അതിനിടെ യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമായ റായ്ബറേലിയിലെ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ അദിതി സിങ്ങും കേന്ദ്രത്തെ അനുകൂലിച്ച് രംഗത്തെത്തി. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടാണ് അദിതി നിലപാട് വ്യക്തമാക്കിയത്.
‘ഞാന്‍ ഈ തീരുമാനത്തെ പൂര്‍ണമായും അംഗീകരിക്കുന്നു. ഈ തീരുമാനം ജമ്മു കശ്മീരിനെ മുഖ്യധാരയിലെത്തിക്കാന്‍ സഹായിക്കും.
ഇതൊരു ചരിത്രപരമായ തീരുമാനമാണ്. രാഷ്ട്രീയവത്കരിക്കാന്‍ പാടില്ല. ഒരു എം.എല്‍.എയെന്ന നിലയില്‍ ഞാന്‍ ഈ തീരുമാനത്തെ അംഗീകരിക്കുന്നു.’- അദിതി പറഞ്ഞു.
രാജ്യസഭയില്‍ ഇന്നലെ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ പ്രമേയം അവതരിപ്പിച്ചപ്പോള്‍ ഏറ്റവും ശക്തമായി പ്രതികരിച്ചത് കോണ്‍ഗ്രസിന്റെ ഗുലാം നബി ആസാദായിരുന്നു. മുതിര്‍ന്ന നേതാവ് പി. ചിദംബരവും കടുത്ത വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു.
എന്നാല്‍ കശ്മീരിലെ കേന്ദ്ര നടപടിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസില്‍ നിലപാടില്‍ പ്രതിഷേധിച്ച് അസമില്‍ നിന്നുള്ള മുതിര്‍ന്ന അംഗവും രാജ്യസഭ വിപ്പുമായ ഭുവനേശ്വര്‍ കലതി പാര്‍ട്ടിയില്‍ രാജി പ്രഖ്യാപിച്ചിരുന്നു.
ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കശ്മീരിന് നല്‍കിപ്പോന്ന പ്രത്യേക പദവി അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഭിന്നതയുണ്ട്.
കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ രംഗത്ത് വന്നതോടെയാണ് പാര്‍ട്ടിയിലെ ഭിന്നത പുറത്തുവന്നത്.
നാലോ അഞ്ചോ കക്ഷികള്‍ മാത്രം ബില്ലിനെ എതിര്‍ത്താല്‍ തങ്ങള്‍ക്ക് അതില്‍ കൂടുതല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ അഭിഷേക് മനു സിങ് വി പ്രതികരിച്ചത്.
ഞങ്ങള്‍ക്ക് ഇത്തരമൊരു ബില്ലിനെ കുറിച്ച് സൂചന ലഭിച്ചിരുന്നു. ഗുലാം നബി ആസാദും ചിദംബരവുമുള്‍പ്പെടെയുള്ള നേതാക്കള്‍ കഴിഞ്ഞ ഒരാഴ്ച മുന്‍പെ തന്നെ ഈ വിഷയം പറയുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഇതൊരു തുറന്ന രഹസ്യമായിരുന്നു. എന്നാല്‍ ആര്‍ക്കും ഉറപ്പുമുണ്ടായിരുന്നില്ല.
ഞങ്ങളെപ്പോലുള്ള ചുരുക്കം ചില പാര്‍ട്ടികള്‍ മാത്രമാണ് ബില്ലിനെ എതിര്‍ക്കുകയും ബില്ലിനെതിരെ വോട്ട് ചെയ്യുകയും ചെയ്തത്. എന്നാല്‍ ജനാധിപത്യം ജനാധിപത്യമാണ്. അവിടെ അക്കങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് കാര്യങ്ങള്‍- എന്നായിരുന്നു സിങ്‌വി എന്‍ഡി.ടിവിയോട് പ്രതികരിച്ചത്.