Entertainment
ചുറ്റും 1000 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍; വീണ്ടും ഡയലോഗ് തെറ്റിച്ചതോടെ രാജുവേട്ടന്‍ സ്പീക്കറിലൂടെ ഒരു കാര്യം വിളിച്ചുപറഞ്ഞു: ആദില്‍ ഇബ്രാഹിം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 29, 03:58 am
Sunday, 29th December 2024, 9:28 am

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനും റേഡിയോ ജോക്കിയും ടെലിവിഷന്‍ അവതാരകനും മോഡലുമാണ് ആദില്‍ ഇബ്രാഹിം. 2014ല്‍ പുറത്തിറങ്ങിയ സഞ്ജീവ് ശിവന്റെ എന്‍ഡ്ലെസ് സമ്മര്‍ എന്ന സിനിമയിലൂടെയാണ് അദ്ദേഹം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.

2019ല്‍ പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിലും ആദില്‍ ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. റിജു എന്ന കഥാപാത്രമായാണ് ആദില്‍ സിനിമയില്‍ അഭിനയിച്ചത്. ഇപ്പോള്‍ ലൂസിഫറിന്റെ ഷൂട്ടിങ് സമയത്തെ ഒരു അനുഭവം പങ്കുവെക്കുകയാണ് നടന്‍. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആദില്‍ ഇബ്രാഹിം.

‘അദ്ദേഹം ലൂസിഫര്‍ സിനിമയുടെ സംവിധായകനാണ്. ഞാനാണെങ്കില്‍ പുതിയ നടനാണ്. ഒരു ഷൂട്ടിങ് ദിവസം സെറ്റില്‍ നില്‍ക്കുകയാണ് ഞാന്‍. ഒരു വണ്ടി വരുന്നു. ആ വണ്ടി വന്നു കഴിഞ്ഞ ഉടനെ തന്നെ ഞാന്‍ ഡയലോഗ് പറയണം. വണ്ടി ഒരു മൂന്നോ നാലോ തവണ വന്നു. പക്ഷെ എന്റെ ഡയലോഗ് മാത്രം വരുന്നില്ല.

ഞാന്‍ ആകെ സ്റ്റക്കായി നില്‍ക്കുകയാണ്. ഒന്നാമത് ചുറ്റും ആയിരത്തില്‍ അധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ നില്‍ക്കുന്നുണ്ട്. ലാലേട്ടന്റെ ആ ഇന്‍ട്രോ സീന്‍ നടക്കുന്ന ദിവസമാണ് ഈ സീന്‍ ഷൂട്ട് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ചുറ്റും ആകെ ബഹളവും കോലാഹലവുമാണ്.

അവസാനം ഞാന്‍ പിന്നെയും ഡയലോഗ് തെറ്റിച്ചു. അത് കണ്ടതും രാജുവേട്ടന്‍ ‘ആദില്‍, ഡയലോഗ് തെറ്റിക്കാതെ പറയ്’ എന്ന് വിളിച്ചു പറഞ്ഞു. അത് സപീക്കറില്‍ അവിടെ മുഴുവനും കേള്‍ക്കാം. ചുറ്റും ആയിരം ആളുകളും പിന്നെ ഞാനും,’ ആദില്‍ ഇബ്രാഹിം പറഞ്ഞു.

ലൂസിഫര്‍:

മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും ഖുറേഷി അബ്രാം എന്ന അധോലോകനായകനായും എത്തിയ ചിത്രമാണ് ലൂസിഫര്‍. 2019ലെ ഏറ്റവും വലിയ വിജയമായി ഈ സിനിമ മാറിയിരുന്നു. സിനിമാപ്രേമികള്‍ ഇപ്പോള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടിയാണ്.

Content Highlight: Adil Ibrahim Talks About Lucifer And Prithviraj Sukumaran