| Friday, 21st August 2020, 12:03 pm

എന്താണ് നിങ്ങളുടെ പ്രശ്‌നം!ഇരിക്കുന്നക്കൊമ്പ് മുറിക്കരുതെന്ന് കങ്കണയോട് ആദിത്യ പഞ്ചോളി; പത്മശ്രീ തിരിച്ചുകൊടുക്കണമെന്നും ആവശ്യം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: നടി കങ്കണ റണൗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും നിര്‍മ്മാതാവുമായ ആദിത്യ പഞ്ചോളി. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് കങ്കണ തെറ്റിദ്ധാരണ പരത്തുകയാണെന്ന് ആദിത്യ പഞ്ചോളി പറഞ്ഞു. തനിക്കും തന്റെ കുടുംബത്തിനുമെതിരെ സംസാരിക്കാനുള്ള അവകാശം കങ്കണയ്ക്കില്ലെന്ന് പറഞ്ഞ ആദിത്യ പഞ്ചോളി കങ്കണയ്‌ക്കെതിരെ മാനനഷ്ടക്കേസ് നടത്തുകയാണെന്നും പറഞ്ഞു. ആജ് തക്കിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പഞ്ചോളിയുടെ പ്രതികരണം.

സിനിമാ മേഖലയിലെ ആളുകള്‍ക്കെതിരെ ആരോപണം ഉയര്‍ത്തുന്നതിന് പകരം കങ്കണ സിനിമ ഇന്‍ഡസ്ട്രിക്കൊപ്പം നില്‍ക്കുകയാണ് വേണ്ടതെന്ന് പറഞ്ഞ ആദിത്യ പഞ്ചോളി ഇരിക്കുന്നക്കൊമ്പ് മുറിക്കാന്‍ നില്‍ക്കരുതെന്നും കങ്കണയോട് പറഞ്ഞു.

” അവര്‍ ഇന്‍ഡസ്ട്രിക്കൊപ്പം നില്‍ക്കണം. എന്താണാവരുടെ പ്രശ്‌നം? അവര്‍ക്ക് നല്ല തുടക്കം ലഭിച്ചു, പുരസ്‌കാരങ്ങള്‍ ലഭിച്ചു, പ്രതിഫലം ലഭിച്ചു,” ആദിത്യ പഞ്ചോള പറഞ്ഞു.

കങ്കണ നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്ന സ്വജനപക്ഷാതം എന്താണെന്ന് ചോദിച്ച ആദിത്യ പഞ്ചോളി തെറ്റായ കാര്യങ്ങള്‍ പറഞ്ഞ കങ്കണ തന്റെ പത്മശ്രീ തിരിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടു.

തെറ്റായ പ്രസ്താവാന നടത്തിയാല്‍ തന്റെ പത്മശ്രീ തിരിച്ചുനല്‍കുമെന്ന് കങ്കണ തന്നെ പറഞ്ഞിട്ടുണ്ടെന്നും സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് കങ്കണ തെറ്റായ കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നതെന്നും അതുകൊണ്ട് പത്മശ്രീ തിരിച്ചുകൊടുക്കയാണ് കങ്കണ ചെയ്യേണ്ടതെന്നും ആദിത്യ പഞ്ചോളി പറഞ്ഞു.

സുശാന്തിന്റെ മരണത്തില്‍ അദ്ദേഹത്തിന്റെ അച്ഛന്‍ നല്‍കിയ പരാതിയില്‍ സ്വജനപക്ഷപാതത്തെക്കുറിച്ച് സൂചിപ്പിച്ചിട്ടില്ലെന്നും ആദിത്യ പഞ്ചോളി പറഞ്ഞു.
സിനിമ മേഖലയിലുള്ളവരെ ഈ വിഷയത്തിലേക്ക് വലിച്ചിഴച്ച് കങ്കണ സത്യത്തില്‍ എല്ലാവരുടേയും സമയംമെനക്കെടുത്തുകയാണെന്നും ആദിത്യ പഞ്ചോളി ആരോപിച്ചു.

തന്റെ മകന്‍ സൂരജ് പഞ്ചോളിയുടെ പേര് സുശാന്തിന്റെ മരണവുമായി ബന്ധപ്പെടുത്തി തന്റെ കുടുംബത്തെ ഉപദ്രവിക്കുകയാണെന്ന് പറഞ്ഞ ആദിത്യ പഞ്ചോളി തന്റെ മകനെതിരെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഊഹാപോഹങ്ങള്‍ക്ക് എന്തെങ്കിലും തെളിവുകളുണ്ടോ എന്നും ചോദിച്ചു.

” ഒരു വിഡ്ഢി എന്തോ പോസ്റ്റ് ചെയ്തു. പ്രധാനപ്പെട്ട മാധ്യമങ്ങളെല്ലാം അതേറ്റുപിടിച്ച് ഒരു പ്രശ്‌നമാക്കി. ഇത് ശരിയായ രീതിയല്ല, ഞങ്ങള്‍ കഠിനമായ വേദനയിലൂടെയാണ് കടന്നുപോയത്,” ആദിത്യ പഞ്ചോളി പറഞ്ഞു.

സോഷ്യല്‍ മീഡിയയിലൂടെ ആളുകള്‍ സൂരജിനെ കൊലപാതകി എന്ന് വിളിച്ച് ആക്ഷേപിക്കുകയാണെന്നും അതുകൊണ്ടാണ് സൂരജിന്റെ പോസ്റ്റുകളുടെ കമ്മന്റുകള്‍ ഓഫ് ചെയ്ത് വെച്ചിരിക്കുന്നതെന്നും ആദിത്യ പഞ്ചോളി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

CONTENT HIGHLIGHTS: Aditya Pancholi: Tell Kangana Ranaut to return her Padma Shri because she is wrong about Sushant

We use cookies to give you the best possible experience. Learn more