Entertainment
ആ ലൊക്കേഷൻ നിയന്ത്രിക്കാൻ ഒട്ടും എളുപ്പമല്ല, പൃഥ്വിരാജ് എന്ന സംവിധായകന്റെ ഫോക്കസ് എന്നെ അത്ഭുതപ്പെടുത്തി: ആദിൽ ഇബ്രാഹിം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Dec 29, 07:23 am
Friday, 29th December 2023, 12:53 pm

ടെലിവിഷൻ പരിപാടികളിലൂടെ അവതാരകനായും സിനിമകളിലൂടെയും ശ്രദ്ധ നേടിയ താരമാണ് ആദിൽ ഇബ്രാഹിം. ചുരുങ്ങിയകാലത്തിനിടയ്ക്ക് മുൻനിര നടന്മാരോടൊപ്പമെല്ലാം ആദിൽ അഭിനയിച്ചു കഴിഞ്ഞു.

പൃഥ്വിരാജ് ഒരുക്കിയ മോഹൻലാൽ ചിത്രം ലൂസിഫറിൽ ഒരു പ്രധാന വേഷത്തിൽ ആദിൽ അഭിനയിച്ചിരുന്നു.

ലൂസിഫറിന്റെ ഷൂട്ടിങ് ഓർമകൾ പങ്കുവെക്കുകയാണ് ആദിൽ. ചിത്രത്തിന്റെ സെറ്റ് വളരെ ഗ്രാൻഡ് ആയിരുന്നെന്നും ഓരോ ദിവസവും ഒരുപാട് ആളുകളെ ഹാൻഡിൽ ചെയ്യാനുള്ള സിനിമയായിരുന്നു ലൂസിഫർ എന്നും ആദിൽ പറയുന്നു. ഒരു സംവിധായകൻ എന്ന നിലയിൽ പൃഥ്വിരാജിന്റെ ഫോക്കസ് കണ്ട് തനിക്ക് അത്ഭുതം തോന്നിയെന്നും സൈന സൗത്ത് പ്ലസിനോട് താരം പറഞ്ഞു.

‘രാജു ചേട്ടന്റെ കൂടെ നയൻ എന്ന സിനിമയിൽ കുറച്ച് സീനുകൾ ഒരുമിച്ച് ചെയ്തപ്പോഴാണ് അദ്ദേഹം ലൂസിഫറിലേക്ക് വിളിച്ചത്. ഒരു ചെറിയ ക്യാരക്ടറിനാണ് പുള്ളി വിളിച്ചത്. എനിക്ക് ഒരുപാട് സന്തോഷം തോന്നി. അങ്ങനെയൊരു പടത്തിലേക്ക് വിളിച്ചത് തന്നെ ഭയങ്കര സന്തോഷമാണ്. അങ്ങനെയാണ് ലൂസിഫർ പോയി ചെയ്യുന്നത്.

അത് ഭയങ്കര ഗ്രാൻഡ് സെറ്റ് ആയിരുന്നു. നമ്മൾ എല്ലാവരെയും അവിടെ കാണും. ലാലേട്ടനെ മഞ്ജു ചേച്ചി, ടൊവിനോ പിന്നെ അതിന്റെ സംവിധായകൻ തന്നെ ഒരു സൂപ്പർ സ്റ്റാർ ആണല്ലോ. ഒരുപാട് ജൂനിയർ ആർട്ടിസ്റ്റുകൾ ഉള്ള സിനിമയായിരുന്നു ലൂസിഫർ. ഓരോ ദിവസവും അത്രയും ആളുകളെ ഹാൻഡിൽ ചെയ്തിരുന്ന സെറ്റ് ആണ്.

എനിക്കതിൽ ഏറ്റവും അത്ഭുതമായി തോന്നിയത് പൃഥ്വിരാജ് എന്ന സംവിധായകന്റെ ഒരു ഫോക്കസാണ്. അദ്ദേഹത്തിന്റെ ഫസ്റ്റ് ഫിലിം ആണ്. ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടാവും ചിലപ്പോൾ ചില സിനിമകളിൽ സംവിധാനത്തെ സപ്പോർട്ട് ചെയ്തിട്ടുണ്ടാവും.

പക്ഷെ അത്രയും വലിയൊരു സെറ്റ് നിയന്ത്രിക്കുക എന്നത് ഒട്ടും എളുപ്പമുള്ള ഒരു കാര്യമല്ല. ഭയങ്കര ഈസിയായി ആത്മവിശ്വാസത്തോടെയാണ് ആ ടീം ലൂസിഫർ എന്ന സിനിമ പൂർത്തിയാക്കിയത്. ആ ടീമിലെ എല്ലാവരും നല്ല കഴിവുള്ളവരായിരുന്നു,’ ആദിൽ പറയുന്നു.

Content Highlight: Adil Ibrahim Talk About Lucifer Movie And Prithviraj