ത്രീ ലയണ്‍സിന്റെ ഇടിവെട്ട് സ്പിന്‍ ഡിഫന്റര്‍; ബ്രോഡിന് പോലും സാധിക്കാത്ത റെക്കോഡ് തൂക്കി ആദില്‍ റഷീദ്
Sports News
ത്രീ ലയണ്‍സിന്റെ ഇടിവെട്ട് സ്പിന്‍ ഡിഫന്റര്‍; ബ്രോഡിന് പോലും സാധിക്കാത്ത റെക്കോഡ് തൂക്കി ആദില്‍ റഷീദ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 11th November 2024, 7:34 pm

ഇംഗ്ലണ്ടിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ രണ്ടാം ടി-20 മത്സരത്തില്‍ വമ്പന്‍ വിജയമാണ് സന്ദര്‍ശകര്‍ സ്വന്തമാക്കിയത്. അഞ്ച് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ ഇതോടെ 2-0ന് ത്രീ ലയണ്‍സ് മുന്നിലാണ്.

കെന്‍സിങ്ടണ്‍ ഓവലില്‍ നടന്ന രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് വിന്‍ഡീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ന്ന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് ടീം നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 14.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.

വിന്‍ഡീസിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റന്‍ റോവ്മാന്‍ പവല്‍ ആണ്. 43 റണ്‍സാണ് താരം ടീമിന് വേണ്ടി നേടിയത്. റൊമാരിയോ 22 റണ്‍സും നേടി. മറ്റുള്ളവര്‍ക്ക് കാര്യമായി സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല. ഇംഗ്ലണ്ടിന് വേണ്ടി സാക്കിബ് മുഹമ്മദ്, ലിയാം ലിവിങ്സറ്റണ്‍, ഡാന്‍ മൗസ്ലി എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. ഒരു മെയ്ഡന്‍ അടക്കമാണ് ആദില്‍ റഷീദ് ബൗളിങ്ങില്‍ മികവ് പുലര്‍ത്തിയത്.

ഇതോടെ ഒരു കിടിലന്‍ റെക്കോഡ് സ്വന്തമാക്കാനും റഷീദിന് സാധിച്ചിരിക്കുകയാണ്. ടി-20 ഐയില്‍ ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ മെയ്ഡന്‍ ഓവറുകള്‍ സ്വന്തമാക്കുന്ന താരമാകാനാണ് ആദിലിന് സാധിച്ചത്.

ടി-20 ഐയില്‍ ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ മെയ്ഡന്‍ ഓവറുകള്‍ സ്വന്തമാക്കുന്ന താരം, മെയ്ഡന്‍ ഓവറുകളുടെ എണ്ണം

ആദില്‍ റഷീദ് – 5*

ഗ്രാമി സ്വാന്‍ – 4

ജോഫ്രാ ആര്‍ച്ചര്‍ – 2

ക്രിസ് ജോര്‍ദാന്‍ – 2

സ്റ്റുവര്‍ട്ട് ബ്രോഡ് – 2

സാം കറണ്‍ – 2

മത്സരത്തില്‍ ഇംഗ്ലണ്ടിനെ തകര്‍പ്പന്‍ വിജയത്തിലേക്ക് നയിച്ചത് ക്യാപ്റ്റ്ന്‍ ജോസ് ബട്‌ലറിന്റെ വെടിക്കെട്ട് പ്രകടനമായിരുന്നു. 45 പന്തില്‍ നിന്ന് ആറ് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 83 റണ്‍സാണ് താരം അടിച്ചെടുത്തത്.

മത്സരത്തില്‍ ബട്ലറിന് പുറമെ വില്‍ ജാക്സ് 38 റണ്‍സ് നേടി മികവ് പുലര്‍ത്തി. ലിയാം ലിവിങ്സ്റ്റണ്‍ 23 റണ്‍സും ജേക്കബ് ബെത്തല്‍ മൂന്ന് റണ്‍സും നേടി പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ബട്ലറിന്റെയും ജാക്സിന്റെ യും വിക്കറ്റ് നേടിയത് റൊമാരിയോ ഷപ്പേഡ് ആണ്. ആകേല്‍ ഹുസൈന്‍ ഫില്‍ സാള്‍ട്ടിനെ പൂജ്യം റണ്‍സിന് പറഞ്ഞയച്ചിരുന്നു.

Content Highlight: Adil Rashid In Great Record Achievement For England In Bowling