അധീര്‍ രഞ്ജന്‍ ചൗധരിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കും
national news
അധീര്‍ രഞ്ജന്‍ ചൗധരിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th August 2023, 3:31 pm

ന്യൂദല്‍ഹി: ലോക്‌സഭയിലെ കോണ്‍ഗ്രസ് സഭാകക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കും. പ്രിവിലേജ് കമ്മിറ്റിക്ക് മുന്‍പാകെ ചൗധരി ഹാജരായതിനെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ശിപാര്‍ശ ചെയ്യുന്ന പ്രമേയം കമ്മിറ്റി അംഗീകരിച്ചു. പ്രമേയം ഉടന്‍ തന്നെ ലോക്‌സഭാ സ്പീക്കര്‍ക്ക് അയക്കും.

മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ അച്ചടക്ക ലംഘനം നടത്തിയെന്നാരോപിച്ചായിരുന്നു അധീര്‍ രഞ്ജന്‍ ചൗധരിയെ സസ്‌പെന്‍ഡ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നീരവ് മോദിയുമായും ധൃതരാഷ്ട്രരുമായും താരതമ്യപ്പെടുത്തി ചൗധരി സംസാരിച്ചിരുന്നു. ആരെയും വേദനിപ്പിക്കാന്‍ തനിക്ക് ഉദ്ദേശമുണ്ടായിരുന്നില്ലെന്നും തന്റെ വാദങ്ങള്‍ ശക്തമായി അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തതെന്നുമാണ് പ്രിവിലേജ് കമ്മിറ്റിക്ക് മുന്‍പാകെ അധീര്‍ രഞ്ജന്‍ ചൗധരി അറിയിച്ചത്.

ചര്‍ച്ചക്കിടെ പ്രധാനമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ പാര്‍ലമെന്ററികാര്യ മന്ത്രി ചൗധരിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചൗധരി മാപ്പ് പറയാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് പ്രമേയം കൊണ്ടുവന്ന് ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു.

മണിപ്പൂരിലെ കലാപത്തെ ഒരു സംസ്ഥാനത്തിലെ അക്രമവുമായും താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്ന് പറഞ്ഞ ചൗധരി രാജാവ് അന്ധനാണെന്ന് വിമര്‍ശിച്ചിരുന്നു. ഹസ്തിനപുരത്ത് ദ്രൗപതി വിവസ്ത്രയാക്കപ്പെട്ടപ്പോള്‍ ധൃതരാഷ്ട്രര്‍ അന്ധനായിരുന്ന പോലെ ഇന്നും രാജാവ് അന്ധനാണെന്നായിരുന്നു അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞത്. തുടര്‍ന്ന് സഭയില്‍ ഭരണപക്ഷം ബഹളം വെച്ചപ്പോള്‍ താന്‍ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നും ഹസ്തിനപുരം ആണെങ്കിലും മണിപ്പൂര്‍ ആണെങ്കിലും വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മണ്‍സൂണ്‍ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു അധീര്‍ രഞ്ജന്‍ ചൗധരിയെ സസ്‌പെന്‍ഡ് ചെയ്തത്. പ്രവിലേജ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വരുന്നത് വരെയായിരുന്നു സസ്‌പെന്‍ഷന്‍. ചൗധരിയുടെ സസ്‌പെന്‍ഷന്‍ ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു.

Content Highlights: Adhir Ranjan’s suspension from Lok Sabha revoked