| Saturday, 8th July 2023, 11:40 am

ആദിപുരുഷ് ആളുകളുടെ വികാരം വ്രണപ്പെടുത്തി; നിരുപാധികം മാപ്പ്: ഡയലോഗ് റൈറ്റര്‍ മനോജ് മുന്താഷിര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷകരോട് ക്ഷമ ചോദിച്ച് ആദിപുരുഷ് ഡയലോഗ് റൈറ്റര്‍ മനോജ് മുന്താഷിര്‍. ആദിപുരുഷ് ആളുകളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും കൈകള് കൂപ്പി നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ മനോജ് പറഞ്ഞു.

‘ആദിപുരുഷ് ആളുകളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ഞാന്‍ സമ്മതിക്കുന്നു. കൈകള് കൂപ്പി നിരുപാധികം ക്ഷമ ചോദിക്കുന്നു. പ്രഭു ബജ്‌റംഗ് ബലി നമ്മെ ഐക്യത്തോടെ നിലനിര്‍ത്തുകയും നമ്മുടെ പവിത്രമായ സനാതന ധര്‍മത്തെയും മഹത്തായ രാഷ്ട്രത്തെയും സേവിക്കാന്‍ ശക്തി നല്‍കുകയും ചെയ്യട്ടെ,’ മനോജ് കുറിച്ചു.

റിലീസ് ദിനം മുതല്‍ വലിയ വിമര്‍ശനവും പരിഹാസവുമാണ് ചിത്രത്തിനെതിരെ ഉയര്‍ന്നത്. 700 കോടി മുടക്കിയിട്ടും പോഗോയിലെയും കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്കിലേയും കാര്‍ട്ടൂണുകളുടെ നിലവാരം പോലും ചിത്രത്തിനില്ലെന്നും രാമായണത്തിന്റെ ഏറ്റവും മോശം അഡാപ്‌റ്റേഷനാണ് ചിത്രത്തിനുള്ളതെന്നും വിമര്‍ശകര്‍ പറഞ്ഞു. രാവണന് വന്ന മാറ്റങ്ങളും ആളുകളെ പ്രകോപിതരാക്കി.

ചിത്രത്തിലെ സംഭാഷണങ്ങള്‍ക്കെതിരെയും വിമര്‍ശനമുയര്‍ന്നതോടെ അന്ന് മറുപടിയുമായി മനോജ് രംഗത്തെത്തിയിരുന്നു. ഇത്തരത്തിലുള്ള സംഭാഷണങ്ങള്‍ ഉപയോഗിച്ച് മുത്തശ്ശിമാര്‍ രാമായണ കഥ പറഞ്ഞു തന്ന ഒരു ചെറിയ ഗ്രാമത്തില്‍ നിന്നുമാണ് താന്‍ വരുന്നതെന്നും മുമ്പ് സന്ന്യാസിമാരും എഴുത്തുകാരും ഉപയോഗിച്ച ഭാഷ തന്നെയാണ് ഇതെന്നും മനോജ് പറഞ്ഞിരുന്നു. തങ്ങള്‍ രാമായണമല്ല നിര്‍മിച്ചതെന്നും പകരം അതില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളുകയാണ് ചെയ്തതെന്നും മനോജ് പറഞ്ഞിരുന്നു.

കഴിഞ്ഞ ജൂണ് 16നാണ് ആദിപുരുഷ് റിലീസ് ചെയ്യുന്നത്. പ്രഭാസ് നായകനായ ചിത്രത്തില്‍ കൃതി സനണായിരുന്നു നായിക. സെയ്ഫ് അലി ഖാനാണ് രാവണനായി എത്തിയത്. സണ്ണി സിങ്, ദേവ്ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൗഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രം ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റൗട്ട്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്. ആദ്യദിനങ്ങളില്‍ മികച്ച കളക്ഷന്‍ നേടിയെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞതോടെ ബോക്സ് ഓഫീസിലും ആദിപുരുഷ് തകര്‍ന്നു.

Content Highlight: Adipurush dialogue writer Manoj Muntashir apologises to the audience

We use cookies to give you the best possible experience. Learn more