തൃണമൂലുമായി കോണ്‍ഗ്രസ് സഖ്യത്തിലാവുമോ? അധിര്‍ രഞ്ജന്‍ ചൗധരിയുടെ പ്രസ്താവന ചര്‍ച്ചയാകുന്നു
Opposition Unity
തൃണമൂലുമായി കോണ്‍ഗ്രസ് സഖ്യത്തിലാവുമോ? അധിര്‍ രഞ്ജന്‍ ചൗധരിയുടെ പ്രസ്താവന ചര്‍ച്ചയാകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th June 2021, 6:04 pm

പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജി നേടിയ ജയം ഏറെ ശ്രദ്ധ നേടിയ ഒന്നാണ്. സര്‍വ്വസന്നാഹങ്ങളുമുപയോഗിച്ച് ബി.ജെ.പി. ബംഗാള്‍ പിടിക്കാന്‍ നടത്തിയ ശ്രമത്തെ നേര്‍ക്കുനേര്‍ നിന്ന് ചെറുത്തുനില്‍ക്കുന്നു എന്ന പ്രതീതി സൃഷ്ടിച്ചാണ് മമത തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ ജയത്തോടെ തുടര്‍ഭരണം ഉറപ്പാക്കിയത്.

ഒരുവശത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങി ബി.ജെ.പിയിലേയും കേന്ദ്രസര്‍ക്കാരിലെയും വലിയ നേതാക്കളെല്ലാം, മറ്റൊരിടത്ത് സ്വന്തം പാര്‍ട്ടിയില്‍ നിന്നും കൂടുവിട്ട് നിഴലായി നിന്ന നേതാക്കള്‍…

എന്നിട്ടും അക്ഷോഭ്യയായി, ഒരുവേള പ്ലാസ്റ്ററിട്ട കാലുമായി പ്രചരണം നയിച്ച് ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ മമതയ്ക്കായി. തൃണമൂല്‍ നേതാക്കളെ ചാക്കിട്ട് പിടിച്ച് ബി.ജെ.പി. സ്ഥിരം അടവ് പയറ്റിയപ്പോള്‍, മമത സ്വന്തം മണ്ഡലത്തില്‍ നിന്ന് മാറി നന്ദിഗ്രാമില്‍ മത്സരിച്ചു.

തോറ്റെങ്കിലും മമതയുടെ ഈ നീക്കം പാര്‍ട്ടിയുടെ മൊത്തം പ്രകടനത്തിന് വലിയ ഊര്‍ജമായെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നത്. തെരഞ്ഞെടുപ്പ് വിജയത്തോടെ മമത ദേശീയ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവാകുകയാണ്.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തോടെ വിശാല പ്രതിപക്ഷ ഐക്യത്തിനുള്ള ചര്‍ച്ചകള്‍ ഒരുവശത്ത് ആരംഭിച്ചുകഴിഞ്ഞു. യു.പി.എയെ നയിക്കുന്ന കോണ്‍ഗ്രസ് സംഘടനാ ദൗര്‍ബല്യങ്ങളാല്‍ വലയുമ്പോള്‍ പ്രതിപക്ഷ സഖ്യത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമോ എന്ന ചോദ്യവും അവശേഷിക്കുന്നു.

പ്രശാന്ത് കിഷോര്‍-ശരദ് പവാര്‍ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നിരവധി മാനങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍ ഉരുത്തിരിയുമ്പോള്‍ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിയുടെ പ്രസ്താവന പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയാണ്. ബംഗാളില്‍ ബി.ജെ.പിയുമായി നേരിട്ട് പോരാടുന്ന നേതാവ് എന്ന പ്രതീതി സൃഷ്ടിക്കാന്‍ മമതയ്ക്കായി എന്നാണ് അധിര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദിയെ നേരിടാന്‍ ദീദിയ്ക്കാവുമെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നെന്നും അധിര്‍ കൂട്ടിച്ചേര്‍ത്തു. ഇതോടെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ നടത്താന്‍ കോണ്‍ഗ്രസ് തയ്യാറായേക്കുമെന്നാണ് സൂചന.

നന്ദിഗ്രാമിലെ തോല്‍വിയ്ക്ക് പിന്നാലെ ഭബാനിപൂരില്‍ ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് മമത. എന്നാല്‍ ഭബാനിപൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതെന്ന് ആവശ്യപ്പെട്ട് അധിര്‍ ജൂണ്‍ നാലിന് സോണിയാ ഗാന്ധിയ്ക്ക് കത്തയച്ചിരുന്നു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം അധിറിന്റെ പ്രസ്താവനയെ തൃണമൂല്‍ കോണ്‍ഗ്രസ് സ്വാഗതം ചെയ്തിട്ടുണ്ട്. പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കേണ്ട അവസരമാണിതെന്നും അത് മമത നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണെന്നും തൃണമൂല്‍ എം.പി. സുകേന്തു ശേഖര്‍ റോയ് പറയുന്നു.

2019 ലോകസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് മഹാസഖ്യത്തിനായി മമത ശ്രമിച്ചിരുന്നു. കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് മൈതാനിയില്‍ 20 ഓളം ദേശീയ നേതാക്കളെ ഉള്‍പ്പെടുത്തി മമത റാലി നടത്തിയിരുന്നു.

മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ചന്ദ്രബാബു നായിഡു, മുന്‍ കേന്ദ്രമന്ത്രിമാരായ അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ, ശത്രുഘ്‌നന്‍ സിന്‍ഹ, കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, യു.പി. മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് എന്നിവര്‍ മെഗാറാലിയില്‍ പങ്കെടുത്തിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്കടക്കം ബി.ജെ.പി. ഇതര പാര്‍ട്ടി നേതാക്കള്‍ക്കെല്ലാം പ്രതിപക്ഷ ഐക്യം ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് മത്സരിച്ചത്.

Content Highlight: Adhir Ranjan Hinting at a TMC-Congress Alliance for 2024 Lok Sabha Polls