ഖത്തര്‍ ലോകകപ്പ് ഫൈനലിലെ ജയത്തിന് ശേഷം അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് പലവിധേന എംബാപ്പെയെ പരിഹസിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.
ഏറ്റവും മികച്ച ഗോള്‍ കീപ്പറിനുള്ള ഗോള്‍ഡന്‍ ഗ്ലൗ സ്വന്തമാക്കിയ മാര്‍ട്ടിനെസ് പുരസ്‌കാര വേദിയില്‍ വെച്ച് ഫ്രഞ്ച് താരങ്ങള്‍ക്കെതിരെ അശ്ലീല ആംഗ്യം കാണിച്ചുകൊണ്ടായിരുന്നു തുടക്കം. തുടര്‍ന്ന് ഡ്രസിങ് റൂമില്‍ ജയമാഘോഷിക്കുന്നതിനിടെ എംബാപ്പെയെ പരിഹസിച്ച് മൗനമാചരിച്ചതും വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
അര്‍ജന്റീനയിലേക്ക് മടങ്ങിയതിന് ശേഷവും മാര്‍ട്ടിനെസിന്റെ രോഷം അടങ്ങുന്നുണ്ടായിരുന്നില്ല. ബ്യൂണസ് അയേഴ്‌സിലെ വിക്ടറി പരേഡില്‍ എംബാപ്പെയുടെ മുഖമുള്ള കുട്ടി പാവയുമായാണ് എമി പ്രത്യക്ഷപ്പെട്ടത്. പാവയുടെ മുഖത്തിന്റെ സ്ഥാനത്ത് എംബാപ്പെയുടെ ചിത്രം ഒട്ടിച്ചുവച്ചായിരുന്നു മാര്‍ട്ടിനെസിന്റെ വിവാദ ആഘോഷം.
മാര്‍ട്ടിനെസിനെതിരെ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ മുന്‍ ഫ്രഞ്ച് താരം ആദില്‍ റാമി. അതിരുകടന്ന പ്രവര്‍ത്തികളാണ് മാര്‍ട്ടിനെസ് ചെയ്തതെന്നും ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം മൊറോക്കന്‍ ഗോള്‍ കീപ്പര്‍ യാസീന്‍ ബോണോക്ക് അര്‍ഹിക്കപ്പെട്ടതാണെന്നും റാമി പറഞ്ഞു.
‘ഈ ലോകകപ്പോടു കൂടി ഏറ്റവും കൂടുതല്‍ വെറുക്കപ്പെട്ട ആളായി മാറിയിരിക്കുകയാണ് മാര്‍ട്ടിനെസ്. ഗോള്‍ഡന്‍ ഗ്ലൗ സത്യത്തില്‍ യാസീന്‍ ബോണോക്ക് ലഭിക്കണമായിരുന്നു. അപ്പോള്‍ കാണാമായിരുന്നു മാര്‍ട്ടിനെസ് എങ്ങനെ അഹങ്കരിക്കുമായിരുന്നെന്ന്,’ റാമി വ്യക്തമാക്കി.
അതേസമയം, എമിലിയാനോ മാര്‍ട്ടിനെസിനെതിരെ ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് നോയല്‍ ലെ ഗ്രേറ്റ് പരാതി നല്‍കിയിരിക്കുകയാണ്. മാര്‍ട്ടിനെസ് എംബാപ്പെയെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് പരാതി.
ലോകകപ്പിന് ശേഷം അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ ഫ്രഞ്ച് താരങ്ങളോടും പ്രത്യേകിച്ച് കിലിയന്‍ എംബാപ്പെയോടും പെരുമാറിയ രീതി അതിരുകടന്നതാണെന്നും സംഭവത്തോടുള്ള എംബാപ്പെയുടെ സമീപനം മാതൃകാപരമാണെന്നും ലെ ഗ്രേറ്റ് പറഞ്ഞു.
സംഭവത്തില്‍ മാര്‍ട്ടിനെസിനെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അര്‍ജന്റീനയുടെ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി വിഷയത്തിലെ സ്ഥിതിഗതികളെ കുറിച്ച് സംവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Adil Rami criticizes Emiliano Martinez