ഓം റൗട്ടിന്റെ സംവിധാനത്തില്‍ പ്രഭാസ് നായകനാവുന്ന ആദിപുരുഷ് റിലീസിന് ഒരുങ്ങുകയാണ്. റിലീസിന് മുന്നോടിയായി അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുതിയ പ്രസ്താവന പുറത്തിറക്കിയത് ശ്രദ്ധ നേടിയിരുന്നു. ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ ഒരു സീറ്റ് ഹനുമാന്‍ സ്വാമിക്കായി സമര്‍പ്പിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്.
രാമായണം പ്രദര്‍ശിപ്പിക്കുന്നിടത്ത് ഹനുമാനും ഉണ്ടാവും എന്ന വിശ്വാസം കൊണ്ടാണ് ഒരു സീറ്റ് ഒഴിവാക്കിയിടുന്നതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ചിത്രം കാണാന്‍ ഹനുമാന്‍ എത്തുമെന്നാണ് ആദിപുരുഷ് ടീം വിശ്വസിക്കുന്നത്.
ഈ വാര്‍ത്ത പുറത്ത് വന്നതോടെ ആദിപുരുഷ് വീണ്ടും എയറിലായിരിക്കുകയാണ്. രസകരമായ കമന്റുകളാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്തക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
‘ഒരുപാട് കാലമായുള്ള ആഗ്രഹമാണ് ഹനുമാന്റെ കൂടെ ഒരു മോര്‍ണിങ് ഷോ, ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി.’ എന്നാണ് സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു കമന്റ്.
ഗദ വെക്കാന്‍ പാര്‍ക്കിങ് ഏരിയയില്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്നും സിനിമ തീരുമ്പോള്‍ വായുപുത്രന്‍ റിവ്യൂ നല്‍കുന്നതാണ് എന്നുമൊക്കെ കമന്റുകളുണ്ട്.
‘ഹനുമാന്‍ തിയേറ്ററില്‍ വരുന്നു, ബാല്‍ക്കണിയില്‍ ഇരുന്ന് സിനിമ കാണുന്നു, അടുത്തിരിക്കുന്നവര്‍ക്ക് അനുഗ്രഹം കൊടുക്കുന്നു, ഇന്റര്‍വെല്‍ സമയത്ത് ചായയും പഫ്‌സും തിന്നുന്നു. വീണ്ടും സീറ്റില്‍ വന്നിരുന്നു സിനിമ കാണുന്നു, സിനിമ കണ്ട് പുറത്തിറങ്ങുമ്പോള്‍ ക്യാമറക്ക് മുന്നില്‍ നിന്ന് അഭിപ്രായവും അനുഗ്രഹവും നല്‍കുന്നു. എന്നിട്ട് അപ്രത്യക്ഷമാകുന്നു. ഇതെല്ലാം കണ്ട് ഹിന്ദുക്കള്‍ ഉണരുന്നു. ഹനുമാനെ കാണാന്‍ വരുന്നവരുടെ കളക്ഷന്‍ മാത്രം മതി പടം സൂപ്പര്‍ ഹിറ്റ്. എങ്ങിനെയുണ്ട് എന്റെ ബുദ്ധി,’ എന്നാണ് ശ്രദ്ധ നേടിയ ഒരു നീണ്ട കമന്റ്.
‘പിന്നെ എങ്ങനെ മോദി ഇന്ത്യ ഭരിക്കാതിരിക്കും, ടീസര്‍ കണ്ടിട്ട് മിക്കവാറും എല്ലാ സീറ്റും ഹനുമാന് തന്നെയായിരിക്കും,
അപ്പോള്‍ സുഗ്രീവനോ? അങ്ങേരെ എന്താ തവിടു കൊടുത്തു വാങ്ങിയതാണോ?, ജയ് ഹനുമാന്‍ സീരിയല്‍ സ്‌പോണ്‍സര്‍ ആയ ബ്രിട്ടാനിയ ബിസ്‌ക്കറ്റ് സീറ്റില്‍ വെക്കണേ, എന്റെ സീറ്റ് ആ പാവം രാമന് കൊടുത്തേക്ക് ഞാന്‍ വരുന്നില്ല, ഡിങ്കന് ബാല്‍ക്കണി സീറ്റ് കൊടുക്കണം, ഒരു വാഴയിലയില്‍ സദ്യയും ഒരു നിലവിളക്കും കൂടി വെക്കാമായിരുന്നില്ലേ?, ഹനുമാന്‍ ടിക്കറ്റ് എടുക്കോ? എല്ലാ ദിവസവും എല്ലാ ഷോയും ഹനുമാന്‍ വരോ?,’ എന്നിങ്ങനെ പോകുന്നു സോഷ്യല്‍ മീഡിയ കമന്റുകള്‍.
ജൂണ് 16നാണ് ആദിപുരുഷ് റിലീസ് ചെയ്യുന്നത്. രാമനായി പ്രഭാസും രാവണനായി സെയ്ഫ് അലി ഖാനും എത്തുമ്പോള്‍ സീതയെ പ്രതിനിധീകരിക്കുന്ന കഥാപാത്രത്തെ കൃതി സനനാണ് അവതരിപ്പിക്കുന്നത്.
ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ വലിയ പരിഹാസവും ട്രോളുകളും ചിത്രം ഏറ്റുവാങ്ങിയിരുന്നു. വി.എഫ്.എക്സ് പരിതാപകരമാണെന്നും കൊച്ചു ടിവിക്ക് വേണ്ടിയാണോ സിനിമ ഒരുക്കിയതെന്നുമാണ് സോഷ്യല്‍ മീഡിയ ചോദിച്ചത്. തുടര്‍ന്ന് വി.എഫ്.എക്സില്‍ മാറ്റങ്ങള്‍ വരുത്തി പുതിയ ട്രെയ്ലറും പാട്ടും പുറത്ത് വന്നിരുന്നു.
Content Highlight: adipurush trolls after the dedication of one seat for hanuman