കോണ്‍ഗ്രസ് നിര്‍ദേശം ലംഘിച്ച് സഭയില്‍ പങ്കെടുത്തു; അതിഥി സിങിന് പാര്‍ട്ടിയുടെ കാരണം കാണിക്കല്‍ നോട്ടീസ്
national news
കോണ്‍ഗ്രസ് നിര്‍ദേശം ലംഘിച്ച് സഭയില്‍ പങ്കെടുത്തു; അതിഥി സിങിന് പാര്‍ട്ടിയുടെ കാരണം കാണിക്കല്‍ നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th October 2019, 6:57 pm

ലക്‌നൗ: മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തില്‍ ഉത്തര്‍പ്രദേശ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ പങ്കെടുത്തതിന് കോണ്‍ഗ്രസ് എം.എല്‍.എ അതിഥി സിങ്ങിന് കാരണം കാണിക്കല്‍ നോട്ടീസ്. റായ് ബറേലി എം.എല്‍.എയായ അതിഥി സിങിനോട് രണ്ട് ദിവസത്തിനകം മറുപടി നല്‍കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. ബൂധനാഴ്ച്ച ആരംഭിച്ച 36 മണിക്കൂര്‍ സെഷന്‍ ബഹിഷ്‌ക്കരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതില്‍ പങ്കെടുത്തതിനാണ് അതിഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.

കോണ്‍ഗ്രസിന്റെ നിര്‍ദേശത്തെ ധിക്കരിച്ചുകൊണ്ട് അദിതി സിംഗ് സെഷനില്‍ പങ്കെടുത്ത് സഭയില്‍ സംസാരിച്ചുവെന്നാണ് നോട്ടീസില്‍ പറയുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സമാജ് വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, കോണ്‍ഗ്രസ്, എസ്.ബി.എസ്.ജെ ഉള്‍പ്പെടുന്ന എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും പ്രത്യേക സമ്മേളനം ബഹിഷ്‌ക്കരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ താന്‍ സഭയില്‍ എത്തി ചര്‍ച്ചകളില്‍ പങ്കെടുത്തത് അത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് എന്ന് തോന്നിയത് കൊണ്ടാണെന്നായിരുന്നു അതിഥിയുടെ പ്രതികരണം.

‘നിങ്ങള്‍ എന്റെ പ്രസംഗം കേട്ടിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് മനസ്സിലാവും ഞാന്‍ സംസാരിച്ചത് വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചാണ്. എന്റെ അച്ഛന്‍ പരിചരിച്ചിരുന്ന രീതിയിലാണ് ഞാന്‍ രാഷ്ട്രീയം പരിശീലിക്കുന്നത്. എനിക്ക് എന്താണ് ശരിയെന്ന് തോന്നുന്നത്, അത് ഞാന്‍ ചെയ്യും’ അതിഥി പറഞ്ഞു.

എന്നാല്‍ എം.എല്‍.എയുടെ നിലപാട് പാര്‍ട്ടി ലൈനില്‍ നിന്നും മാറിയല്ലേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഞാന്‍ വികസനത്തെക്കുറിച്ചാണ് സഭയില്‍ ചര്‍ച്ച ചെയ്തതെന്നും അതാണ് അതിനാണ് താന്‍ മുന്‍തൂക്കം നല്‍കുന്നതെന്നുമായിരുന്നു അതിഥിയുടെ മറുപടി.

അതേസമയം എം.എല്‍.എ പ്രത്യേക സമ്മേളനത്തില്‍ പങ്കെടുത്തതിന് പിന്നാലെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അവര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ