിയിലാണ് ബാല്‍ താക്കറെ അധികാരത്തിന്റെ ചിഹ്നമായ വാള്‍ ഈ ഇരുപതുകാരന് കൈമാറിയത്. എന്നാല്‍ താന്‍ താല്‍പ്പര്യമെടുത്തിട്ടല്ല ആദിത്യ സേനയുടെ ഭാഗമായതെന്നും കുടുംബരാഷ്ട്രീയത്തിന് താന്‍ എതിരാണെന്നും താക്കറെ വ്യക്തമാക്കി. ആരുടേയും “റെക്കമന്‍ഡേഷന്‍” തനിക്കാവശ്യമില്ലെന്നും തന്റെ പ്രവര്‍ത്തനം അടിസ്ഥാനമാക്കി മാത്രം വിലയിരുത്തിയാല്‍ മതിയെന്നും അഭിപ്രായപ്പെട്ട് ആദ്യത്യ തന്റെ പക്വത ഇതിനോടകം വെളുപ്പെടുത്തിക്കഴിഞ്ഞു.


അച്ഛന്‍ ഉദ്ധവ് താക്കറെയെപ്പോലെ “തീപ്പൊരി” ചിതറിയാണ് ആദിത്യ ശ്രദ്ധ നേടിയത്. രണ്ടാംവര്‍ഷ ബി എ ഇംഗ്ലീഷ് സാഹിത്യത്തിന്റെ ഭാഗമായുള്ള റോഹിന്‍ട്രണ്‍ മിസ്ട്രിയുടെ ” സച്ച് എ ലോംഗ് ജേണി” കത്തിച്ചാണ് ആദിത്യ തന്റെ രംഗപ്രവേശം അവിസ്മരണീയമാക്കിയത്. പുസ്തകം ശിവസേനയെ കരിവാരിത്തേക്കുന്നതാണെന്ന് ആരോപിച്ചായിരുന്നു കത്തിച്ചത്. പുസ്തകം ഉടനേ പിന്‍വലിച്ചില്ലെങ്കില്‍ അപകടമായിരിക്കുമെന്ന ഭീഷണിയും മുഴക്കി. എന്തായാലും ഭീഷണി ഫലിച്ചു, സിലബ്ബസ്സില്‍ നിന്നും ” സച്ച് എ ലോംഗ് ജേണി” ഔട്ട്!

തുടര്‍ന്ന് മറാത്താ മാധ്യമങ്ങള്‍ ആദിത്യയെ വാഴ്ത്തുകയായിരുന്നു. ” മഹാരാഷ്ട്രയുടെ രാഹുല്‍ ഗാന്ധി ” വരവറിയിച്ചു എന്നതുവരെയെത്തി കാര്യങ്ങള്‍. തുടര്‍ന്ന് ബാല്‍ താക്കറെ ഔദ്യോഗികമായിത്തന്നെ ആദിത്യയെ അംഗീകരിക്കുകയായിരുന്നു.

അച്ഛന്‍ ഉദ്ധവ് താക്കറെയുടേയും മുത്തച്ഛന്‍ ബാല്‍ താക്കറെയുടേയും അതേ പാത പിന്തുടരാന്‍ ആദിത്യ ഉദ്ദേശിക്കുന്നില്ല എന്നാണ് സൂചന. മറാത്താ വാദത്തിലും ഹൈന്ദവ വാദത്തിലും മാറ്റംവരുത്താനുദ്ദേശമില്ലെങ്കിലും മറാത്തയിലെ ചെറുപ്പക്കാരുടെ വികാരം കൂടി കണക്കിലെടുത്തുള്ള നീക്കമാണ് ആദിത്യയുടെ ഭാഗത്തുനിന്നും പ്രതീക്ഷിക്കുന്നത്. ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും മാറുന്ന യുവജനതയെ സേനയിലേക്ക് ആകര്‍ഷിക്കാനാണ് ആദിത്യയുടെ നീക്കം.

അച്ഛന്റേയും മുത്തച്ഛന്റേയും പാത പിന്തുടരുമോ അതോ മറാത്താ രാഷ്ട്രീയത്തില്‍ തന്റേതായ പാത വെട്ടിത്തെളിക്കുമോ എന്നാണ് എല്ലാവരും കാത്തിരിക്കുന്നത്.