രാജ്യത്തിനായി കളിച്ച നൂറാം ടി-20 മത്സരത്തില്‍ നൂറാം ടി-20 വിക്കറ്റ് നേടി ഇംഗ്ലണ്ട് സ്റ്റാര്‍ സ്പിന്നര്‍ ആദില്‍ റഷീദ്. ഇംഗ്ലണ്ടിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ആദ്യ ടി-20യിലാണ് റഷീദ് ഈ നേട്ടം സ്വന്തമാക്കിയത്.
വിന്‍ഡീസിനെതിരായ മത്സരത്തിന് മുമ്പേ 98 അന്താരാഷ്ട്ര ടി-20 വിക്കറ്റുകളായിരുന്നു റഷീദിന്റെ പേരിലുണ്ടായിരുന്നത്. ഓപ്പണര്‍ കൈല്‍ മയേഴ്‌സിനെ പുറത്താക്കിയതോടെ വിക്കറ്റ് നേട്ടത്തിലെ സെഞ്ച്വറിക്ക് തൊട്ടരികില്‍ താരമെത്തിയിരുന്നു.
One of the very best we’ve ever had ❤️#EnglandCricket | #WIvENG pic.twitter.com/JkGc33TpCD
— England Cricket (@englandcricket) December 12, 2023
Now 💯 IT20 wickets! Adil Rashid is a legend 👑#EnglandCricket | #WIvENG pic.twitter.com/ZKYsS32Fen
— England Cricket (@englandcricket) December 13, 2023
12ാം ഓവറിലെ മൂന്നാം പന്തില്‍ വിന്‍ഡീസ് വെടിക്കെട്ട് വീരന്‍ ഷിംറോണ്‍ ഹെറ്റ്‌മെയറിനെ ബെന്‍ ഡക്കറ്റിന്റെ കൈകളിലെത്തിച്ച് മടക്കിയതോടെ ചരിത്രമാണ് പിറന്നത്. ടി-20യില്‍ 100 വിക്കറ്റ് നേടുന്ന ആദ്യ ഇംഗ്ലണ്ട് താരമെന്ന നേട്ടവും ഏക ഇംഗ്ലണ്ട് താരമെന്ന നേട്ടവും 35കാരനായ ലെഗ് ബ്രേക്കര്‍ തന്റെ പേരില്‍ കുറിച്ചു.
ഇതിന് പുറമെ ടി-20 ഫോര്‍മാറ്റില്‍ 100 വിക്കറ്റ് തികയ്ക്കുന്ന താരങ്ങളുടെ പട്ടികയില്‍ പത്താമനായി ഇടം നേടാനും ഇതോടെ ആദില്‍ റഷീദിനായി.
25.99 എന്ന ശരാശരിയിലും 3.60 എന്ന എക്കോണമിയിലും പന്തെറിയുന്ന ആദില്‍ റഷീദിന്റെ സ്‌ട്രൈക്ക് റേറ്റ് 58.1 ആണ്.
2021 ടി-20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ട് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് താരത്തിന്റെ മികച്ച പ്രകടനം. ക്യാപ്റ്റന്‍ കെയ്‌റോണ്‍ പൊള്ളാര്‍ഡ്, ആന്ദ്രേ റസല്‍, ഒബെഡ് മക്കോയ്, രവി രാംപോള്‍ എന്നിവരെയാണ് റഷീദ് മടക്കിയത്.
അതേസമയം, മത്സരത്തില്‍ ഇംഗ്ലണ്ട് പരാജയപ്പെട്ടിരുന്നു. ഇംഗ്ലണ്ട് ഉയര്‍ത്തിയ 171 റണ്‍സിന്റെ വിജയലക്ഷ്യം 11 പന്തും നാല് വിക്കറ്റും ശേഷിക്കെ കരീബിയന്‍സ് മറികടക്കുകയായിരുന്നു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കം ലഭിച്ചിരുന്നു. ജോസ് ബട്‌ലര്‍ – ഫില്‍ സോള്‍ട്ട് കൂട്ടുകെട്ടില്‍ ഇംഗ്ലണ്ടിന് മികച്ച തുടക്കം ലഭിച്ചിരുന്നു. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു.
ഏഴാം ഓവറിലെ ആദ്യ പന്തിലാണ് സോള്‍ട്ട് – ബട്‌ലര്‍ കൂട്ടുകെട്ട് പിരിയുന്നത്. 20 പന്തില്‍ 40 റണ്‍സ് നേടിയ ഫില്‍ സോള്‍ട്ടിനെ പുറത്താക്കി ആന്ദ്രേ റസലാണ് കിരീബിയന്‍സിന് അവശ്യമായ ബ്രേക് ത്രൂ നല്‍കിയത്. ഷിംറോണ്‍ ഹെറ്റ്മെയറിന് ക്യാച്ച് നല്‍കിയാണ് സോള്‍ട്ട് പുറത്തായത്. ആറ് ഫോറും ഒരു സിക്സറും ഉള്‍പ്പെടെ 200.00 എന്ന സ്ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.
ബട്‌ലറും സോള്‍ട്ടും അടിത്തറയിട്ട ഇന്നിങ്സ് കെട്ടിപ്പൊക്കാന്‍ മറ്റുള്ളവര്‍ക്ക് സാധിക്കാതെ പോയപ്പോള്‍ ഇംഗ്ലണ്ട് ഇന്നിങ്സിന്റെ വേഗം കുറഞ്ഞു. ടീം സ്‌കോര്‍ 117ല്‍ നില്‍ക്കവെ ക്യാപ്റ്റന്‍ ബട്‌ലറും പുറത്തായി. 31 പന്തില്‍ 39 റണ്‍സ് നേടി നില്‍ക്കവെ അകീല്‍ ഹൊസൈന്റെ പന്തില്‍ ഹെറ്റ്മെയറിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.
പിന്നാലെയെത്തിയവര്‍ക്ക് സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കാതെ വന്നതോടെ ഇംഗ്ലണ്ട് 19.3 ഓവറില്‍ 171ന് ഓള്‍ ഔട്ടായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് ടോപ് ഓര്‍ഡറിന്റെയും മിഡില്‍ ഓര്‍ഡറിന്റെയും കരുത്തില്‍ അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ചപ്പോള്‍ വിന്‍ഡീസ് 1-0ന് മുമ്പിലാണ്. ഏകദിന പരമ്പര നേടിയതുപോലെ ടി-20 പരമ്പരയും സ്വന്തമാക്കുകയാണ് വിന്‍ഡീസിന്റെ ലക്ഷ്യം.
വ്യാഴാഴ്ചയാണ് പരമ്പരയലെ രണ്ടാം മത്സരം. ഗ്രനഡ നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.
Content highlight: Adil Rashid completes 100 T20I wickets