[] റിയോ ഡി ജനീറോ: യുറഗ്വായുടെ ഫുട്‌ബോള്‍ താരം ലൂയി സുവാരസ് അഭിനയിച്ച പരസ്യങ്ങള്‍ കായിക ഉല്‍പ്പന്ന നിര്‍മ്മാതാക്കളായ അഡിഡാസ് പിന്‍വലിച്ചു. സുവാരസ് അഭിനയിച്ച ലോകകപ്പ് പരസ്യങ്ങളാണ് അഡിഡാസ് പിന്‍വലിച്ചത്. സുവാരസിനെ പങ്കെടുപ്പിച്ചു കൊണ്ടുള്ള മറ്റൊരു പരസ്യങ്ങളും 2014 ലോകകപ്പില്‍ ഉപയോഗിക്കില്ലെന്നും അഡിഡാസ് വക്താവ് അറിയിച്ചു.
ഇറ്റലിയുമായുള്ള മത്സരത്തിനിടെ ഇറ്റലി താരം ജോര്‍ജിയോ ചില്ലനിയുടെ ചുമലില്‍ കടിച്ചതിനെ തുടര്‍ന്ന് ഒന്‍പത് മത്സരങ്ങളില്‍ നിന്ന് സുവാരസിന് ഫിഫ വിലക്കേര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് സുവാരസ് അഭിനയിച്ച ലോകകപ്പ് പരസ്യങ്ങള്‍ പിന്‍വലിക്കാന്‍ അഡിഡാസ് തീരുമാനിച്ചത്.
ഫിഫയുടെ നടപടി അംഗീകരിക്കുന്നു. സുവാരസിന്റെ പ്രവര്‍ത്തിയെ ഞങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും താരങ്ങളില്‍ നിന്നും നല്ല പെരുമാറ്റമാണ് പ്രതീക്ഷിക്കുന്നതെന്നും അഡിഡാസ് വക്താവ് പറഞ്ഞു. കളിക്കളത്തിലെ പെരുമാറ്റ ദൂഷ്യത്തിന് മൂന്നാം വട്ടം നടപടി നേരിടുന്ന സ്വാരസുമായി കൂടുതല്‍ കരാറുകളില്‍ ഏര്‍പ്പെടുന്ന കാര്യത്തില്‍ അഡിഡാസ് ചര്‍ച്ച നടത്തും.
സുവാരസിന്റെ സ്വകാര്യ സ്‌പോണ്‍സര്‍ കൂടിയാണ് അഡിഡാസ്. ലോകകപ്പിന് ശേഷം മറ്റ് കാരാറുകളെ സംബന്ധിച്ച തീരുമാനമെടുക്കുമെന്നാണ് സൂചന. ചൊവ്വാഴ്ച നടന്ന ഇറ്റലി-യുറോഗ്വായ് മത്സരത്തിനിടെയായിരുന്നു സുവാരസ് ഇറ്റാലി താരം ചില്ലനിയുടെ പുറത്ത് കടിച്ചത്. കളിയുടെ രണ്ടാം പകുതിയിലായിരുന്നു സംഭവം. വിലക്കിന് പുറമെ 67 ലക്ഷം രൂപയും സുവാരസില്‍ നിന്ന് ഫിഫയുടെ അച്ചടക്ക സമിതി ഈടാക്കി.