ബാന്ദ്രയില്‍ തൊഴിലാളികള്‍ സംഘടിച്ചത് കേന്ദ്രത്തിന്റെ പിടിപ്പുകേട്; ആരോപണവുമായി ആദിത്യ താക്കറെ
national news
ബാന്ദ്രയില്‍ തൊഴിലാളികള്‍ സംഘടിച്ചത് കേന്ദ്രത്തിന്റെ പിടിപ്പുകേട്; ആരോപണവുമായി ആദിത്യ താക്കറെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th April 2020, 10:12 pm

മുംബൈ: ബാന്ദ്രയില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ സംഘടിച്ച് പ്രതിഷേധിച്ചതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങളുന്നയിച്ച് ശിവസേന നേതാവും മഹാരാഷ്ട്ര ടൂറിസം മന്ത്രിയുമായ ആദിത്യ താക്കറെ. ബാന്ദ്രയിലെ ഈ അവസ്ഥ ലോക്ഡൗണ്‍ നീട്ടുന്നതിന് മുമ്പ് കുടിയേറ്റ തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള വഴിയൊരുക്കാന്‍ കേന്ദ്രം തയ്യാറാകാത്തതിന്റെ ഫലമാണെന്ന് താക്കറെ ആരോപിച്ചു.

ഗുജറാത്തിലെ സൂറത്തിലും സമാന അവസ്ഥയുണ്ടായി.. അവര്‍ക്ക് ആഹാരമോ താമസസ്ഥലമോ അവര്‍ക്കിപ്പോള്‍ വേണ്ട. അവരാവശ്യപ്പെടുന്നത് നാടുകളിലേക്ക് തിരിച്ചെത്തിക്കാനാണെന്നും ആദിത്യ താക്കറെ പറഞ്ഞു.

തൊഴിലാളികള്‍ ക്യാമ്പില്‍ ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുകയാണെന്നും താക്കറെ ട്വീറ്റ് ചെയ്തു.

ബാന്ദ്രയില്‍ സ്വദേശത്തേക്ക് മടങ്ങണം എന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് തൊഴിലാളികളാണ് പ്രതിഷേധിച്ചത്. കൊവിഡ് നിര്‍ദ്ദേശങ്ങളെല്ലാം മറികടന്നായിരുന്നു തൊഴിലാളികള്‍ കൂട്ടമായി പ്രതിഷേധിച്ചത്.

ദിവസങ്ങളായി പട്ടിണിയിലാണെന്നും താമസിക്കുന്ന മുറികളില്‍നിന്നും ഇറക്കിവിടുകയാണെന്നും തൊഴിലാളികള്‍ പറഞ്ഞു. ഭക്ഷണം ആവശ്യപ്പെട്ട് സമീപത്തെ ചേരിയിലെ ആളുകളും സംഘത്തിലുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

പിരിഞ്ഞുപോകണമെന്ന് പൊലീസ് അവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാര്‍ ഇത് കൂട്ടാക്കിയില്ല. തുടര്‍ന്ന് പൊലീസ് ലാത്തി വീശി.

പ്രധാനമന്ത്രി ലോക്ഡൗണ്‍ നീട്ടി പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക പരന്നതെന്നാണ് വിവരം. രാജ്യത്ത് മഹാരാഷ്ട്രയിലാണ് നിലവില്‍ ഏറ്റവുമധികം കൊവിഡ് രോഗികളുള്ളത്. ഈ സാഹചര്യത്തില്‍ ആയിരക്കണക്കിന് ആളുകള്‍ കൂട്ടമായി എത്തിയത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ