| Sunday, 18th June 2023, 4:49 pm

ഞങ്ങള്‍ നിര്‍മിച്ചത് രാമായണമല്ല, ഇന്‍സ്പിരേഷനാണ്; മലക്കം മറിഞ്ഞ് ആദിപുരുഷ് ഡയലോഗ് റൈറ്റര്‍; പഴയ വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തങ്ങള്‍ രാമായണമല്ല നിര്‍മിച്ചതെന്നും പകരം അതില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളുകയാണ് ചെയ്തതെന്നും ആദിപുരുഷ് ഡയലോഗ് റൈറ്റര്‍ മനോജ് മുന്താഷിര്‍. മാര്‍ക്കറ്റിങ് കിട്ടാന്‍ രാമായണമെന്ന് എളുപ്പത്തില്‍ പേരിടാമായിരുന്നുവെന്നും എന്നാല്‍ തങ്ങള്‍ നിര്‍മിക്കുന്നത് രാമായണമല്ലെന്ന് അറിയാവുന്നതുകൊണ്ടാണ് അങ്ങനെ ചെയ്യാതിരുന്നതെന്നും ആജ് തക്കിന് നല്‍കിയ പ്രതികരണത്തില്‍ മനോജ് മുന്താഷിര്‍ പറഞ്ഞു.

‘സിനിമയുടെ പേര് ആദിപുരുഷെന്നാണ്. രണ്ട് കാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒന്ന് ഞങ്ങള്‍ രാമായണമല്ല നിര്‍മിച്ചത്, അതില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളുകയായിരുന്നു. സിനിമക്ക് മുമ്പുള്ള ഡിസ്‌ക്ലെയ്മര്‍ കണ്ടാല്‍ അത് വ്യക്തമാകും.

മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ കൂടി പരിഗണിച്ച് സിനിമക്ക് രാമായണം എന്ന് പേരിടാന്‍ ഒരു പ്രയാസവുമില്ലായിരുന്നു. എന്നാല്‍ രാമായണത്തില്‍ പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രം നിര്‍മിക്കുന്നതെന്നും രാമായണമല്ല നിര്‍മിക്കുന്നതെന്നും ഞങ്ങള്‍ക്ക് അറിയാമായിരുന്നു. രാമായണത്തിലെ യുദ്ധഭാഗങ്ങളാണ് ഞങ്ങള്‍ എടുത്തിരിക്കുന്നത്,’ മനോജ് പറഞ്ഞു.

അതേസമയം ഈ വീഡിയോ വൈറലായതിന് പിന്നാലെ മനോജിന്റെ പഴയ വീഡിയോ കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. രാമായണം നന്നായി പഠിച്ച് ഒരു വ്യത്യാസവുമില്ലാതെയാണ് നിര്‍മിച്ചിരുന്നതെന്നാണ് മുമ്പ് മറ്റൊരു വീഡിയോയില്‍ മനോജ് പറഞ്ഞത്.

‘രാമായണം മോഡേണൈസ് ചെയ്യാന്‍ പാടുപെട്ടു. രാമായണം നന്നായി പഠിച്ചിട്ടുണ്ട്. രാമായണം അതേപടി ചെയ്തിരിക്കുകയാണ്. ഒരു മാറ്റവുമില്ല,’ എന്നാണ് പഴയ വീഡിയോയില്‍ മനോജ് പറഞ്ഞത്.

ചിത്രത്തിലെ ഹനുമാന്റെ ഡയലോഗിനെതിരെയും നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ‘എണ്ണ നിന്റെ പിതാവിന്റേത്, തീയും നിന്റെ പിതാവിന്റേത്,’ എന്ന ഹനുമാന്റെ ഡയലോഗിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമായത്. മര്യാദയില്ലാത്ത സംഭാഷണമാണ് ഇതെന്നും ഹനുമാന്‍ ഒരിക്കലും ഇത്തരത്തില്‍ സംസാരിക്കില്ലെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്.

വിമര്‍ശനങ്ങള്‍ വ്യാപകമായതോടെ മറുപടിയുമായി മനോജ് രംഗത്തെത്തിയിരുന്നു. ഇത്തരത്തിലുള്ള സംഭാഷണങ്ങള്‍ ഉപയോഗിച്ച് മുത്തശ്ശിമാര്‍ രാമായണ കഥ പറഞ്ഞു തന്ന ഒരു ചെറിയ ഗ്രാമത്തില്‍ നിന്നുമാണ് താന്‍ വരുന്നതെന്നും മുമ്പ് സന്ന്യാസിമാരും എഴുത്തുകാരും ഉപയോഗിച്ച ഭാഷ തന്നെയാണ് ഇതെന്നും മനോജ് പറഞ്ഞിരുന്നു.

Content Highlight: Adipurush dialogue writer Manoj Muntashi said that they did not make the Ramayana but an inspiration

We use cookies to give you the best possible experience. Learn more