| Monday, 7th October 2019, 5:50 pm

ആദ്യം കാരണം കാണിക്കല്‍ നോട്ടീസ്, ഇനി താരപ്രചാരക; വിപ്പ് ലംഘിച്ച് യോഗി സര്‍ക്കാരിനോട് അനുഭാവം കാണിച്ച എം.എല്‍.എയ്ക്ക് കോണ്‍ഗ്രസിന്റെ വക അടുത്ത പദവി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: കോണ്‍ഗ്രസിന്റെ വിപ്പ് ലംഘിച്ച് യു.പിയില്‍ യോഗി ആദിത്യനാഥ് നടത്തിയ പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുത്ത പാര്‍ട്ടി എം.എല്‍.എ അദിതി സിങ് താരപ്രചാരക പട്ടികയില്‍. യു.പിയിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസ് പുറത്തിറക്കിയ താരപ്രചാരകരുടെ പട്ടികയിലാണ് റായ്ബറേലി എം.എല്‍.എയായ അദിതിയുടെ പേരുള്ളത്.

അദിതിക്കു നേരത്തേ കോണ്‍ഗ്രസ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

യോഗി സര്‍ക്കാര്‍ ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികം ആചരിക്കാന്‍ വിളിച്ചുചേര്‍ത്ത നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തതു കൂടാതെ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയ ജന്മവാര്‍ഷികാചരണം അദിതി ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം പാര്‍ട്ടി വിപ്പ് ലംഘിക്കുന്നതിനു മുന്‍പുതന്നെ അദിതിയുടെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നതായി കോണ്‍ഗ്രസ് വിശദീകരിച്ചു. യോഗിസര്‍ക്കാരിന്റെ സമ്മേളനത്തില്‍ പങ്കെടുത്തതിനു പിന്നാലെ അദിതിയുടെ സുരക്ഷ സര്‍ക്കാര്‍ വര്‍ധിപ്പിച്ചതും ഏറെ വിവാദമായിരുന്നു.

യു.പിയിലെ 11 നിയമസഭാ മണ്ഡലങ്ങളില്‍ ഒക്ടോബര്‍ 21-നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. അതിനായി 40 താരപ്രചാരകരുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടിരിക്കുന്നത്.

കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി പ്രതിനിധീകരിക്കുന്ന റായ്ബറേലി ലോക്സഭാ മണ്ഡലത്തില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളാണുള്ളത്. അതില്‍ രണ്ടെണ്ണം കോണ്‍ഗ്രസിനൊപ്പവും രണ്ടെണ്ണം ബി.ജെ.പിക്കൊപ്പവും ഒരെണ്ണം സമാജ്വാദി പാര്‍ട്ടിക്കൊപ്പവുമാണുള്ളത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2017-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 90,000-ത്തോളം വോട്ടുകള്‍ക്കാണ് അദിതി ജയിച്ചത്. യു.പി നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എമാരില്‍ ഒരാളാണ് 31-കാരിയായ അദിതി.

We use cookies to give you the best possible experience. Learn more