| Wednesday, 17th November 2021, 12:08 pm

മൈക്കല്‍ അത് ഓര്‍മിക്കണമെന്നില്ല, ഞങ്ങള്‍ ഓര്‍ക്കുന്നുണ്ട്; മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോഗന്‍ ഏഷ്യന്‍ വംശജരെ അപമാനിച്ചിരുന്നെന്ന് ആദില്‍ റഷീദും അസീം റഫീഖും

സ്പോര്‍ട്സ് ഡെസ്‌ക്

മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ക്യാപ്റ്റന്‍ മൈക്കല്‍ വോഗനെതിരെ വംശീയാധിക്ഷേപ ആരോപണവുമായി ക്രിക്കറ്റര്‍മാരായ ആദില്‍ റഷീദും അസീം റഫീഖും.

മുന്‍ യോര്‍ക്ക്‌ഷൈര്‍ ക്രിക്കറ്റര്‍ അസീം റഫീഖിന്റെ വംശീയാധിക്ഷേപ പരാതികളെ പിന്താങ്ങിക്കൊണ്ടാണ് ഇംഗ്ലീഷ് സ്പിന്നര്‍ ആദില്‍ റഷീദ് സംസാരിച്ചത്.

ഏഷ്യന്‍ വംശജരെ അപമാനിക്കുന്ന തരത്തില്‍ മൈക്കല്‍ വോഗന്‍ പരാമര്‍ശം നടത്തിയിരുന്നതായാണ് ഇംഗ്ലീഷ് ക്രിക്കറ്റര്‍ ആദില്‍ റഷീദും മുന്‍ ഇംഗ്ലീഷ് ക്ലബ് താരം അസീം റഫീഖും പറഞ്ഞത്.

2009ല്‍ ഏഷ്യന്‍ വംശജരായ യോര്‍ക്ക്‌ഷൈര്‍ ക്ലബിലെ കളിക്കാരുടെ മുന്നില്‍ വെച്ച് അവരെ അപമാനിക്കുന്ന തരത്തില്‍ മൈക്കല്‍ വോഗന്‍ സംസാരിച്ചിരുന്നു എന്ന് മുന്‍ പാക് ക്രിക്കറ്റര്‍ റാണ നാവെദ്-ഉല്‍-ഹസന്‍ പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് റഷീദും സംസാരിക്കുകയായിരുന്നു.

”നിങ്ങള്‍ വളരെയധികം പേരുണ്ട്. ഇതില്‍ എന്തെങ്കിലും ചെയ്‌തേ മതിയാകൂ,” എന്നായിരുന്നു ഏഷ്യന്‍ കളിക്കാരുടെ മുന്നില്‍ വെച്ച് വോഗന്‍ പരിഹാസരൂപേണ പറഞ്ഞത്.
ഇംഗ്ലീഷ് ക്ലബ് യോര്‍ക്ക്‌ഷൈറിന് വേണ്ടി മുമ്പ് കളിച്ചിട്ടുള്ള റഫീഖും വോഗന്റെ പരാമര്‍ശത്തെക്കുറിച്ച് സംസാരിച്ചു.

”മൈക്കല്‍ അത് ഓര്‍മിക്കണമെന്നില്ല. എന്നാല്‍ ഞാനും ആദിലും റാണയും അത് ഓര്‍ക്കുന്നുണ്ട്,” എന്നായിരുന്നു ഇതേപ്പറ്റി റഫീഖ് പ്രതികരിച്ചത്.

നേരത്തെ യോര്‍ക്ക്‌ഷൈര്‍ ക്ലബിന് വേണ്ടി കളിച്ച സമയത്ത് താന്‍ നേരിടേണ്ടി വന്ന വംശീയ അധിക്ഷേപങ്ങളെക്കുറിച്ച് റഫീഖ് അധികൃതര്‍ക്ക് മുന്നില്‍ സംസാരിച്ചിരുന്നു. പാകിസ്ഥാനില്‍ ജനിച്ച തന്നെയും മറ്റ് ഏഷ്യന്‍ വംശജരേയും അധിക്ഷേപിക്കുന്ന തരത്തില്‍ ക്ലബ് ക്രിക്കറ്റ് കാലത്ത് പലരും കമന്റ് ചെയ്തിരുന്നെന്നാണ് റഫീഖ് പറഞ്ഞത്.

‘ഞാനും ഏഷ്യന്‍ പശ്ചാത്തലത്തില്‍ നിന്ന് വരുന്ന മറ്റുള്ളവരും ടോയ്‌ലറ്റിനരികെ ഇരിക്കേണ്ടവരാണ്’ എന്ന രീതിയില്‍ കമന്റുകള്‍ വന്നിരുന്നെന്നും റഫീഖ് പറഞ്ഞിരുന്നു.

‘പാകി’ എന്ന പേരിലാണ് തന്നെ അഭിസംബോധന ചെയ്തിരുന്നതെന്നും മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റര്‍മാരായ മാത്യു ഹൊഗാര്‍ഡ്, ടിം ബ്രെസ്‌നന്‍, ഗാരി ബാലന്‍സ്, ഡേവിഡ് ലോയ്ഡ് എന്നിവര്‍ തനിക്കെതിരെ വംശീയപരമായ കമന്റുകള്‍ പറഞ്ഞിരുന്നെന്നും അധികൃതര്‍ക്ക് മുന്നില്‍ വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Adil Rashid says that Michael Vaughan made racial comments to Asian players

We use cookies to give you the best possible experience. Learn more