2016ല്‍ ഇറങ്ങിയ തമിഴ് ചിത്രമായ അരുവിയിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അദിതി ബാലന്‍. അരുവി എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന സിനിമക്ക് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.
എച്ച്.ഐ.വി ബാധിതരോട് സമൂഹമെങ്ങനെയാണ് പെരുമാറുന്നതെന്നതിന്റെ നേര്‍ ചിത്രമായിരുന്നു അരുവി. അരുവി എന്ന കഥാപാത്രത്തെയാണ് അദിതി സിനിമയില്‍ അവതരിപ്പിച്ചത്. കോൾഡ് കേസ്, പടവെട്ട് എന്നീ സിനിമകളിലൂടെ മലയാളത്തിലും അദിതി ശ്രദ്ധ നേടിയിരുന്നു.
നാനി നായകനാവുന്ന സരിപോധം ശനിവാരമാണ് അദിതിയുടെ പുതിയ ചിത്രം. ചിത്രത്തിൽ നാനിയുടെ സഹോദരിയായിട്ടാണ് അദിതി എത്തുന്നത്. നാനിയോടൊപ്പം അഭിനയിച്ച അനുഭവവും തനിക്ക് എന്തുകൊണ്ടാണ് ബോൾഡ് കഥാപാത്രങ്ങൾ കിട്ടുന്നതെന്നുമെല്ലാം അദിതി പറയുന്നു.
തന്റെ മുഖം കണ്ടിട്ടാവാം ബോൾഡ് കഥാപാത്രങ്ങൾ തേടി വരുന്നതെന്നും നാനിയോടൊപ്പം അഭിനയിച്ചപ്പോൾ വളരെ കംഫർട്ടബിളായി തോന്നിയെന്നും താരം പറയുന്നു. നാനിയെ ശരിക്കും തന്റെ സഹോദരനെ പോലെ തോന്നിയെന്നും അദിതി പറഞ്ഞു. റെഡ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു അദിതി.
‘ഇതിലൊരു സാധാരണ കഥാപാത്രമാണ്. പക്ഷെ നന്നായി പ്രാക്ടിക്കലായി ചിന്തിക്കുന്ന കഥാപാത്രമാണ്. എന്റെ കഥാപാത്രങ്ങളൊന്നും, ഇത് ബോൾഡാണ്, എന്നാൽ ഇത് തെരഞ്ഞെടുക്കാം എന്ന് കരുതി എടുക്കുന്നതല്ല. അത് സംഭവിക്കുന്നതാണ്.
ചിലപ്പോൾ എന്റെ മുഖ ലക്ഷണം അങ്ങനെ ആയതുകൊണ്ട് അത്തരം വേഷങ്ങളിലേക്ക് എന്നെ വിളിക്കുന്നതായിരിക്കും. എന്നാൽ ഈ സിനിമയിലെ കഥാപാത്രം എനിക്കൊരുപാട് ഇഷ്ടപ്പെട്ടു. ഒരു ടീം എന്ന നിലയിലും ഞാൻ ഒരുപാട് എൻജോയ് ചെയ്ത സിനിമയാണിത്.
സംവിധായകൻ വിവേകാണെങ്കിലും നാനിയാണെങ്കിലും എനിക്ക് വളരെ കംഫർട്ടബിൾ ആയിരുന്നു. സെറ്റിൽ നാനി ശരിക്കും എന്റെ സഹോദരനെ പോലെ തന്നെയായിരുന്നു. സത്യം പറഞ്ഞാൽ ഒരു വലിയ സ്റ്റാറാണ് എന്ന ഫീലൊന്നും എനിക്ക് കിട്ടിയില്ല.
നമ്മളോട് സംസാരിക്കുമ്പോഴൊക്കെ വളരെ സിമ്പിളാണ്. സിനിമയിലെ ചില സീനുകൾ കാണുമ്പോൾ എനിക്ക് തോന്നിയിരുന്നു, ഞങ്ങൾ ശരിക്കും ബ്രദർ സിസ്റ്റർ പോലെ തന്നെയുണ്ടല്ലോയെന്ന്. ചിലർ ഞങ്ങളോട് അത് പറയുകയും ചെയ്തിരുന്നു,’ അദിതി ബാലൻ പറയുന്നു.
Content Highlight: Adithi Balan Talk About Actor Nani