അലമാര എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച താരമാണ് അതിഥി രവി. തുടര്‍ന്ന് ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാളത്തില്‍ അറിയപ്പെടുന്ന അഭിനേത്രിയായി മാറാന്‍ അതിഥിക്ക് കഴിഞ്ഞു. മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി എന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലിന്റെ നായികയായി എത്തിയത് അതിഥിയായിരുന്നു. ട്വല്‍ത് മാന്‍ എന്ന ജീത്തു ജോസഫിന്റെ സംവിധാനത്തിലിറങ്ങിയ ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്. അനശ്വര രാജനേയും മോഹന്‍ലാലിനേയും കേന്ദ്ര കഥാപാത്രമാക്കി ജീത്തു സംവിധാനം ചെയ്ത നേരിലും ചെറിയൊരു ഭാഗത്ത് അതിഥി എത്തിയിട്ടുണ്ട്. ജീത്തു ജോസഫിനെ കുറിച്ച് സംസാരിക്കുകയാണ് അതിഥി ഇപ്പോള്‍.
ജീത്തു ജോസഫും അദ്ദേഹത്തിന്റെ കുടുംബവുമായി തനിക്ക് അടുത്ത ബന്ധമാണുള്ളതെന്ന് പറയുകയാണ് അതിഥി രവി. അദ്ദേഹത്തിന്റെ സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോള്‍ പോയി കാണാനുള്ള ഫ്രീഡമെല്ലാം തനിക്കുണ്ടെന്നും ചെറിയൊരു റോള്‍ ആണെങ്കിലും പോലും ജീത്തുവിന്റെ സിനിമയില്‍ താന്‍ അഭിനയിക്കുമെന്നും അതിഥി പറയുന്നു. അതുകൊണ്ടാണ് താന്‍ നേരില്‍ ആ കഥാപാത്രം ചെയ്തതെന്നും താരം കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അതിഥി.
‘അതിഥിക്ക് പറ്റുന്ന വേഷമാണെങ്കില്‍ ഞാന്‍ തരും എന്നാണ് ജീത്തു ജോസഫ് സാര്‍ ഇപ്പോഴും എന്നോട് പറയാറുള്ളത്. അദ്ദേഹം അങ്ങനെ പറയുന്നതില്‍ എനിക്ക് സന്തോഷമേ ഉള്ളു. ഞാന്‍ സാറിന്റെ ഫാമിലിയുമായിട്ടും വളരെ ക്ലോസാണ്. സാറിനോടും സാറിന്റെ ഭാര്യയോടുമെല്ലാം എനിക്ക് വളരെ അടുത്ത ബന്ധമാണുള്ളത്.
സാറിന്റെ സിനിമയുടെ ഷൂട്ട് നടക്കുകയായെങ്കില്‍ അത് പോയി കാണാനുള്ള ഫ്രീഡം എല്ലാം എനിക്കുണ്ട്. അവിടെ പോയിട്ട് ചെറിയ പാസിങ് ഷോട്ട് ചെയ്യാന്‍ പറഞ്ഞാല്‍ പോലും ഞാന്‍ ചെയ്യും. എനിക്ക് അങ്ങനയൊരു ബന്ധമാണ് ഉള്ളത്. ഒരു ഫാമിലി ഫീലാണ് അവിടെ പോയാല്‍ എനിക്കുള്ളത്. അതുകൊണ്ടു തന്നെയാണ് നേരിലും അങ്ങനെ ഒരു കഥാപാത്രത്തെ ചെയ്തത്,’ അതിഥി പറയുന്നു.
Content Highlight: Aditi Ravi Talks About Jeethu Joseph