| Saturday, 20th July 2024, 11:13 am

ഇസ്രഈല്‍ വിമര്‍ശനം; ഫലസ്തീന്‍ മോഡലിനെ പരസ്യത്തില്‍ നിന്ന് ഒഴിവാക്കി അഡിഡാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെര്‍ലിന്‍: ഫലസ്തീന്‍ മോഡല്‍ ബെല്ല ഹദീദിനെ കമ്പനിയുടെ പരസ്യത്തില്‍ നിന്ന് ഒഴിവാക്കി അഡിഡാസ്. റെട്രോ SL72 ഷൂസിന്റെ പരസ്യത്തില്‍ നിന്നാണ് ബെല്ലയെ ഒഴിവാക്കിയത്. പ്രചരണത്തിനായി ബെല്ല ഹദീദിനെ അഡിഡാസ് തെരഞ്ഞെടുത്തതില്‍ ജര്‍മനിയിലെ ഇസ്രഈല്‍ എംബസി വിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെയാണ് തീരുമാനം.

1972ലെ മ്യൂനിക്ക് ഒളിമ്പിക്‌സിനിടയില്‍ പതിനൊന്ന് ഇസ്രഈലി അത് ലറ്റുകളെ ഫലസ്തീന്‍ ബ്ലാക്ക് സെപ്റ്റംബര്‍ ഗ്രൂപ്പ് ബന്ദിയാക്കിയിരുന്നു. ഈ സംഭവത്തെ ആസ്പദമാക്കി അഡിഡാസ് ഡിസൈന്‍ ചെയ്ത ഷൂ ആണ് റെട്രോ SL72. ഇക്കാരണത്താലാണ് ബെല്ല ഹദീദിനെ പരസ്യത്തില്‍ നിന്ന് ഒഴിവാക്കാന്‍ അഡിഡാസ് തീരുമാനിച്ചത്.

സെപ്റ്റംബര്‍ ഗ്രൂപ്പിന്റെ ആക്രമണത്തില്‍, അഞ്ച് ഫലസ്തീന്‍ ബ്ലാക്ക് അംഗങ്ങളും 11 ഇസ്രഈലികളും ഒരു ജര്‍മന്‍ പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. പ്രസ്തുത സംഭവത്തെ അനുസൃതമാക്കി ഒരുക്കുന്ന ക്യാമ്പയിന് ഉടനെ തുടക്കം കുറിക്കുമെന്ന് ജര്‍മന്‍ സ്പോര്‍ട്സ് ബ്രാന്‍ഡ് കൂടിയായ അഡിഡാസ് വ്യക്തമാക്കി.

‘ചരിത്ര സംഭവങ്ങളോടും ആളുകളോടും ബന്ധം സ്ഥാപിച്ചതിലെ പിഴവുകള്‍ മനസിലാക്കുന്നു. അറിഞ്ഞുകൊണ്ട് ചെയ്തതല്ല. ഞങ്ങളുടെ തീരുമാനം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു,’ എന്ന് പരസ്യത്തില്‍ നിന്ന് ഒഴിവാക്കിയ ശേഷം അഡിഡാസ് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോട് പ്രതികരിച്ചു.

അതേസമയം ബെല്ലയുടെ പിതാവായ ഹദീദ് ഫലസ്തീന്‍ പൗരനാണ്. നിരന്തരം ഫലസ്തീനികള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളില്‍ ഇസ്രഈലിനെയും സര്‍ക്കാരിനെയും വിമര്‍ശിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം.

2023 ഒക്ടോബര്‍ 23ന് ഗസയിലെ ഫലസ്തീനികളുടെ ദുരിതത്തെ ചൂണ്ടിക്കാട്ടി ബെല്ല ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഗസയിലെ സാധാരണക്കാരുടെ ജീവന്‍ നിലനിര്‍ത്താന്‍ അധികാരികളില്‍ സമ്മര്‍ദം ചെലുത്തണമെന്നായിരുന്നു ബെല്ലയുടെ പോസ്റ്റ്. എന്നാല്‍ പോസ്റ്റിന് പിന്നാലെ ഇസ്രഈലിന്റെ രൂക്ഷ വിമര്‍ശനത്തിനാണ് ബെല്ല ഹദീദ് ഇരയായത്.

2020ല്‍, സോഷ്യല്‍ മീഡിയയില്‍ ബെല്ല പങ്കുവെച്ച ഹദീദിന്റെ പാസ്പോട്ടിന്റെ ഫോട്ടോ ഇന്‍സ്റ്റഗ്രാം നീക്കം ചെയ്തിരുന്നു. ഫലസ്തീനില്‍ ലിസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിലുള്ള പാസ്പോട്ടായിരുന്നു ഹദീദിന്റേത്. എന്നാല്‍ ഇന്‍സ്റ്റഗ്രാമിന്റെ നീക്കത്തില്‍ വിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം ബെല്ല ഹദീദിയോട് മാപ്പ് അപേക്ഷിക്കാനും നിര്‍ബന്ധിതരായിരുന്നു.

Content Highlight: Adidas dropped Palestinian model Bella Hadid from the company’s advertisement

We use cookies to give you the best possible experience. Learn more