| Saturday, 16th April 2022, 2:37 pm

ട്വല്‍ത്ത് മാന്റെ ലൊക്കേഷനില്‍ വെച്ച് അര്‍ധരാത്രി ഞങ്ങള്‍ ഓജോ ബോര്‍ഡ് കളിക്കുകയായിരുന്നു; ലൊക്കേഷന്‍ അനുഭവം പങ്കുവെച്ച് അതിഥി രവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ട്വല്‍ത്ത് മാന്‍ എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നടി അതിഥി രവി. വലിയ താരനിര അണിനിരക്കുന്ന സിനിമയുടെ ലൊക്കേഷനില്‍ എല്ലാവരും വളരെയധികം എന്‍ജോയ് ചെയ്താണ് ഷൂട്ട് പൂര്‍ത്തിയാക്കിയതെന്ന് താരം പറയുന്നു. ഒപ്പം ഷൂട്ടിങ്ങിനിടെ ലഭിക്കുന്ന ചില ഇടവേളകള്‍ക്കിടെ ഓജോ ബോര്‍ഡ് ഉള്‍പ്പെടെ കളിക്കുകയായിരുന്നു തങ്ങളെന്നും അതിഥി രവി പറയുന്നു.

ട്വല്‍ത്ത് മാന്‍ ഒരു മിസ്ട്രി മൂവിയാണ്. ഒരൊറ്റ ലൊക്കേഷനാണ് ട്വല്‍ത്ത് മാന്റേത്. ഞങ്ങള്‍ എല്ലാവരും കൂടെ ഒരു റിസോര്‍ട്ടിലാണ് താമസിക്കുന്നത്. ഞങ്ങള്‍ താമസിക്കുന്ന അതേ കോട്ടേജിലാണ് ഷൂട്ടും നടക്കുന്നത്. ഇന്ന് ഒരു കോട്ടേജിലാണെങ്കില്‍ നാളെ അതിനടുത്തുള്ള കോട്ടേജിലായിരിക്കും ഷൂട്ട്. അപ്പോള്‍ ഞങ്ങള്‍ ഡ്രസും ബാഗുമൊക്കെ എടുത്ത് അങ്ങോട്ടും ഇങ്ങോട്ടും മാറുകയാണ്.

രാത്രിയില്‍ ഒരു റൂമില്‍ ഇരുന്ന് ഞങ്ങള്‍ ഓജോ ബോര്‍ഡ് കളിക്കുമ്പോള്‍ അപ്പുറത്തെ മുറിയില്‍ നിന്ന് സാര്‍ ആക്ഷന്‍ എന്ന് പറയുന്നത് കേള്‍ക്കാം. ഷൂട്ടിനായി പുറത്തുപോയിട്ടേ ഇല്ല.

ഞാനും അനുശ്രീയും അനു സിത്താരയും ചന്തുനാഥും അനുമോഹനും പ്രിയങ്കയും ശിവദയും എല്ലാവരും ചേര്‍ന്നാണ് ഓജോ ബോര്‍ഡ് കളിക്കുന്നത്.

വെളുപ്പിന് നാല് മണി വരെയൊക്കെ ചില ദിവസങ്ങളില്‍ ഷൂട്ടുണ്ടാകും. ഷൂട്ടില്ലാത്തവരാണ് ഗെയിം കളിക്കാന്‍ ഉണ്ടാവുക. ഓജോ ബോര്‍ഡ് ഞങ്ങള്‍ വരച്ചു ഉണ്ടാക്കിയതാണ്. മെഴുകുതിരി അന്വേഷിച്ച് കുറേ നടന്നു.

കുറേ നമ്പറും ലെറ്റേഴ്‌സും ഗുഡ് സ്പിരിറ്റ് പ്ലീസ് കം എന്നുമൊക്കെ ഓജോ ബോര്‍ഡില്‍ എഴുതി. എന്നിട്ട് ഒന്നും വന്നില്ല. പക്ഷേ വന്നതുപോലെ അവര്‍ അഭിനയിച്ച് ഞങ്ങളെ പറ്റിച്ചു.

പിന്നെ ഷോട്ടിന്റെ ഇടയില്‍ നിന്ന് ജീത്തു സാര്‍ വന്നിട്ട് ജനലിലൊക്കെ തട്ടും. ഇതായിരുന്നു അവസ്ഥ. പടം കുറച്ച് സീരിയസ് ആയിരുന്നെങ്കിലും ഞങ്ങള്‍ ഭയങ്കര ഫണ്‍ ആയിരുന്നു. ഒരു ട്രിപ്പ് പോയ പോലെ ആയിരുന്നു, അതിഥി രവി പറഞ്ഞു.

കെ.ആര്‍ കൃഷ്ണകുമാറിന്റെ തിരക്കഥയിലാണ് ട്വല്‍ത്ത് മാന്‍ ഒരുങ്ങുന്നത്. മിസ്റ്ററി ത്രില്ലര്‍ ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍വ്വഹിക്കുന്നത്. സതീഷ് കുറുപ്പ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പശ്ചാത്തലസംഗീതം അനില്‍ ജോണ്‍സണ്‍.

സമീപകാല ഇന്ത്യന്‍ ഒ.ടി.ടി റിലീസുകളിലെ ട്രെന്‍ഡ് സെറ്റര്‍ ആയിരുന്നു ജീത്തു ജോസഫിന്റെ മോഹന്‍ലാല്‍ ചിത്രം ‘ദൃശ്യം 2’. 2013ല്‍ പുറത്തെത്തിയ ദൃശ്യം എന്ന സിനിമയുടെ രണ്ടാംഭാഗമായ ദൃശ്യം 2 ഫെബ്രുവരി 19 നാണ് ഡയറക്റ്റ് ഒ.ടി.ടി റിലീസ് ആയി ആമസോണ്‍ പ്രൈമില്‍ എത്തിയത്.

We use cookies to give you the best possible experience. Learn more