വധഭീഷണിയെ തുടര്‍ന്ന് ആദിപുരുഷ് ഡയലോഗ് റൈറ്റര്‍ മനോജ് മുന്താഷിറിന് സംരക്ഷണവുമായി മുംബൈ പൊലീസ്. ആദിപുരുഷിലെ സംഭാഷണങ്ങളില്‍ വധിക്കുമെന്നുള്‍പ്പെടെയുള്ള ഭീഷണികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് മനോജ് തന്നെയാണ് സംരക്ഷണം ആവശ്യപ്പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്.
ചിത്രത്തിലെ ഹനുമാന്റെ ഡയലോഗിനെതിരെയും നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ‘എണ്ണ നിന്റെ പിതാവിന്റേത്, തീയും നിന്റെ പിതാവിന്റേത്,’ എന്ന ഹനുമാന്റെ ഡയലോഗിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമായത്.മര്യാദയില്ലാത്ത സംഭാഷണമാണ് ഇതെന്നും ഹനുമാന്‍ ഒരിക്കലും ഇത്തരത്തില്‍ സംസാരിക്കില്ലെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്.
വിമര്‍ശനങ്ങള്‍ വ്യാപകമായതോടെ മറുപടിയുമായി മനോജ് രംഗത്തെത്തിയിരുന്നു. ഇത്തരത്തിലുള്ള സംഭാഷണങ്ങള്‍ ഉപയോഗിച്ച് മുത്തശ്ശിമാര്‍ രാമായണ കഥ പറഞ്ഞു തന്ന ഒരു ചെറിയ ഗ്രാമത്തില്‍ നിന്നുമാണ് താന്‍ വരുന്നതെന്നും മുമ്പ് സന്ന്യാസിമാരും എഴുത്തുകാരും ഉപയോഗിച്ച ഭാഷ തന്നെയാണ് ഇതെന്നും മനോജ് പറഞ്ഞിരുന്നു.
തങ്ങള്‍ രാമായണമല്ല നിര്‍മിച്ചതെന്നും പകരം അതില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളുകയാണ് ചെയ്തതെന്നും മനോജ് പറഞ്ഞിരുന്നു. മാര്‍ക്കറ്റിങ് കിട്ടാന്‍ രാമായണമെന്ന് എളുപ്പത്തില്‍ പേരിടാമായിരുന്നുവെന്നും എന്നാല്‍ തങ്ങള്‍ നിര്‍മിക്കുന്നത് രാമായണമല്ലെന്ന് അറിയാവുന്നതുകൊണ്ടാണ് അങ്ങനെ ചെയ്യാതിരുന്നതെന്നും മനോജ് മുന്താഷിര്‍ പറഞ്ഞു.
ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ് ജൂണ്‍ 16നാണ് റിലീസ് ചെയ്തത്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തത്. രാമനായി പ്രഭാസ് എത്തിയപ്പോള്‍ രാവണനെ സെയ്ഫ് അലി ഖാനും സീതയെ കൃതി സനണുമാണ് അവതരിപ്പിച്ചത്.