| Wednesday, 19th April 2023, 10:33 pm

ആദിപുരുഷ് ട്രിബേക്ക ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും; ഇന്ത്യയുടെ ആത്മാവുമായി പ്രതിധ്വനിക്കുന്ന കഥയെക്കുറിച്ചുള്ള കാഴ്ചപ്പാടാണിത്: ഓം റൗട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആദിപുരുഷ് ട്രിബേക്ക ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ട്രിബേക്കയില്‍ നടന്ന ചിത്രത്തിന്റെ പ്രീമിയറിനെക്കുറിച്ച് സംവിധായകന്‍ ഓം റൗട്ട് സംസാരിക്കുകയും ചെയ്തിരുന്നു.

ആദിപുരുഷ് ഒരു സിനിമയല്ലെന്നും ഇന്ത്യയുടെ ആത്മാവായി പ്രതിധ്വനിക്കുന്ന കഥയേക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപാടാണെന്നും അദ്ദേഹം പറഞ്ഞു. വേള്‍ഡ് പ്രീമിയറില്‍ പ്രേക്ഷകരുടെ പ്രതികരണം കാണുന്നതിന്റെ ത്രില്ലും ആവേശവും നിറയെ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

”ആദിപുരുഷ് ഒരു സിനിമയല്ല, അതൊരു വികാരമാണ്. ഇന്ത്യയുടെ ആത്മാവുമായി പ്രതിധ്വനിക്കുന്ന ഒരു കഥയെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാടാണിത്.

ട്രിബെക്ക ഫെസ്റ്റിവലിലെ ഈ പ്രീമിയര്‍ എനിക്കും മുഴുവന്‍ ടീമിനും ശരിക്കും അതിശയകരമാണ്. കാരണം നമ്മുടെ സംസ്‌കാരത്തില്‍ വളരെ ആഴത്തില്‍ വേരൂന്നിയ ഒരു കഥ ആഗോള തലത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. വേള്‍ഡ് പ്രീമിയറില്‍ പ്രേക്ഷകരുടെ പ്രതികരണം കാണുന്നതില്‍ ഞങ്ങള്‍ ശരിക്കും ത്രില്ലിലും ആവേശത്തിലുമാണ്.

ജൂണ്‍ 13നാണ് ചിത്രം ട്രിബേക്ക ഫിലിം ഫെസ്റ്റിവലില്‍ പ്രിമിയര്‍ ചെയ്യുക. ‘ആദിപുരുഷി’ല്‍ പ്രഭാസ് രാഘവയാകുമ്പോള്‍ ജാനകിയായി അഭിനയിക്കുന്നത് കൃതി സനോണ്‍ ആണ്.

ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റൗട്ട്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ആദിപുരുഷിന്റെ നിര്‍മാണം. സണ്ണി സിംഗ്, ദേവ്ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ചിത്രത്തിന്റെ വി.എഫ്.എക്സിനെ പരിഹസിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. കൊച്ചു ടിവിക്ക് വേണ്ടിയാണോ സിനിമ ഒരുക്കിയതെന്നാണ് പലരും ചോദിച്ചത്. രാമായണത്തെയും രാവണനെയും ആദിപുരുഷ് തെറ്റായി ചിത്രീകരിക്കുന്നുവെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

content highlight: Adipurush ready to premeier at the tribeca festival

We use cookies to give you the best possible experience. Learn more