എന്താണ് ബോസേ ഇത്? റബ്ബര്‍ബാന്‍ഡ് തോറ്റ് പോകുമല്ലോ
Entertainment
എന്താണ് ബോസേ ഇത്? റബ്ബര്‍ബാന്‍ഡ് തോറ്റ് പോകുമല്ലോ
അമര്‍നാഥ് എം.
Friday, 9th August 2024, 3:22 pm

നവാഗതനായ നഹാസ് നാസര്‍ സംവിധാനം ചെയ്ത് ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തിയ ചിത്രമാണ് അഡിയോസ് അമിഗോ. ചിത്രത്തിന്റേതായ പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്കും പാട്ടുകളും ട്രെയ്‌ലറുമെല്ലാം ഫീല്‍ഗുഡ് കോമഡി സിനിമ എന്ന പ്രതീതിയാണ് നല്‍കിയത്. എന്നാല്‍ രണ്ടേമുക്കാല്‍ മണിക്കൂറിനടുത്ത് ദൈര്‍ഘ്യമുള്ള ചിത്രം അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകന്റെ ക്ഷമ പരീക്ഷിച്ചു.

സിനിമയുടെ പ്രധാന പ്ലോട്ട് ആദ്യത്തെ 20 മിനിറ്റില്‍ പറഞ്ഞതിന് ശേഷം സമയം തികക്കാന്‍ വേണ്ടി വലിച്ചുനീട്ടിയത് പോലെയാണ് തോന്നിയത്. ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും ഓരോ സ്ഥലത്തേക്ക് പോകുന്നത് കാണുമ്പോള്‍ എന്തിനാണ് പോകുന്നതെന്ന് പോലുമറിയാതെ അന്തംവിട്ടിരിക്കുന്ന അവസ്ഥയാണ് പ്രേക്ഷകന്റേത്. ഓരോ മിനിറ്റിലുമുള്ള ആസിഫിന്റെ ബോസേ എന്ന വിളിയും ക്ഷമ നശിപ്പിച്ചു.

സിനിമയില്‍ കുറച്ചെങ്കിലും കൊള്ളാമെന്ന് തോന്നിയത് രണ്ടാം പകുതിയില്‍ ആസിഫ് അലി -അനഘ എന്നിവര്‍ കണ്ടുമുട്ടുന്ന സീനാണ്. അതിന് മുമ്പുള്ള സീനിലെ ആസിഫിന്റെ പെര്‍ഫോമന്‍സ് ഗംഭീരമായിരുന്നു. ഇരുവരും കണ്ടുമുട്ടുന്ന സീന്‍ ആസിഫിലെ നടനെ അടയാളപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ ആ സീനിന് ശേഷം വീണ്ടും നൂല് പൊട്ടിയ പട്ടം പോലെ സിനിമ എവിടെയൊക്കെയോ പോയി.

സിനിമയുടെ ഒടുവിലെത്തുന്ന ഷൈന്‍ ടോം ചാക്കോ പ്രേക്ഷകരുടെ പ്രതിനിധിയായാണ് തോന്നിയത്. സിനിമ കാണുന്ന ഓരോരുത്തര്‍ക്കും ചോദിക്കാന്‍ തോന്നിയത് സുരാജിനോട് ഷൈന്‍ ചോദിക്കുന്നുണ്ട്. സുരാജിന്റെ ഇടുക്കി സ്ലാങ്ങ് നല്ല രീതിയില്‍ ഏച്ചുകെട്ടല്‍ അനുഭവപ്പെട്ടു. ഫീല്‍ ഗുഡിന് വേണ്ടി ഒപ്പിച്ചെടുത്ത ക്ലൈമാക്‌സ് കൂടിയായപ്പോള്‍ എല്ലാം പൂര്‍ണം.

കെട്ടുറപ്പില്ലാത്ത തിരക്കഥ തന്നെയാണ് സിനിമയുടെ പ്രധാന നെഗറ്റീവ്. കെട്ട്യോളാണെന്റെ മാലാഖക്ക് ശേഷം തങ്കം എഴുതുന്ന സ്‌ക്രിപ്റ്റ് എന്ന രീതിയില്‍ നല്ല പ്രതീക്ഷയുള്ളതായിരുന്നു. പക്ഷേ, പറയാനുദ്ദേശിച്ച കാര്യം എങ്ങനെ അവതരിപ്പിക്കണമെന്ന കാര്യത്തില്‍ എഴുത്തുകാരനും സംവിധായകനും ബുദ്ധിമുട്ടിയതുപോലെയാണ് സിനിമ കണ്ടപ്പോള്‍ തോന്നിയത്.

ആസിഫ് അലി ചില ഭാഗത്ത് ഓവറാക്കിയപ്പോള്‍ ചില ഭാഗത്ത് ഗംഭീര പെര്‍ഫോമന്‍സ് കാഴ്ചവെച്ചു. ഫ്‌ളാഷ്ബാക്ക് പറയുന്ന സീനുകള്‍ കണ്ണ് നിറയിച്ചു. സീരിയസ് റോളുകള്‍ വിട്ട് കോമഡിയിലേക്ക് പോകാന്‍ ബുദ്ധിമുട്ടുന്ന സുരാജിനെയാണ് സിനിമയിലുടനീളം കണ്ടത്. സീരിയസ് വിടുകയും ചെയ്തു, കോമഡിയിലേക്കെത്തിയതുമില്ല എന്ന അവസ്ഥയായി. അനഘ ഒഴികെ മറ്റ് കഥാപാത്രങ്ങള്‍ക്കൊന്നും യാതൊരു ഇംപാക്ടും ഉണ്ടാക്കാന്‍ പറ്റിയതുമില്ല.

ജേക്ക്‌സ് ബിജോയ്‌യുടെ ബി.ജി.എം തരക്കേടില്ല എന്ന് തോന്നി. ഡബ്‌സി പാടിയ പാട്ടൊഴികെ വേറൊരു പാട്ടും വലിയ ഇംപാക്ട് ഉണ്ടാക്കിയില്ല. ജിംഷി ഖാലിദിന്റെ ഛായാഗ്രഹണവും നന്നായിരുന്നു. മൊത്തത്തില്‍ എന്തൊക്കെയോ പറയാന്‍ ശ്രമിച്ച് ഒന്നും പറയാന്‍ പറ്റാതെ പോയ സിനിമയായി അഡിയോസ് അമിഗോ മാറി.

Content Highlight: Adios Amigo review

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം