| Thursday, 22nd June 2023, 9:39 am

മെസിയുടെ ഇന്റര്‍ മിയാമിയിലെ ജേഴ്‌സിക്കായി ആരാധകരുടെ കുത്തൊഴുക്ക്; സ്റ്റാഫുകളെ വര്‍ധിപ്പിച്ച് അഡിഡാസ്; ജോലി സമയം 24 മണിക്കൂറാക്കി

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മിയാമിയുമായി സൈന്‍ ചെയ്യാന്‍ ഒരുങ്ങുകയാണ്. മെസി പുതിയ ക്ലബ്ബിലേക്ക് ചേക്കേറാനൊരുങ്ങുന്ന വിവരം പുറത്തുവിട്ടതോടെ താരത്തിന്റെ പേരെഴുതിയ ജേഴ്‌സിക്കായി ആരാധകരുടെ പ്രവാഹമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ഇതുവരെ ചെയ്തുവെച്ച ഇന്റര്‍ മിയാമിയുടെ ജേഴ്‌സികളുടെ സ്റ്റോക്ക് തീര്‍ന്നുവെന്നും കൂടുതല്‍ ആവശ്യക്കാര്‍ എത്തിയതോടെ അഡിഡാസ് തങ്ങളുടെ സ്റ്റാഫുകളുടെ എണ്ണം വര്‍ധിപ്പിച്ചുവെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മെസിയുടെ പേരിലുള്ള ജേഴ്‌സി ചെയ്യുന്നതിനായി തങ്ങള്‍ക്ക് 24 മണിക്കൂര്‍ ജോലി ചെയ്യേണ്ടതായി വന്നുവെന്നും കഴിഞ്ഞ ഒരു മാസത്തിനിടെ വലിയ വിപണിയാണ് താരത്തിന്റെ ജേഴ്‌സിയില്‍ മാത്രം ഉണ്ടായതെന്നും അഡിഡാസിലെ സ്റ്റാഫുകള്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, മെസിയും ഇന്റര്‍ മിയാമിയുമായുള്ള ഡീലിന്റെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 150 ദശലക്ഷം രൂപ (1230 കോടി രൂപ) മൂല്യമുള്ളതാണ് കരാര്‍ എന്ന് യു.എസ്. ഡിജിറ്റല്‍ മാധ്യമമായ സ്പോര്‍ട്ടിക്കോ റിപ്പോര്‍ട്ട് ചെയ്തു.

താരത്തിന്റെ ശമ്പളം, ബോണസ്, ക്ലബ്ബില്‍ മെസിക്ക് ലഭിക്കുന്ന ഓഹരി പങ്കാളിത്തം എന്നിവയെല്ലാം കൂടിച്ചേരുന്നതാണ് ഈ തുക. രണ്ട് വര്‍ഷത്തെ കരാറില്‍ 2025 വരെയാണ് മെസി ഇന്റര്‍ മിയാമിയില്‍ തുടരുക. ഇരുകൂട്ടര്‍ക്കും സമ്മതമെങ്കില്‍ ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടാനും സാധിക്കും.

ആഡംബര കമ്പനികളായ ആപ്പിള്‍, അഡിഡാസ്, ഫനാറ്റിക്സ് എന്നിവയുടെ ലാഭവിഹിതം ഇതിനുപുറമെയാണ്. അഡിഡാസുമായി ആജീവാനന്ത കരാറിലുള്ള മെസിക്ക് അധിക വരുമാനം ഇതുവഴിയാണ് ലഭിക്കുക.

ജൂലൈയില്‍ മെസി ഇന്റര്‍ മിയാമിയിലെ തന്റെ അരങ്ങേറ്റ മത്സരം കളിക്കുമെന്ന് ക്ലബ്ബ് അറിയിച്ചു.

Content Highlights: Adidas had to double their staff in the manufacturing of Messi’s Jersey

We use cookies to give you the best possible experience. Learn more