ആ മോഹൻലാൽ ചിത്രത്തിന്റെ പുതുമ ഒരിക്കലും നഷ്ടമാവില്ല, ഞാൻ കണ്ട ആദ്യ സിനിമ: അദിതി ബാലൻ
Entertainment
ആ മോഹൻലാൽ ചിത്രത്തിന്റെ പുതുമ ഒരിക്കലും നഷ്ടമാവില്ല, ഞാൻ കണ്ട ആദ്യ സിനിമ: അദിതി ബാലൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 24th August 2024, 2:13 pm

2016ല്‍ ഇറങ്ങിയ തമിഴ് ചിത്രമായ അരുവിയിലൂടെ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അദിതി ബാലന്‍. അരുവി എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന സിനിമക്ക് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

എച്ച്.ഐ.വി ബാധിതരോട് സമൂഹമെങ്ങനെയാണ് പെരുമാറുന്നതെന്നതിന്റെ നേര്‍ ചിത്രമായിരുന്നു അരുവി. അരുവി എന്ന കഥാപാത്രത്തെയാണ് അദിതി സിനിമയില്‍ അവതരിപ്പിച്ചത്. കോൾഡ് കേസ്, പടവെട്ട് എന്നീ സിനിമകളിലൂടെ മലയാളത്തിലും അദിതി ശ്രദ്ധ നേടിയിരുന്നു.

താൻ ആദ്യമായി കണ്ട ചിത്രം മണിച്ചിത്രത്താഴാണെന്ന് പറയുകയാണ് അദിതി. മോഹൻലാലിന്റെയും ശോഭനയുടെയും വലിയ ആരാധികയാണ് താനെന്നും അദിതി പറഞ്ഞു. അഞ്ചു വയസുള്ളപ്പോഴാണ് ആദ്യമായി മണിച്ചിത്രത്താഴ് കാണുന്നതെന്നും റീ റിലീസ് ആയപ്പോൾ കാണാൻ കാത്തിരിക്കുകയാണെന്നും അദിതി കൂട്ടിച്ചേർത്തു. ദി ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദിതി ബാലൻ.

‘ഞാൻ ആദ്യമായി കണ്ട സിനിമ മണിച്ചിത്രത്താഴാണ്. അത് വളരെ പഴയ ചിത്രമാണ്. എന്റെ ചെറുപ്പത്തിൽ അത് കണ്ടത് ഇപ്പോഴും ഓർക്കുകയാണ്. ഞാനൊരു വലിയ മോഹൻലാൽ ആരാധികയാണ്. അതുപോലെ ശോഭന മാമിനെയും വലിയ ഇഷ്ടമാണ്.

ഇഷ്ടമുള്ള കുറെ സിനിമകളുണ്ട്. അതൊന്നും എനിക്ക് ലിസ്റ്റ് ചെയ്ത് പറയാൻ കഴിയില്ല. അതിനൊരുപാട് സമയം വേണ്ടി വരും. പക്ഷെ ഇപ്പോൾ എന്റെ തലയിൽ ഉള്ളത് മണിച്ചിത്രത്താഴാണ്. റീ റിലീസ് ഞാൻ കണ്ടിട്ടില്ല. ഞാൻ അതിന് കാത്തിരിക്കുകയാണ്.

അന്ന് മണിച്ചിത്രത്താഴ് റിലീസ് ചെയ്തപ്പോൾ എനിക്ക് അഞ്ചു വയസാണ്. ഞാൻ ടി.വിയിലാണ് കണ്ടത്. അപ്പോൾ തിയേറ്ററിൽ കാണുമ്പോൾ ഉറപ്പായിട്ടും ഗംഭീരമായിരിക്കും. ഒരു മാസം മുമ്പും ഞാനത് ടി.വിയിൽ കണ്ടിരുന്നു. മണിച്ചിത്രത്താഴിന്റെ പുതുമ ഒരിക്കലും നഷ്ടമാവില്ല,’അദിതി ബാലൻ പറയുന്നു.

അതേസമയം റീറിലീസിന് ശേഷവും ഗംഭീര സ്വീകരണമാണ് മണിച്ചിത്രത്താഴിന് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിക്കുന്നത്. 4K റീമാസ്റ്റർഡ് വേർഷനായാണ് ചിത്രം വീണ്ടും തിയേറ്ററിൽ എത്തിയത്.

 

Content Highlight: Aditi Balan Talk About Manichithrathazu Movie