| Thursday, 19th June 2014, 5:46 pm

അഡിയോസ് എസ്പാന

ഡൂള്‍ന്യൂസ് ഡെസ്‌ക്

 മനോഹരമായ  കേളീശൈലിയാണ് ടിക്കി ടാക്ക. ഏത് ടീമും സ്വായത്തമാക്കാന്‍ ആഗ്രഹിക്കുന്നത്. ഏതൊരു ഫുട്‌ബോള്‍ ആസ്വാദകനും കണ്ണിമവെട്ടാതെ ആസ്വദിച്ചിരിക്കുന്നത്. കുറിയ കുറിയ പാസുകളുടെ അലമാലകള്‍ തീര്‍ത്ത് പന്ത് എതിര്‍ ടീമിന് നല്‍കാതെ കൈവശം വച്ച് കളിക്കുന്ന പൊസഷന്‍ ഗെയിം. റിസീവ്, പാസ്, ഓഫര്‍, റിസീവ്, പാസ്, ഓഫര്‍…താളബദ്ധമായി ഒഴുകുന്ന പുഴ പോലെ മൈതാനത്ത് പന്തുമായുള്ള നീക്കം. കളിയെ മൈതാനത്തിന്റെ മധ്യത്തില്‍ തളച്ചിടുകയും ഒരു പ്രത്യേക താളത്തില്‍ മുന്നേറുകയും ചെയ്യുന്ന ശൈലി. എതിര്‍ ഗോള്‍ പോസ്റ്റില്‍ പന്ത് വിശ്രമിക്കുമ്പോള്‍ മാത്രം അവസാനിക്കുന്ന പ്രക്രിയ. ആ കേളീശൈലിക്കാണ് അവസാനം സംഭവിച്ചിരിക്കുന്നത്. ..


 

  വിബീഷ് വിക്രം

[] സ്‌പെയിന്‍- ചിലി മത്സരം ലോകഫുട്‌ബോളിന്റെ കളിമുറ്റമായ മാറക്കാനയില്‍ പുരോഗിമിക്കുന്നു. ആദ്യപകുതി അവസാനിച്ചപ്പോള്‍ സ്‌പെയിന്‍ രണ്ട് ഗോളുകള്‍ക്ക് പിന്നില്‍. മുഖത്ത് ചുമപ്പും മഞ്ഞയും നിറത്തിലുള്ള ചായവും പൂശി സ്‌പെയിന്‍ ജഴ്‌സിയുമണിഞ്ഞ് കൊട്ടും പാട്ടുമായി ടീമിന്റെ വിജയത്തിനായി ആര്‍ത്തലയ്ക്കാനെത്തിയ ആരാധകരെല്ലാം സ്തബധരായിരിക്കുന്നു. ചിലര്‍ കണ്ണീര്‍ വാര്‍ക്കുന്നുണ്ട്. മറ്റ് ചിലര്‍ മൈതാന മധ്യത്തെ കളിയിലേക്ക് ശ്രദ്ധിക്കാതെ മറ്റെവിടേക്കോ കണ്ണും നട്ടിരിക്കുന്നു. അതിനിടക്കാണ് കാണികളില്‍ നിന്നും ഒരു ബാനര്‍ ഉയര്‍ന്നു വന്നത് ടെലിവിഷന്‍ ക്യാമറകള്‍ ഒപ്പിയെടുത്തത്. അതില്‍ കറുത്ത പ്രതലത്തില്‍ വെളുത്ത അക്ഷരങ്ങളിലെഴുതിയിരിക്കുന്നു. അഡിയോസ് എസ്പാന. വിട, സ്‌പെയിന്‍.


ടിക്കിടാക്കയെന്ന മനോഹരമായ കേളീശൈലിയും പ്രതിഭാധനരായ ഒരുപിടി താരങ്ങളുമായി ലോകക്കപ്പ് നിലനിര്‍ത്താനെത്തിയ സ്‌പെയിന്‍ ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായിരിക്കുന്നു. അവിശ്വസിനീയമായ പതനം. ലോക ഫുട്‌ബോളിന്റെ തലപ്പത്തെ രാജകീയ വാഴ്ചയില്‍ നിന്ന് സ്‌പെയിന്‍ മൂക്കും കുത്തി താഴേക്ക് വീണിരിക്കുന്നു. വിജയവീഥിയില്‍ നിന്ന് പരാജയത്തിന്റെ ഇരുണ്ട ഗര്‍ത്തത്തിലേക്കുളള സ്‌പെയിനിന്റെ വീഴ്ച മാറക്കാന ദുരന്തത്തോടെ പൂര്‍ണ്ണമായി. ഭൂമിയില്‍ ഒന്നും ശാശ്വതമല്ല. എല്ലാ നിലനില്‍പ്പുകള്‍ക്കും ഒരു അവസാനമുണ്ടാകും. ഒരിക്കല്‍ ഉയരങ്ങളിലേക്ക് പറുയര്‍ന്നേക്കാം. അതുപോലെ മുകളില്‍ നിന്നുള്ള വീഴ്ചയും പ്രതീക്ഷിക്കാം. 

എത്രത്തോളം ഉയരത്തില്‍ നിന്നായിരുന്നു എന്നതിനെ ആശ്രയിച്ചിരിക്കും വീഴ്ചയുടെ ആഘാതം. ഇവിടെ സ്‌പെയിനിന്റെ വീഴ്ചക്ക് ആഘാതമേറും. ലോക, യൂറോപ്യന്‍ ചാമ്പ്യന്മാരെ ലേബലില്‍, ഉന്നതിയില്‍ നിന്നാണ് സ്‌പെയിനിന്റെ വിഴ്ച. ടിക്കിടാക്കയുടെ ചിറകില്‍ ആറ് വര്‍ഷത്തോളം ലോക ഫുട്‌ബോളില്‍ രാജകീയമായി വിരാജിച്ച സ്‌പെയിനിന്റെ സുവര്‍ണ്ണകുതിപ്പിനാണ് അവസാനമായിരിക്കുന്നത്. മനോഹരമായ കേളീശൈലിയാണ് ടിക്കി ടാക്ക. ഏത് ടീമും സ്വായത്തമാക്കാന്‍ ആഗ്രഹിക്കുന്നത്. ഏതൊരു ഫുട്‌ബോള്‍ ആസ്വാദകനും കണ്ണിമവെട്ടാതെ ആസ്വദിച്ചിരിക്കുന്നത്. കുറിയ കുറിയ പാസുകളുടെ അലമാലകള്‍ തീര്‍ത്ത് പന്ത് എതിര്‍ ടീമിന് നല്‍കാതെ കൈവശം വച്ച് കളിക്കുന്ന പൊസഷന്‍ ഗെയിം. 

റിസീവ്, പാസ്, ഓഫര്‍, റിസീവ്, പാസ്, ഓഫര്‍…താളബദ്ധമായി ഒഴുകുന്ന പുഴ പോലെ മൈതാനത്ത് പന്തുമായുള്ള നീക്കം. കളിയെ മൈതാനത്തിന്റെ മധ്യത്തില്‍ തളച്ചിടുകയും ഒരു പ്രത്യേക താളത്തില്‍ മുന്നേറുകയും ചെയ്യുന്ന ശൈലി. എതിര്‍ ഗോള്‍ പോസ്റ്റില്‍ പന്ത് വിശ്രമിക്കുമ്പോള്‍ മാത്രം അവസാനിക്കുന്ന പ്രക്രിയ. ആ കേളീശൈലിക്കാണ് അവസാനം സംഭവിച്ചിരിക്കുന്നത്. ഒരേ തന്ത്രം എക്കാലത്തും വിജയിക്കുകയെന്നത് അസാധ്യമാണ്. ടിക്കി ടാക്കയ്ക്ക് വയസ്സായിരിക്കുന്നു. സ്‌പെയിന്‍ താരങ്ങള്‍ക്കും. എതിരാളികള്‍ ഇഴകീറി ടിക്കിടാക്കയെ പരിശോധനക്ക് വിധേയമാക്കിയിരിക്കുന്നു. അവര്‍ മറുതന്ത്രങ്ങളും ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ തുടങ്ങിയിരിക്കുന്നു. 

അതിന്റെ ദൃഷ്ടാന്തങ്ങള്‍ കുറെ മുമ്പെ പ്രകടമായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 2012 കോഫെഡറേഷന്‍ കപ്പിന്റെ ഫൈനലില്‍. അന്ന് മാറക്കാനയില്‍ കാലങ്ങളായി പയറ്റിത്തെളിഞ്ഞ ടിക്കിടാക്കയെന്ന അനുപമ ശൈലിയുടെ ന്യൂനതകള്‍ ബ്രസീല്‍ ലോകത്തിനും സ്‌പെയിനും മനസ്സിലാക്കി കൊടുത്തതാണ്. ആക്രമണ ഫുട്‌ബോളിന്റെ ചാരുതയാല്‍ കാനറികള്‍ സ്‌പെയിനിനെ തൂത്തുവാരി മുന്നറിയിപ്പ് നല്‍കിയതാണ്. കാലഹരണപ്പെട്ടിരിക്കുന്നു നിങ്ങളുടെ കേളീശൈലിയെന്ന്. എാല്‍ സൂചനകള്‍ മുഖവിലക്കെടുക്കാതെ മുന്നോട്ട് പോവുകയാണ് സ്‌പെയിന്‍ ചെയ്തത്. 

വര്‍ഷങ്ങളായി തുടരുന്ന കേളീ ശൈലിയില്‍ വേണ്ട ഗുണപരമായമാറ്റങ്ങള്‍ വരുത്താതെ കളിക്കാനിറങ്ങിയ സ്‌പെയിന്‍ അര്‍ഹിച്ചതാണീ പരാജയം. കളിക്കു ശേഷം സ്‌പെയിന്‍ മിഡ് ഫീല്‍ഡര്‍ സാബി അലാന്‍സോ പറഞ്ഞതിങ്ങനെ.” എങ്ങിനെ ജയിക്കാമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഇപ്പോള്‍ പരാജയപ്പെടുന്നത് എങ്ങിനെയാണെന്നും ഞങ്ങള്‍ പഠിച്ചിരിക്കുന്നു. തീര്‍ത്തും അപ്രതീക്ഷിതമായ തോല്‍വായായിരുന്നു. പക്ഷെ ഇത് സ്‌പോര്‍ട്‌സാണ്. അപ്രതീക്ഷിതമായതും സംഭവിക്കാം. കാര്യങ്ങള്‍ മാറുക തന്നെ ചെയ്യും”. കാര്യങ്ങള്‍ മാറട്ടെ. സ്‌പെയിന്‍ തിരിച്ചു വരട്ടെ. ആരാധകരെ കയ്യിലെടുക്കുന്ന പുതിയൊരു ശൈലിയുമായി. പുതിയൊരു താരനിരയുമായി. ലോകഫുട്‌ബോളിന്റെ ഉന്നതങ്ങളില്‍ വീണ്ടും നീണ്ട കാലം വിരാജിക്കാന്‍ സ്പയിനിന് കഴിയട്ടെ. 




We use cookies to give you the best possible experience. Learn more